എന്റെ ജീവിതത്തിലെ ഒരു ദിവസം – മിനി, 36വയസ്സ്, തിരുവനന്തപുരം
19/02/2015
ഇന്നത്തെ എന്റെ ദിവസത്തിലേക്ക് കടക്കാം
കരമന, മേലാറൂരില്‍ താമസിക്കുന്ന ഞാന്‍ ജോലി ചെയ്യുന്നത് കെ.സി.എച്ച്.ആര്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നളന്ദ എന്ന സ്ഥാപനത്തിലാണ്. ഞാന്‍ ഇന്ന് എഴുന്നേറ്റപ്പോള്‍ 6 മണിയായി. 5.30 ന് അലാറം വച്ചതാണ്. പക്ഷേ രാവിലെ എഴുന്നേല്‍ക്കാന്‍ മടി. മൂടിപ്പുതച്ചു അരമണിക്കൂര്‍ കൂടി ഉറങ്ങി. മടിച്ചുമടിച്ചാണ് എഴുന്നേറ്റത്. പ്രഭാത കാര്യങ്ങള്‍ നിര്‍വഹിച്ചതിനുശേഷം അടുക്കളയിലേക്ക് കയറി. തലേ ദിവസത്തെ പാത്രങ്ങള്‍ തേച്ചുകഴുകാന്‍ കിടപ്പുണ്ടായിരുന്നു. അതെല്ലാം പുറത്തുകൊണ്ടുവച്ചു. കാരണം അടുക്കളയിലെ സിങ്കിലെ അഴുക്കു വെള്ളം പോകുന്ന പൈപ്പ് പൊട്ടി. അപ്പോ വെള്ളം മതിലിന്‍റെ വിടവില്‍ കൂടി അപ്പുറത്തു പോകും. പിന്നെ അതുമതി ഒരു വഴക്കിന്. ഇനി കാര്യത്തിലേക്ക് കടക്കാം. ഇന്ന് എന്താ കാപ്പിക്ക് – അപ്പവും മുട്ടക്കറിയും ഉണ്ടാക്കാം എന്നു വിചാരിച്ചു. മോള്‍ക്ക് സ്‌കൂളിലും രാവിലത്തെ കാപ്പിയാണ് കൊടുത്തു വിടുന്നത്. പിന്നെ ചായയിട്ട്. ആ പിന്നേ….പുറത്തുകൊണ്ടുവച്ച പാത്രങ്ങള്‍ പാവം അമ്മ കഴുകി കേട്ടോ. പിന്നെ മോള്‍ക്ക് തലകെട്ടികൊടുത്തു. യൂണിഫോമിന്‍റെ ഷാളില്‍ പിന്നു കുത്തി കൊടുത്തു. ഇതെല്ലാം ഞാന്‍ തന്നെചെയ്തുകൊടുക്കണം. പിന്നെ ഞാന്‍ ഓഫീസില്‍ വരാന്‍ റെഡിയായി. റോഡ് സൈഡിലുള്ള ഒരു വീട്ടിലാണ് വണ്ടി വയ്ക്കുന്നത്. അവിടുന്ന് നേരെ ഓഫീസിലേക്ക്. രാവിലെ വരുമ്പോള്‍ ഒരുപാട് ചിന്തകള്‍ വരും മനസ്സില്‍. ഓരോ വീടുകള്‍ കാണുമ്പോള്‍. അത് എന്നുമുള്ള ചിന്തകളാണ് കേട്ടോ. എനിക്കും ഇതുപോലെ ഒരു വീടുവയ്ക്കാന്‍ പറ്റിയെങ്കില്‍. വലിയ വീടൊന്നും വേണ്ട. രണ്ടു മുറിയും, അടുക്കളും, കൊച്ചുഹാളും ഇത്രയുംമതി. പക്ഷേ എന്നെക്കൊണ്ട് സാധിക്കില്ല. അതിന് ലോട്ടറി അടിക്കണം. എന്നാ അതിനുവേണ്ടി ലോട്ടറി എടുക്കുകയൊന്നും ഇല്ല. വീടുവയ്ക്കാന്‍ യോഗമുണ്ടെങ്കില്‍ ഭാഗ്യം നമ്മളെ തേടി വരും എന്നാണ് എന്‍റെ ചിന്ത. പിന്നെ ഇപ്പോ എന്നെ അലട്ടുന്ന മറ്റൊരു പ്രശ്‌നം എന്‍റെ ഭര്‍ത്താവിനു കാന്‍സര്‍ ആണ്. ആറു വര്‍ഷമായി നമ്മള്‍ പിരിഞ്ഞിട്ട്. അങ്ങോട്ടും ഇങ്ങോട്ടും യാതൊരു ബന്ധവുമില്ല. എന്നാലും ഒരു വിഷമം. നമ്മള്‍ നോക്കിപോയി. അടുത്തുതന്നെയാണ് താമസം. കുറേനേരം നോക്കിയിരുന്നു. ഒരക്ഷരം മിണ്ടിയില്ല. അങ്ങോട്ടും ഇങ്ങോട്ടും. ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ഭേദമാക്കി കൊടുക്കണേയെന്ന്. എന്നെക്കൊണ്ട് ഇതേ.. സാധിക്കു. പിന്നെ സൂസന്‍ മാഡത്തിന്‍റെയടുത്തു പറഞ്ഞു പ്രാര്‍ത്ഥിക്കാന്‍. പിന്നെ ഓഫീസീനു ഉച്ചയ്ക്ക് നേരെ പോയത് പള്ളിയില്‍. എല്ലാ വ്യാഴാഴ്ചയും പള്ളിയില്‍ പോകും.. ഒരാശ്വാസം തോന്നും. അവിടെ കുറേനേരം ഇരിക്കും. എനിക്ക് എല്ലാ ദൈവവും ഒരുപോലെയാണ്. ബീമാപള്ളിയിലും പോകും അവിടെ ഉത്സവം വരുമ്പോള്‍. പള്ളിയില്‍ നിന്ന് നേരെ വീട്ടിലേയ്ക്ക്. ചെന്നപാടെ കൈകഴുകി ചോറുണ്ടു. അമ്മയാണ് ഉച്ചയ്ക്കുള്ള ചോറും കറിയും വയ്ക്കുന്നത്. അതുകഴിഞ്ഞ് കുറച്ചുനേരം വെറുതെയിരിക്കും. ആലോചിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടല്ലോ.. അതുകഴിഞ്ഞ് തുണികള്‍ നനയ്ക്കണം. കുളിക്കണം. അപ്പോഴേക്കും മോള്‍ സ്‌കൂളില്‍ നിന്നു വരും. പിന്നെ അവള്‍ക്ക് ചോറുകൊടുത്ത് ട്യൂഷന് വിടും. എന്‍റെ വീടിന്‍റെ അടുത്ത് ഒരു ഗ്രന്ഥശാലയുണ്ട്. ഞാന്‍ അവിടെ പോകും. വായിക്കും നോവല്‍, വനിത, ഗൃഹലക്ഷ്മി അങ്ങനെയുള്ള പുസ്തകം. പിന്നെ ആത്മകഥ, യാത്രാവിവരങ്ങള്‍ എന്നീ പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടമാണെനിക്ക്. അവിടുന്നു വീട്ടില്‍ വന്നു ടി.വി. കാണും. മോള്‍ക്ക് പഠിക്കാന്‍ സമയമാകുമ്പോള്‍ ടി.വി. ഓഫാക്കും. പിന്നെ ഞാന്‍ രാത്രി 8.30നു ചോറുണ്ണും. രാത്രിയിലും ചോറുതന്നെയാണ് കേട്ടോ. പ്രത്യേക ഭക്ഷണം വേറെ ഉണ്ടാക്കില്ല. ഗ്യാസ് ലാഭിക്കണമല്ലോ. മോള്‍ക്ക് ചോറു കൊടുത്ത്, അമ്മയും കഴിച്ച് നമ്മള്‍ 10.30 ന് കിടുക്കും. കിടന്നാലും ഞാനും അമ്മയും എന്തെങ്കിലും ഒക്കെ സംസാരിക്കും. പിന്നെ എപ്പോഴോ ഉറങ്ങും. ഇങ്ങനെയാണ് എന്‍റെ ഒരു ദിവസം കടന്നുപോകുന്നത്.
ശുഭം
Leave a Reply
You must be logged in to post a comment.