28/05/2015
രാവിലെ അഞ്ചു മണിക്ക് തന്നെ എഴുന്നെറ്റു . ദിന കൃത്യങ്ങൾ കഴിച്ചു. കുളിച്ചു. ഓട്ടോ വിളിച്ചു. ബസിനു പോയാൽ ട്രെയിൻ കിട്ടില്ല. അങ്ങനെ എട്ടു കിലൊമീറ്റർ ദൂരം നൂറ്റൻപത് രൂപ കൊടുത്തു യാത്ര ചെയ്യേണ്ടി വന്നു. ഇനി നൂറ്റിരുപത് കിലോ മീറ്റർ ദൂരം എഴുപത്തഞ്ചു രൂപ കൊടുത്തു യാത്ര ചെയ്യാം . ബസിൽ തൊണ്ണൂറു രൂപയാകും. ബസ്സിൽ കുത്തിയിരുന്നു കുലുങ്ങി കുലുങ്ങിയുള്ള യാത്ര. നാലു മണിക്കൂറെടുക്കും. ട്രെയിനിൽ രണ്ടര മണിക്കൂർ യാത്ര. വേണേൽ കിടന്നും യാത്ര ചെയ്യാം. ഒന്നുറങ്ങുകയുമാവാം.

ഒൻപത് മണിയോടെ ശ്രീമൂലം ക്ലബിൽ എത്തി. പത്തനാപുരത്തുള്ള ശ്രീമതി ലാജിയുടെ മകന്റെ വിവാഹമാണ്. വരൻ ദെന്റിസ്റ്റ് ആണ്. വായിൽ നോട്ടക്കാരൻ . പല്ലുകളുടെ മേൽനോട്ടക്കാരൻ. പല്ലുകൾ നേരെയാക്കൽ , പല്ലുകളിലെ പോടുകൾ അടയ്കൽ , പല്ലുകൾ പിഴുതെടുക്കൽ , കൃത്രിമ പല്ലുകൾ വെയ്കൽ , എന്നിവയാണ് അയാളുടെ പണി. അയാളുടെ പിതാവ് ഗൾഫിൽ ആയിരുന്നു. ധാരാളം സമ്പാദിച്ചിട്ടുണ്ട് .

ഞങ്ങളുടേത് ഒരു മണ്ടന്മാരുടെ തലമുറയായിരുന്നു. ഞങ്ങളൊക്കെ പാടുപെട്ടു പഠിച്ചു പരീക്ഷകൾ പാസ്സായി ഇവിടെത്തന്നെ ജോലി നേടി. അവസാനം വരെ ഒന്നര നേരം ആഹാരം കഴിച്ചു അലക്കി തേച്ച വസ്ത്രങ്ങൾ ധരിച്ചു മാന്യന്മാരായി നടന്നു. മിടുക്കന്മാർ പഠിക്കാൻ മിനക്കെട്ടില്ല. അവരതുകൊണ്ട് ഗൾഫിൽ പോയി. ഇവിടെ ഞങ്ങൾ ഒരു വർഷം കൊണ്ട് നേടിയത് , അവിടെ അവർ ഒരു മാസം കൊണ്ട് നേടി തിരിച്ചു വന്ന് നാലുനേരം ആഹാരം കഴിച്ചു, നാട്ടിൽ മാന്യന്മാരായി , സംഭാവനകൾ കൊടുക്കാൻ തയ്യാറായി വെളുക്കെ ചിരിച്ചു നടന്നു.

ലാജിയുടെ അമ്മ പൊന്നമ്മ സാറും , അച്ഛൻ കുമാരൻ സാറും. കുടുംബ ചരിത്രം ഇനിയൊരിക്കൽ പറയാം.

“ദൈവമെ കാത്തു കൊൾകങ്ങ് കൈവിടാതിങ്ങു ഞങ്ങളെ …. “പ്രാർഥനാ ഗാനമുയർന്നു . വേദിയുടെ ഒരു വശത്ത് ശ്രീ നാരായണ ഗുരുവിന്റെ ഫോട്ടോ വെച്ചിരിക്കുന്നു. വരൻ വധുവിന്റെ കഴുത്തിൽ താലി കെട്ടുന്നു. പരസ്പരം മാല്യങ്ങൾ അണിയിക്കുന്നു. വരൻ വധുവിന്റെ കൈപിടിച്ച് മണ്ഡപത്തിനു വലം വെയ്ക്കുന്നു. വിവാഹ ചടങ്ങ് കഴിഞ്ഞു. ഇനി ഫോട്ടോയെടുപ്പ് മേളയാണ് . വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ചാഞ്ഞും ചെരിഞ്ഞും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നു.

ആളുകൾ വിവാഹ ഹാളിൽ നിന്നിറങ്ങി ഊണ് നല്കുന്ന ഹാളിലേക്ക് തിക്കി തിരക്കി എത്തി. ആദ്യം ചോറും പരിപ്പും. പിന്നീട് ചോറും സാമ്പാറും. അത് കഴിഞ്ഞ് അട പ്രഥമൻ , പിന്നാലെ ചക്ക പ്പായസം, അത് കഴിഞ്ഞു ബോളിയും അരിപ്പായസവും , വന്നുവല്ലോ, പുളിശ്ശേരി, പിന്നാലെ പച്ച മോരും. ഇനി കൈ കഴുകാനുള്ള തിരക്കാണ്.

എല്ലാം കഴിഞ്ഞിറങ്ങിയപ്പോൾ മണി രണ്ടരയായി. ഓട്ടോയിൽ റെയിൽ വെ സ്റ്റെഷനിലെക്ക് . തിരികെ എത്തിയപ്പോൾ മണി അഞ്ച് . ബസിൽ സ്വന്തം ഭവനത്തിലെക്ക്.

എന്റെ ഒരു ദിവസം .