ചതുപ്പിനു മീതെ വന്നു വീഴുന്ന വെയില്‍ നാമ്പുകള്‍ക്കു ചൂട്‌ കൂടി വരികയായിരുന്നു. മരങ്ങള്‍ക്കിടയിലൂടെ വീശിയ കാറ്റിലൂടെ പകല്‍ കിളികള്‍ പാറിപ്പറന്നു കൊണ്ടിരുന്നു. തെളിമയാര്‍ന്ന ആകാശത്തിലൂടെ രൂപം മാറുന്ന മേഘങ്ങള്‍ നീന്തിനടന്നു. എല്ലാം പതിവ് കാഴ്ചകള്‍. ചതുപ്പിന്റെ ഒരു ഭാഗത്തായി കണ്ട തുരുത്തിലെ തെങ്ങിന്‍ തലപ്പുകളില്‍ തൂക്കന്നാം കുരുവികള്‍ കൂട് കൂട്ടുന്നുണ്ടായിരുന്നു. വീട്ടു ജോലികള്‍ പൂര്‍ത്തിയായി പൂമുഘത്തെ ചിത്രത്തൂണില്‍ ചാരി വെറുതേ ആകാശം നോക്കിയിരിക്കുന്ന പതിവ് എനിക്ക് നേരത്തേ മുതല്‍ ഉണ്ടായിരുന്നു. മഴക്കാലമായാല്‍ താഴ്വരകളെ മൂടിപൊതിഞ്ഞു പെയ്തിറങ്ങുന്ന മഴയുടെ ഇരമ്പല്‍ വയലുകള്‍ക്ക് അപ്പുറത്തുനിന്നും വ്യക്തമായി കേള്‍ക്കാമായിരുന്നു. എനിക്ക് മീതെ നീലമേലാപ്പ് നിവര്‍ത്തി നിന്ന ആകാശകാഴ്ചയിലേക്ക് നോക്കി ചിരിക്കുന്നതിനിടയില്‍ ഞാനൊന്നു മയങ്ങി. അപ്പോഴാണ് ഭീതിതമായ ഒരു ഇരമ്പല്‍ കേട്ടത്. എവിടെ നിന്നാണ് ആ ശബ്ദം കേട്ടതെന്നറിയന്‍ ചുറ്റും പകച്ചു നോക്കുന്നതിനിടയില്‍ ഒരു നടുക്കത്തോടെ ഞാന്‍ ആ കാഴ്ച്ച കണ്ടു.
എല്ലായ്പ്പോഴും വിദൂരമായ ആകാശത്തിലൂടെ നേര്‍ത്ത ഇരമ്പലോടൊപ്പം ഒരു പൊട്ടുപോലെ കാണപ്പെട്ടിരുന്ന വിമാനം തൊട്ടു മുന്നിലെ ചതുപ്പിലേക്ക് താഴ്ന്നിരുന്നു. ഒന്നു തെന്നിയുലഞ്ഞു വയലിനതിരിലെ മരങ്ങളുടെ പച്ചപ്പിനെ ഉലച്ചു അതു വല്ലാത്തൊരു മുരള്‍ച്ചയോടെ ചതുപ്പിലേക്ക് മുഖം കുത്തി വീഴാന്‍ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ. ആകാശത്തു നിന്നുംവെളുത്ത പടുകൂറ്റന്‍ ചിറകുകള്‍ വിടര്‍ത്തി, ഒരു പക്ഷി ഭൂമിയിലേക്ക്‌ പറന്നിറങ്ങുന്ന പോലൊരു തോന്നലാണ് അപ്പോഴെനിക്കുണ്ടായത്. മുന്നില്‍ കണ്ടതു സ്വപ്നമോ, സത്യമോ എന്നുപ്പോലും നിശ്ചയിക്കാനാവാത്ത നിമിഷങ്ങള്‍ …….
മുഴക്കം കേട്ട് ചുറ്റുവട്ടത്തു നിന്നു കുതിച്ചെത്തിയ നാട്ടുകാര്‍ വിസ്മയത്തോടെ ആ കാഴ്ച്ച കണ്ടു നിന്നു. വയലിനോടു ചേര്‍ന്ന ടാറിട്ട റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണാമായിരുന്നു. വിവരമറിഞ്ഞ് വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ വാഹനങ്ങളിലെത്തി. വെള്ളൂര്‍ പത്രക്കടലാസുശാലയോട് ചേര്‍ന്നുള്ള ചതുപ്പിനുനടുവിലാണ് സുരക്ഷിതമായി വിമാനം വീണത്‌. കൊച്ചിയില്‍ നിന്നും നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തിയ ഹെലികോപ്റ്ററുകള്‍ സമയോചിതമായി രക്ഷ പ്രവര്‍ത്തനത്തിലേര്‍പെട്ടു. മൂന്ന് നാലു വിദേശികള്‍ ഉള്‍പെട്ട സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. പാമ്പുകളും മറ്റു ക്ഷുദ്രജീവികളുമൊക്കെയുള്ള ചതുപ്പിലേക്ക് ആത്മധൈര്യമുള്ള നാട്ടുകാരില്‍ ചിലരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ആര്‍ക്കും അപകടമൊന്നുമുണ്ടാക്കാതെയും ഒരു ദുരന്തമായി മാറാതെയും ആ വിമാനം ചതുപ്പില്‍ മുഖം കുത്തിക്കിടന്നത്. ഒരു പടുക്കൂറ്റന്‍ പക്ഷിയെപ്പോലെ വന്നു വീണ ആ വിമാനത്തിന്റെ സമീപദൃശ്യം ഇപ്പോഴും മനസ്സില്‍ നിന്നു മായാതെ നില്‍ക്കുന്നു.