സന്ദേശം - പ്രൊഫസ്സർ കെ.എൻ. പണിക്കർ

From DKP KCHR ML Wiki
Jump to: navigation, search
Dr.K N Panicker

കുറച്ചു വർഷങ്ങൾക്കു മുൻപ് കെ.സി.എച്ച്.ആർ ആരംഭിച്ച പദ്ധതിയാണ് 'ഡിജിറ്റൈസിംഗ് കേരളാസ് പാസ്റ്റ്'. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരിച്ചറിയപ്പെടാതെ കിടക്കുന്ന മധ്യകാലഘട്ടത്തിലെയും ആധുനിക കാലഘട്ടത്തിലെയും ചരിത്ര രേഖകൾ കണ്ടെത്തി ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുവാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കുടുംബങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അർദ്ധ-സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങ ളിൽ മാത്രമല്ല പ്രാദേശിക ഭരണകേന്ദ്രങ്ങളിൽ പോലും ഇത്തരം രേഖകൾ ലഭ്യമാണ്. അവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്നതിലൂടെ ചരിത്രകാരന്മാർക്കും സാമൂഹ്യശാസ്ത്രജ്ഞർക്കും കേരള സമൂഹത്തിന്റെ ചരിത്രഗതിയെക്കുറിച്ചുള്ള വിവരങ്ങൾ വീണ്ടെടുക്കുന്നതിനുള്ള അനുകൂല സാഹചര്യം ലഭ്യമാകും. ഇത് സാധാരണ ജനങ്ങൾക്ക് തങ്ങളുടെ സംസ്‌കാരത്തെ സംബന്ധിക്കുന്ന വിവരങ്ങൾ അറിയുവാനും വ്യാഖ്യാനിക്കുവാനുമുള്ള അവസരമാണ് നൽകുന്നത്.

ഏലിയാമ്മ മാത്തന്റെ ഡയറികൾ കെ.സി.എച്ച്.ആർ ഇതിനോടകം തന്നെ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. അത് ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പഠനത്തിനായി ഉപയോഗിക്കാവുന്ന രീതിയിൽ ലഭ്യമാണ്. ഇതോടൊപ്പം കേരളത്തിന്റെ വിദ്യാഭ്യാസ പൈതൃകം വെളിപ്പെടുത്തുതിനുള്ള പരിശ്രമങ്ങൾ കെ.സി.എച്ച്.ആർ ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ നൂറു വർഷങ്ങൾ പിന്നിട്ട തിരുവനന്തപുരത്തെ സെൻട്രൽ ഹൈസ്‌കൂളിന്റെ ചരിത്രരേഖകൾ ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കാനുള്ള പരിശ്രമത്തിലാണ്. ഒരു നൂറ്റാണ്ടു പിന്നിട്ട മറ്റു സ്‌കൂളുകളിൽ കൂടി ഈ പദ്ധതി വ്യാപിപ്പിക്കുതിനുള്ള പ്രവർത്തനങ്ങൾ കെ.സി.എച്ച്.ആറിന്റെ പരിഗണനയിലാണ്.

കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഈ പദ്ധതികളോട് സഹകരിക്കണമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.

സ്‌നേഹാദരങ്ങളോടെ,

പ്രൊഫ. കെ.എൻ. പണിക്കർ
ചെയർമാൻ, കെ.സി.എച്ച്.ആർ (2001- March 2017)