ജൂണ്‍ 10 ബുധൻ

ചില കാഴ്ചകൾ അങ്ങനെയാണ് , അത് മനസ്സില് നിന്ന് മായുകയെ ഇല്ല. മറക്കാൻ എത്ര തന്നെ ശ്രമിച്ചാലും മനസ്സിൽ ഒരു മുറിപ്പാട് ശേഷിപ്പിക്കും. വളരെക്കാലത്തിനു ശേഷമാണ് ഇന്ന് കനകക്കുന്നിൽ പോയത്, സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സംസാരിച്ചിരിക്കുന്നതിനിടയിൽ ഒരു നായയുടെ ദയനീയമായ കരച്ചിൽ കേട്ടു, നോക്കിയപ്പോൾ കണ്ട കാഴ്ച ശരിക്കും മനസ്സ് വേദനിപ്പിക്കുന്നതായിരുന്നു, ഒരു നായയുടെ കാൽ ഒരു കാറിനു അടിയിൽ കുടുങ്ങിയിരിക്കുന്നു. മരണവെപ്രാളത്തോടെ പിടയുന്ന തങ്ങളുടെ സഹജീവിയുടെ ചുറ്റിനും കൂടി നിൽക്കുകയാണ് മറ്റു നായകൾ, വണ്ടി പിറകിലേക്ക് എടുക്കാൻ ആരോ വിളിച്ചു പറഞ്ഞു, ഡ്രൈവർ അങ്ങനെ ചെയ്തു, അതിനു മുകളിലൂടെ കയറി വണ്ടി പിറകിലേക്ക് മാറി, പിന്നീടുള്ള കാഴ്ച വിവരിക്കാൻ എന്റെ ഭാഷ മതിയാകുമെന്ന് തോന്നുന്നില്ല. മരണ വേദനകൊണ്ട് വട്ടം കറങ്ങുകയാണ് ആ പാവം, മറ്റു നായകൾ ചുറ്റിനും കൂടി നില്ക്കുകയാണ് ,അതിന്റെ ഒരു കാൽ ഒടിഞ്ഞു തൂങ്ങി മറുവശത്തേക്ക് തള്ളി നിൽക്കുന്നു , അത് കാരണം പരുക്കിലാത്ത കാലു കൂടി നിലത്തു കുത്താൻ കഴിയാതെ നിരങ്ങി നീങ്ങുകയാണ് അവൻ. അല്പനേരത്തെ ബഹളം , സഹതാപം പിന്നീട് എല്ലാം പഴയപടിയായി, എല്ലാവരും അവരവരുടെ കാര്യങ്ങളിലേക്ക് തിരികെ പോയി.

പരുക്കേറ്റ നായ നിലവിളിച്ചുകൊണ്ട് നിരങ്ങി ഒരുവശത്തേക്ക്‌ മാറിയിരുന്നു, മറ്റു നായകളും അടുത്ത് നിന്നും മാറിക്കഴിഞ്ഞിരുന്നു , അപ്പോഴും ഒരു നായ അതിനടുത് നിൽപ്പുണ്ടായിരുന്നു , അത് അവനെ നക്കിത്തുടയ്ക്കുന്നുണ്ട്, ചിലപ്പോൾ നമ്മൾ മനുഷ്യർക്ക്‌ മനസ്സിലാകാത്ത, അല്ലെങ്കിൽ നമ്മൾ പ്രകടിപ്പിക്കാൻ മടിക്കുന്ന എന്തോ ഒരു ആത്മബന്ധം അവർ തമ്മിലുണ്ടാകണം.

ഇത്രയും എഴുതിയത് , ആ സാഹചര്യം ഇത് വായിക്കുന്നവര്ക്ക് മനസ്സിലാകാൻ വേണ്ടി മാത്രമാണ്, ഇനി സംഭവിച്ചതാണ് ഒരു മനുഷ്യൻ എന്നാ നിലയിൽ എനിക്ക് ലോകത്തോട്‌ പറയാനുള്ളത്, എല്ലാവരും തിരികെ പോയിക്കഴിഞ്ഞിരുന്നു എന്ന് പറഞ്ഞല്ലോ , ഞാൻ അതിനടുത്തേക്ക് ചെന്നു, കാലിനേറ്റ പരിക്കു മാത്രമേ പ്രത്യക്ഷത്തിൽ കാണാനുള്ളൂ, അപ്പോഴും അത് വേദനകൊണ്ട് നിലവിളിക്കുകയാണ്. ഞാൻ അതിനടുത് ചെല്ലുന്നതിനു മുൻപ് തന്നെ കുറച്ചു കുട്ടികൾ , ഏതാണ്ട് ഇരുപതു വയസ്സിനകത്ത്‌ പ്രായമേ ഉള്ളു അവർക്ക് , സ്ഥിരമായി കനകക്കുന്നിൽ Contemporary Dance പരിശീലനം നടത്തുന്ന കുട്ടികളാണ്, അവരും അതിനടുത്തേക്ക് വന്നു, ഞാൻ ചോദിച്ചു ഇവിടെ അടുത്ത് ആശുപത്രിയുണ്ടോ ? നമുക്ക് ഇതിനെ കൊണ്ടുപോകാം, ഞങൾ വീണ്ടും ഉപദ്രവിക്കും എന്ന് പേടിച്ചാകണം ആ പാവം വീണ്ടും നിരങ്ങി റോഡിനു വശത്തേക്ക് വന്നു, അപ്പോഴേക്കും ഇടിച്ച വണ്ടി തിരികെ വരുന്നത് കണ്ടു, രണ്ടു ചെറുപ്പക്കാരായിരുന്നു അതിൽ, ആ കുട്ടികൾ വണ്ടി തടഞ്ഞു നിർത്തി അവരോടു കാര്യം കാര്യം പറഞ്ഞു, ഇതിനെ ആശുപത്രിയിൽ എത്തിക്കണം. ഒരു തര്ക്കതിനും മുതിരാതെ അവർ സമ്മതിക്കുകയും ചെയ്തു. അവർ തന്നെ അതിനെ കോരിയെടുത്തു വണ്ടിയിൽ വച്ചു, നാഴികയ്ക്ക് നാല്പതു വട്ടം പുതു തലമുറയെ കുറ്റം പറയാൻ ഉത്സാഹിക്കുന്ന നമ്മുടെ മുതിര്ന്ന പൌരന്മാർ ” നിങ്ങൾ നിങ്ങളുടെ പണി നോക്ക് , അത് അവിടെ കിടന്നോളും ” എന്ന് പറഞ്ഞു തങ്ങളുടെ മാതൃക കാട്ടി.

ഈ കാലത്ത് ഒരു മനുഷ്യന് കിട്ടാത്ത അത്ര കരുതലാണ് ആ സുഹൃത്തുക്കൾ തങ്ങളുടെ സഹജീവിക്കു കൊടുത്തത്, ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി, മനുഷ്യത്വം എന്നത് പഴയ തലമുറയുടെ മാത്രം കുത്തക അല്ല എന്നും അവർ കാട്ടിക്കൊടുത്തു.കൂടെ പോകാൻ കഴിഞ്ഞില്ല എന്ന ഒറ്റ കാര്യം കൊണ്ട് തന്നെ എന്റെ മനസാക്ഷിയുടെ മുന്നിൽ ഞാൻ ഒരുപാട് ചെറുതായിപ്പോയി. ആ മിണ്ടാപ്രാണി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, എന്റെ ആ നല്ല സുഹൃത്തുക്കൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ.

അവരും ഈ ഭൂമിയുടെ അവകാശികളാണ് , നമ്മുടെ സുഖത്തിനുവേണ്ടി അവർ ഒരുപാട് സഹിക്കുന്നുണ്ട് , കൊല്ലരുത് , പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ.