സന്ദേശം

From DKP KCHR ML Wiki
Jump to: navigation, search
Dr.P J Cherian

"വെള്ളത്തിൽ മീൻ എന്നതുപോലെയാണ് നാം ഭൂതകാലത്തിൽ നീന്തിത്തുടിക്കുന്നത്. മനുഷ്യനും മത്സ്യത്തിനും അതിൽനി്ന്നും പുറത്തു കടക്കുക സാധ്യമല്ല. എന്നാൽ ആ മാധ്യമത്തിലുള്ള മനുഷ്യരുടെ ജീവിതചലനരീതികൾ വിശകലനവും ചർച്ചയും ആവശ്യപ്പെടുന്നു- എറിക് ഹോബ്‌സ്ബാം.

ഭുതകാല പുനഃസൃഷ്ടിയിൽ തെളിവുകളോട് പരിഷ്‌കൃത സമൂഹങ്ങൾ പുലർത്തിയ കരുതലും നിശിതവിശകലനരീതികളും ചരിത്ര പഠനങ്ങളിൽ വലിയൊരു വഴിത്തിരിവായിരുന്നു. പുരാവസ്തുക്കൾ, ലിഖിതങ്ങൾ, വാമൊഴികൾ തുടങ്ങി സമസ്തമേഖലകളിലുമുള്ള തെളിവുകൾ കുറ്റമറ്റരീതിയിൽ ശേഖരിച്ച് പഠനങ്ങൾക്കും മറ്റുമായി സംരക്ഷിക്കുന്ന കടമ നിറവേറ്റിയത് ലോകത്തെമ്പാടുമുള്ള ശാസ്ത്ര- സാമൂഹ്യാവബോധമുള്ള സമൂഹങ്ങളുടെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു. സർവ്വകലാശാലകൾ, മ്യൂസിയങ്ങൾ, ഗവേഷണ-സാംസ്‌കാരിക സ്ഥാപനങ്ങൾ തുടങ്ങിയവയാണ് ആധുനിക സമൂഹങ്ങളിൽ ആ ധർമ്മം നിർവ്വഹിച്ചു പോരുന്നത്.

ഭൂതകാലം വിശ്വാസയോഗ്യമായ ചരിത്രം എന്ന നിലയിലോ അല്ലെങ്കിൽ അതിനെപ്പറ്റി നിലനിൽക്കുന്ന അജ്ഞത എന്ന സ്ഥിതിയിലോ, അവഗണനയാണെങ്കിൽ ആ നിലയിലോ, അതുമല്ല വക്രീകരിച്ച കപടചരിത്രം വഴിയാണെങ്കിൽ അതുവഴിയും അവ നമ്മെ പിന്തുടരുകയും രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടേ ഇരിക്കും. അതുകൊണ്ടാണ് എറിക്ക് ഹോംബ്‌സ്ബാം ഭൂതകാലത്തിന്റെ സ്വാധീനത്തിനു പുറത്തു കടക്കുക മനുഷ്യനു സാധ്യമല്ല എന്നു പറയുന്നത്. മാത്രമല്ല വർത്തമാനത്തിലെ നമ്മുടെ ജീവിതചലനങ്ങൾക്ക് ഭൂതകാല വിശകലനവും ചർച്ചയും ഒഴിവാക്കാനാവില്ല എന്നും അദ്ദേഹം പറയുന്നു .

നിർഭാഗ്യവശാൽ, ഭൂതകാല വിശകലനത്തിനാവശ്യമായ സത്യസന്ധമായ ചരിത്രതെളിവുകളുടെ ലഭ്യത, അവ സംരക്ഷിക്കാനും പഠനവിധേയമാക്കുവാനുമുള്ള ശേഷി പല സമൂഹങ്ങളിലും വലിയ ഏറ്റക്കുറച്ചിലുകളോടെയാണ് നിലനിൽക്കുന്നത്. പല ഇടങ്ങളിലും ചരിത്രവിശകലനങ്ങളുടെ സാമൂഹ്യപ്രാധാന്യം പൊതുവിൽ തിരിച്ചറിയാതെ പോകുന്നതുകാരണം അവ ഒറ്റപ്പെട്ട, നിർജ്ജീവ പഠനശാഖകൾ മാത്രമാണ്.

'ഡിജിറ്റൈസിംഗ് കേരളാസ് പാസ്റ്റ്' (ഡി.കെ.പി) ചരിത്രതെളിവുകളുടെ പ്രാഥമീകതയെ ആദരിക്കുന്ന പദ്ധതിയാണ്. അത്തരം തെളിവുകൾക്ക് അനിവാര്യമായും കേരളത്തിന്റെ വർത്തമാനകാലത്തേക്കും കടന്നു വരാനാകും.

തെളിവുകളുടെ ഈ ഡിജിറ്റൽ കലവറ ലോകത്തെവിടെയും താൽപര്യമുള്ളവർക്ക് ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം ചെയ്തിരിക്കുത്. ആത്മനിഷ്ഠതയുടെ അംശങ്ങൾ ചൂണ്ടിക്കാട്ടുവാനും തെറ്റുകൾ തിരുത്തുവാനും അവസരം ഉണ്ടായിരിക്കും. ഡിജിറ്റൽ ലോകവുമായി ബന്ധമില്ലാത്ത സർവ്വസാധാരണക്കാരായവരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്ന ചില രീതികളും ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന് ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു വിഷയം അല്ലെങ്കിൽ ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു മിണ്ടാ പ്രാണിയുടെ ഒരു ദിവസത്തെ ജീവിതം ഉദാരമതിയായ ഒരാൾക്ക് കെ.സി.എച്ച്.ആറിൽ രേഖപ്പെടുത്തുവാനാകും.

സമയബന്ധിതമായി വിവിധഘട്ടങ്ങളിലായി കേരളത്തിന്റെ ഭൂതകാലവുമായി ബന്ധപ്പെട്ട സമസ്ത തെളിവുകളും ഇതിൽ ലഭ്യമാക്കുകയാണ് ഡി.കെ.പി യുടെ ലക്ഷ്യം. അതോടൊപ്പം സാധാരണഗതിയിൽ രേഖപ്പെടുത്താനിടയില്ലാത്ത പ്രത്യക്ഷത്തിൽ നിസ്സാരമെന്നു തോന്നുന്ന, എന്നാൽ സൂക്ഷ്മതലത്തിൽ നേരിട്ടുണ്ടായ അനുഭവ ചീളുകൾ, ഓർമ്മകൾ, ചിന്തകൾ തുടങ്ങിയവ രേഖപ്പെടുത്തുവാനുള്ള അവസരം ഉണ്ടാകും.

ലോകമെമ്പാടുമുള്ള മലയാളി സമൂഹങ്ങളുടെ സഹകരണവും പിന്തുണയും സമയവും ചിന്തകളും ഈ പദ്ധതിക്ക് ഉണ്ടാകണം എന്ന് വിനയ പുരസ്സരം അഭ്യർത്ഥിക്കുന്നു.

സ്‌നേഹാദരങ്ങളോടെ,
പി.ജെ. ചെറിയാൻ
ഡയറക്ടർ കെ.സി.എച്ച്.ആർ (2001 - 2016)