കനത്ത മഴയും ഇരുണ്ട് മൂടിയ അന്തരീക്ഷവും. ഒന്നും ചെയ്യാൻ പറ്റുന്നില്ലെങ്കിലും വെറുതെ എത്ര നേരം ഇരിക്കും? അത് കൊണ്ട് എഴുതാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കുന്നു.

കർക്കിടകം ഒന്ന്, 1195 (17-07-2020)
മകൻ സന്തോഷ്, ഭാര്യ ശ്രീജ, കുട്ടികൾ ശാരിക, ശാലിനി ഇവരാണ് കൂടെ ഉള്ളത്. രാവിലെ 5 മണിക്ക് സന്തോഷ് എഴുന്നേറ്റു. കട്ടൻ കാപ്പി വച്ചു. പാൽ കൊണ്ടു വന്നപ്പോൾ അത് കാച്ചി വച്ചു. 6.30 നു ശ്രീജയേയും കുട്ടികളേയും വിളിച്ചുണർത്തി. അതുകഴിഞ്ഞ് സന്തോഷ് കമ്പ്യൂട്ടറിൽ ഇമെയിലും വട്സാപ്പും നോക്കി. പിന്നെ കുളിയും സന്ധ്യാവന്ദനവും, ജപവും കഴിഞ്ഞ് വന്നു. ശ്രീജ കാപ്പിയും ചായയും ഉണ്ടാക്കി. പച്ചക്കറി നുറുക്കലും തൈര് കലക്കി വെണ്ണ എടുക്കലുമാണ് എന്റെ ജോലി. അതുകഴിഞ്ഞ് കുളിച്ച് വന്നു. മഴയില്ലാത്തതു കൊണ്ട് കുട്ടികൾ മുറ്റമടിച്ചു. അതുകഴിഞ്ഞ് അവരും ശ്രീജയും കുളിച്ച് വന്നു. കർക്കിടകമാസമായതു കൊണ്ട്, മുക്കുറ്റിച്ചാന്തും ദശപുഷ്പവും റെഡിയാക്കി കൊണ്ടു വന്നു. ഞങ്ങൾ ചാന്തു തൊട്ട് ദശപുഷ്പവും ചൂടി. (കറുകമാല എന്നാണു പറയുക.)

കർക്കിടകമാസത്തിൽ “ശിവോതിക്ക് വയ്ക്കുക”(ശ്രീഭഗവതിക്ക് വയ്ക്കുക) എന്നൊരു ചടങ്ങുണ്ട്. കർക്കിടക മാസം ഒന്നാം തീയതിയുടെ തലേദിവസം (സംക്രാന്തിയുടെ അന്ന്) വീടും പരിസരവും ഒക്കെ അടിച്ച് വൃത്തിയാക്കി “ചേട്ടെ” കടത്തി. (അതായത് ചേട്ടാഭഗവതി അഥവാ മൂധേവിയെ പുറത്താക്കും) എന്നിട്ട് അഷ്ടമംഗല്യം വച്ച് ശ്രീഭഗവതിയെ കുടിയിരുത്തി അതിൽ എല്ലാ ദിവസവും ദശപുഷ്പം വക്കണം. (കറുക, മുക്കൂറ്റി, നിലപ്പന, മുയൽച്ചെവിയൻ, തിരുതാളി, ചെറൂള, കൃഷ്ണക്രാന്തി, കയ്യുണ്യം, പൂവാംകുറുന്നില, ഉഴിഞ്ഞ ഇവയാണ് ദശപുഷ്പങ്ങൾ. ഏതെങ്കിലുമൊക്കെ കിട്ടിയില്ലെങ്കിൽ അതിനു പകരമായി തുളസി വയ്ക്കാം). അരി+നെല്ല്, ചാന്ത്+പൊട്ട്, വെള്ളി, സ്വർണ്ണം, മുണ്ട്, വാൽക്കണ്ണാടി, ചന്ദനമുട്ടി, ദശപുഷ്പം എന്നിവയടങ്ങുന്ന അഷ്ടമംഗല്യവും പൂജാമുറിയിൽ ഒരുക്കി വയ്ക്കും. 7.30 നു മുൻപ് ജപവും ഇത്രയും കാര്യങ്ങളും കഴിഞ്ഞു. പിന്നെ മൂന്നുപേരും കൂടി ഉത്സാഹിച്ച് പ്രഭാതഭക്ഷണവും ഉച്ചയൂണും തയ്യാറാക്കി സന്തോഷും ഞാനും കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്നു. 9 മണിയ്ക്ക് കാപ്പിയും ഇഡലിയും കഴിച്ചു. ജാതിക്കാ ചട്ണിയും( ജാതിക്കാ ചട്ണി – ചേരുവകൾ…
1) ജാതിക്കയുടെ പുറം തോട് – 2 എണ്ണം (ഒരു ജാതിക്കായുടെ തോട്)
2) തേങ്ങ – ഒരു മുറി
3) വറ്റൽ മുളക് – 7 എണ്ണം
4) ചുമന്ന ഉള്ളി – 5 എണ്ണം
5) കറിവേപ്പില – 3 ഇതൾ
6) ഇഞ്ചി – ഒരു ചെറിയ കഷ്ണം
7) ഉപ്പ് – ആവശ്യത്തിന്
ഇതിൽ വറ്റൽ മുളകും ചുമന്ന ഉള്ളിയും കറിവേപ്പിലയും കൂടി വഴറ്റിയിട്ട് ഇതെല്ലാം കൂടി അരയ്ക്കുക. മിക്സി ജാർ കഴുകിയെടുക്കുമ്പോൾ കുറച്ച് ലൂസായ ചമ്മന്തി കിട്ടും.
) ദോശപ്പൊടിയും (chatni powder) ഉണ്ടായിരുന്നു.

വിസ്തരിച്ചൊരു പത്രവായന.
എന്താ ലോകത്തിന്റെയൊരു പോക്ക്…

പെരിയാറ്റിലും തോട്ടിലും മലവെള്ളം കേറി കൊണ്ടിരിക്കുന്നു. ഇതുവരെ ഞങ്ങൾക്കത് സാധാരണ സംഭവം ആയിരുന്നു. പെരിയാറിന്റെ കരയിൽ ജനിച്ച് ആ മണപ്പുറത്ത് കളിച്ചുവളർന്ന എനിക്ക് പെരിയാറിന്റെ ഭാവപ്പകർച്ചയിൽ ഭയം തോന്നാറില്ല. പക്ഷെ 2018 നു ശേഷം ഒരു കനത്ത മഴ കണ്ടാൽ പോലും പേടിയാണ്. 99 ലെ (1924 ലെ) വെള്ളപ്പൊക്കത്തെ പറ്റി ഒരുപാട് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നാട്ടിൽ ആളപായം ഉണ്ടായതായി കേട്ടിട്ടില്ല.
മെയ് മാസത്തിൽ ഒരുപാട് മഴ പെയ്തപ്പോൾ ഞങ്ങൾ എല്ലാവരും വളരെ പരിഭ്രാന്തരായി. മഹാപ്രളയത്തിനെ പറ്റിയുള്ള പ്രവചനങ്ങൾ കൂടി കേട്ടപ്പോൾ എന്ത് വേണമെന്ന് ഒരു എത്തും പിടിയും ഇല്ലാത്ത അവസ്ഥയിലായി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഭീഷണികൾ വേറെയും… ഡാം പൊട്ടി പോകും എന്ന പ്രവചനം ഞങ്ങളെ കുറച്ചൊന്നുമല്ല പേടി പെടുത്തുന്നത്. മുല്ലപ്പെരിയാർ പൊട്ടി ഒഴുകി വന്നാൽ പിന്നെ “ഒന്നും നോക്കാനില്ല” എന്ന നിഗമനത്തിലായി ഞങ്ങൾ.

ഇപ്പോഴിതാ കോവിഡിന്റെ രംഗപ്രവേശം. തുടക്കത്തിലൊക്കെ “നമ്മളെ ബാധിക്കില്ല”, “നമ്മൾ സുരക്ഷിതരാണ്” എന്നൊക്കെയുള്ള സമാധാനത്തിലായിരുന്നു. അന്യ ദേശത്തുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറിച്ചായിരുന്നു വേവലാതി മുഴുവൻ. “അയ്യോ പാവം, അയ്യോ കഷ്ടം..” എന്നൊക്കെ വിചാരിച്ച് ഒരുപാട് സഹതപിച്ച് ഫോൺ ചെയ്യുമ്പോഴും നേരിട്ട് സംസാരിക്കുമ്പോഴും ഈ വികാരം പങ്കുവയ്ക്കാൻ മറന്നില്ല. പിന്നെ പിന്നെ മഹാമാരി നമ്മുടെ അടുത്തടുത്ത് വന്ന് തുടങ്ങി. ആദ്യം വല്ലാത്ത പേടിയും പിന്നെ സംഭ്രമവും പരിഭ്രമവും ഒക്കെ തോന്നി. കോവിഡ് മാനദണ്ഡങ്ങൾ എല്ലായിടത്തുനിന്നും കേട്ടുകേട്ട് ചെവി തഴമ്പിച്ചു. ലോക്ക് ഡൗൺ നമ്മുടെ സുരക്ഷയ്ക്കാണല്ലോ എന്ന വിചാരം കാരണം അതൊരു ബാധ്യതയോ, അസൗകര്യമോ ആയി തോന്നിയില്ല. “കുറച്ചു ദിവസം മതിയല്ലോ” എന്ന സമാധാനവും ഉണ്ടായിരുന്നു. പക്ഷെ ലോക്ക്ഡൗൺ ദിനങ്ങൾ നീണ്ടുനീണ്ട് പോകുന്നു. എല്ലാ തുറയിലുള്ളവരും ഒരുപോലെ വിഷമിക്കുന്നു. ഒരു തരണിയിലുള്ള ഉച്ചനീചത്വമോ, ദേശാന്തരങ്ങളോ ഒന്നും തന്നെ ഇല്ലാതെ എല്ലാവരെയും മുൾമുനയിൽ നിർത്തുന്ന കോവിഡ് 19.

ബാക്കി എല്ലാ വികാരങ്ങളെക്കാളും മുമ്പിൽ അദ്‌ഭുതമാണ് പിന്നീട് തോന്നിയത്. ലോകത്തെ മുഴുവൻ സമത്വസുന്ദര മനോഭാവത്തോടെ കാണുന്ന ഒരു കൊച്ചു മഹാൻ.! ശരിക്കും സമ്മതിച്ച് തല കുലുക്കാനാണ് തോന്നിയത്. പണ്ട് ഉള്ളവർ പറയുമായിരുന്നു “മനുഷ്യന് ആരെയെങ്കിലും ഒരു പേടി വേണം” എന്ന്.! “നമോ വാകം” എന്നാണ് തോന്നിയത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ ചെറുത്ത് നിൽക്കാൻ ശ്രമിക്കുന്നു.
“ഒരേ വികാരം മനുഷ്യന്,
ഒരേ വിചാരം മനുഷ്യന്” നന്നായി എന്ന് തോന്നി.
നിസ്വാർത്ഥ സേവനവുമായി ആയിരങ്ങൾ മുന്നിട്ടിറങ്ങി. അദ്‌ഭുതം! സന്തോഷം! ഒരു പൊതു ശത്രുവിനെ തോൽപ്പിക്കാനെങ്കിലും ലോകജനത മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച. ദൈവത്തിനു പോലും തീർച്ചയായും ഇഷ്ടപ്പെട്ടു കാണും. അമ്പലങ്ങളും പള്ളികളും എല്ലാ ദേവാലയങ്ങളും അടച്ചിട്ടു, വിശേഷ പൂജകളും പ്രാർത്ഥനകളും ആചാരങ്ങളും എല്ലാം എല്ലാം മുടങ്ങി. പക്ഷെ മനുഷ്യമനസ്സുകളിൽ ഓരോന്നിലും ഒരു ദേവപ്രതിഷ്ഠ നടന്നിരിക്കണം…
“ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ടുകൾ നടന്നിരിക്കണം. “മനസ്സുരുകി പ്രാർഥിക്കുന്നത്” എങ്ങനെയെന്ന് മനുഷ്യർ അനുഭവിച്ചറിഞ്ഞു. വേഷങ്ങളും വേഷം കെട്ടുകളും ആർഭാടവും അലങ്കാരപ്രകടനവും ഇല്ലാത്ത ഭക്തി കണ്ട് ദൈവം സന്തോഷിച്ചിരിക്കണം. എല്ലാവരും ഒരു പാഠം പഠിച്ചു എന്നും ഇനി എല്ലാം നേരെയാവും എന്നും ഒരു തോന്നൽ വന്നുതുടങ്ങി. “ഈശ്വരാ, ഇനി എന്ന് ഇതെല്ലാം പഴയ പടി ആവും?” എന്ന ആധി പൂണ്ടവർ അനവധി.!
ഒന്നും പഴേപടി ആവില്ല എന്നുറപ്പിച്ചവർ ധാരാളം. “ഇനി ഒരു പുതിയ ലോകം” എന്ന് സമാധാനിച്ചവരും ഉണ്ട്. ഏതു പുതുമയേയും കൈനീട്ടി സ്വീകരിക്കുന്നവരാണ് നമ്മൾ. വിദ്യാഭ്യാസത്തിനും തൊഴിലിനും, കൃഷിക്കും എല്ലാറ്റിനും വളരെയധികം മാറ്റങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നു. അങ്ങനെ പുതിയൊരു ലോകത്തെ തന്നെ സ്വീകരിക്കാൻ നമ്മൾ തയ്യാറായിക്കഴിഞ്ഞു. അങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ പത്രവാർത്തകൾ നമ്മളെ പരിഭ്രാന്തിയുടെ നിഴലിലാക്കുന്നു. മനുഷ്യരുടെ പോക്ക് എങ്ങോട്ടാണെന്ന ചിന്ത നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു. ഭൗതികനേട്ടങ്ങളോടുള്ള ഭ്രാന്തമായ ആവേശം. എത്ര സമ്പാദിച്ചാലും മതിവരാത്ത ആർത്തി പിടിച്ച സ്വഭാവം. സാമ്പത്തിക നേട്ടത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത സ്വഭാവവിശേഷം! കാമവെറളി പിടിച്ച മറ്റൊരു ലോകം. ലൈംഗികതയ്ക്കും നഗ്നതയ്ക്കും മറയൊന്നും വേണ്ട എന്ന് ചിന്തിക്കുന്ന അത്യാധുനിക ചിന്തയുമായി കുറെ പെണ്ണുങ്ങൾ, അതിനെ താങ്ങി പിടിച്ച് നടക്കുന്ന കുറെ പുരുഷജന്മങ്ങൾ.! എന്ത് വൃത്തികേട് കാണിച്ചിട്ടായാലും “പേര്” കേൾക്കാൻ കൊതിപൂണ്ട കുറെ ജന്തുക്കൾ. അവരെ ജന്തുക്കളെപോലെ തന്നെ കണക്കാക്കി വിട്ടാൽ പോരെ? അവർ തുണി ഉടുത്തോ, ഉടുക്കാതെയോ എങ്ങനെ വേണമെങ്കിലും അലഞ്ഞുനടക്കട്ടെ. അവരെ പിടിച്ച് “പുണ്യാളനും പുരോഗമനവാദിയും” ആയി പട്ടം നൽകാൻ ശ്രമിക്കുന്നതെന്തിനാണ്?
ഒരു പഴം കട്ടുതിന്നവനെയും ഒരു കിലോ അരി മോഷ്ടിച്ചവനെയും പ്രണയിച്ച് വിവാഹം കഴിച്ചവനെയും കല്ലെറിഞ്ഞ് കൊല്ലുന്ന നമ്മുടെ നാട്ടിൽ, നാടിനെ മുഴുവൻ വെല്ലുവിളിച്ചും ഒറ്റികൊടുത്തതും കണക്കില്ലാത്ത മോഷണങ്ങൾ നടത്തുന്നവരെ എഴുന്നള്ളിച്ച് കൊണ്ട് നടന്ന് നമ്മുടെ ഖജനാവിലെ ലക്ഷങ്ങൾ ചെലവിട്ട് അന്വേഷണപ്രഹസനവും “തെളിയിക്കാൻ കഴിയാത്തതുകൊണ്ട് കുറ്റവാളിയെ വെറുതെ വിടുന്ന” നാടകവും വാർത്തയായി കാണുമ്പോൾ (എല്ലാ ഭരണകാലത്തും) മനസ്സിലുണ്ടാകുന്ന വികാരം എന്താണ്?

കുറെ നല്ല ഓർഡറുകൾ ഇറക്കിയാൽ ഭരണപക്ഷത്തിന്റെ ഉത്തരവാദിത്വം കഴിഞ്ഞോ? പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം പ്രതിഷേധിക്കലും സമരം സംഘടിപ്പിക്കലും മാത്രമാണോ?

പക്ഷെ അതേ പത്രത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തുകൂട്ടുന്ന പുണ്യത്മാക്കളുടെ വിശേഷങ്ങളും നമ്മൾ വായിക്കുന്നു. പുതിയ തലമുറയുടെ കൂട്ടായ്മയിൽ നടക്കുന്ന സത്പ്രവൃത്തികൾ വായിക്കുമ്പോൾ പുളകം കൊള്ളുന്നു. “ഇല്ല, ഇവിടെ നന്മ നശിച്ചിട്ടില്ല” എന്ന തോന്നൽ ദൃഢമാകുന്നു. മനസ്സിൽ സന്തോഷം നിറയുന്നു.

കൊറോണക്കാലമായതിനാൽ എല്ലാവരും (മക്കളും പേരമക്കളും) വീട്ടിലിരുന്ന് പഠനം ,ജോലി എന്നിവ യഥാക്രമം തുടരുന്നുണ്ട്.
11 മുതൽ ഓൺലൈൻ ക്ലാസ്. ഇംഗ്ലീഷ്, മലയാളം, ഞങ്ങൾ എല്ലാവരും കേട്ടു. എന്നിട്ടൊരു ചർച്ച. നല്ല രസമാ. പിന്നെ ഹോംവർക്, വർക്ക് അറ്റ് ഹോം, വായന, അങ്ങനെ പോയി സമയം. സന്തോഷാണെങ്കിൽ നെറ്റ് വഴി ഒരുപാട് കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു. പലവിഷയങ്ങളെപ്പറ്റിയും ഇടയ്ക്കൊക്കെ ഡിസ്കഷൻസിന് ഞങ്ങളെയും കൂട്ടി. ഒരുപാട് കൂട്ടുകാർ ഫോൺ ചെയ്തു. ഞങ്ങളുടെ കൂട്ടുകാർ എല്ലാവരുടെയും കൂട്ടുകാർ കൂടിയാണ്. അതുകൊണ്ട് തന്നെ നല്ല രസമാണ്. അയൽക്കാർ ചിലരൊക്കെ “സാമൂഹ്യ അകലവും കോവിഡ് മാനദണ്ഡവും” പാലിച്ചു ക്ഷേമാന്വേഷണങ്ങൾക്ക് വന്നു (സേതുചേച്ചി, അമ്മിണിയേടത്തി, രാജി, സാവിത്രി, ബിൻസി, കത്രീനച്ചേടത്തി.) പച്ചക്കറികൾ ഞങ്ങൾ പരസ്പരം കൈമാറി. ചില കൈപുണ്യങ്ങളും. കർക്കിടകമാസത്തിലെ ഔഷധക്കഞ്ഞിയും ഇലക്കറികളും പപ്പടവും കൊണ്ടാട്ടവും സംഭാരവുമൊക്കെയായി ഊണും സുഭിക്ഷമായി. അൽപ്പമൊരു ഉച്ചയുറക്കവും കഴിഞ്ഞു. പിന്നെ മേല്കഴുകൽ, സന്ധ്യയ്ക്ക് നാമജപം, കർക്കടകം ഒന്നാണല്ലോ ഇന്ന് . രാമായണമാസം ആരംഭം. രാമായണം വായന ഇന്ന് തുടങ്ങുന്നു. വർഷത്തിലൊരിക്കൽ മാത്രം (കർക്കിടക മാസം മാത്രം) തുറക്കുന്ന പുസ്തകം എന്നാണ് അദ്ധ്യാത്‌മരാമായണത്തെ വിശേഷിപ്പിക്കാറ്. എന്തുകൊണ്ട് ഇങ്ങനെ ഒരുരീതി ഉണ്ടായി എന്നതിന് വ്യക്തമായ ഉത്തരം ഇല്ല. പലരും പലതരത്തിൽ പറയാറുണ്ട്. പൊതുവെ പറയുന്നത് മഴക്കാലം, ക്ഷാമകാലം, പണിക്കൊന്നും പോകാൻ പറ്റാത്ത കാലം; അതുകൊണ്ട് എല്ലാവരും വീട്ടിലിരിക്കുന്ന സമയമാണത്. പൊതുവെ കഷ്ടകാലമോ വിഷമകാലമോ വരുമ്പോഴാണ് നമുക്ക് ഈശ്വരഭക്തിയും അദ്ധ്യാത്‌മികചിന്തയും ഉണ്ടാവുക. എല്ലാവരും കൂടി ഒന്നിച്ചിരുന്ന് വായിക്കുമ്പോൾ അക്ഷരം അറിയാത്തവർ പോലും കുറെയെങ്കിലും വരികൾ ഹൃദിസ്ഥമാക്കും. മനുഷ്യരുടെ സർവവിധ വികാരങ്ങളേയും പുനർവിചിന്തനം ചെയ്യാൻ ഈ സന്ധ്യാസമയ വായന പ്രയോജനപ്പെടുക തന്നെ ചെയ്യും. വൈവിധ്യമാർന്ന കഥാപാത്രങ്ങളും അനുഭവങ്ങളും നിറഞ്ഞ രാമായണ കഥ സമൂഹജീവികളായ നമുക്ക് നമ്മുടെ ചുറ്റുപാടുകളെ വിലയിരുത്താനും നന്മ ചെയ്യാനുമുള്ള ഒരു പ്രേരണയാവും .

“വിദ്യാരംഭം” പ്രസ്സുകാർ പ്രസിദ്ധീകരിച്ചിരിക്കുന്ന അദ്ധ്യാത്‌മിക രാമായണത്തിൽ ഓരോ ദിവസവും (31 ദിവസം) വായിച്ച് നിർത്തേണ്ട ഭാഗങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ചില വർഷങ്ങളിൽ കർക്കിടക മാസത്തിന് 32 ദിവസം ഉണ്ടാകാറുണ്ട്. അങ്ങനെ വരുമ്പോൾ 32-ാം തീയതി, രണ്ടാം തീയതിയിലെ ഭാഗം ഒരിക്കൽക്കൂടി പാരായണം ചെയ്യണം. എന്തെന്നാൽ അതിൽ ശ്രീരാമാവതാരം വർണ്ണിക്കപ്പെട്ടിരിക്കുന്നു.

അങ്ങനെ രാമായണ പാരായണ വേളയിൽ സമയം പോകുന്നതറിയില്ല. പിന്നീട് എല്ലാവരുംകൂടി കുറച്ചുനേരം കാരംസ്, കളിച്ചു, കാരണം കറന്റ് പോയിരുന്നു… പിന്നെ (ഓൺലൈൻ ക്ലാസ്സിനെ അനുകരിച്ച്‌ കൊണ്ട്) ഞങ്ങൾ ഞങ്ങളുടെ കുട്ടികാലത്തെ പഠന രീതികൾ പറഞ്ഞു. കുട്ടികൾ വാട്സപ്പ് വിശേഷങ്ങളും ട്രോളിങ് തമാശകളും ഞങ്ങളെ പറഞ്ഞു കേൾപ്പി ച്ചു.
രാത്രി 10 മണിയോടെ ഉറങ്ങി.

തലമുറകളുടെ അന്തരം അറിയാതെ, അനുഭവങ്ങൾ അവസരങ്ങളാക്കി മാറ്റി ഒരുജീവിത ശൈലിയുമായി മുന്നോട്ട് പോകുന്നു. ചുരുക്കിപ്പറഞ്ഞാൽ ഞങ്ങൾ സ്വസ്ഥമായി ജീവിക്കുന്നു. കാരണം;
“ഒരുനിശ്ചലമില്ല, ഒന്നിനും”
“വരുമോരോദിശ വന്നപോലെ പോം”
“അനന്തമജ്ഞാതം അവർണനീയം, ഈ ലോകഗോളം തിരിയുന്നമാർഗം ”
അതിന്റെ ഒരറ്റത്ത് ഒരുമൂലയിലിരുന്ന് ചിന്തിക്കുന്ന നമുക്ക് ഒരുപിടിയും കിട്ടില്ല എന്നുറപ്പായി. വേവലാതിയും പരിഭ്രമവും കൊണ്ട് ഒന്നും നേടാനാവില്ല. അതുകൊണ്ട്

“കിട്ടും വകയിൽ തൃപ്തിയെഴാതെ കിട്ടാത്തതിനായി കൈനീട്ടാതെ,
കർമം ചെയ്യുക നമ്മുടെ ധർമം,കർമഫലം തരും ഈശ്വരനല്ലോ!”
-എന്ന് മനസ്സിലുറപ്പിക്കാൻ കുട്ടികളെ പഠിപ്പിച്ചു കൊണ്ട് ഇന്നത്തെ ദിവസം അവസാനിക്കുന്നു.

ശാരദ നമ്പൂരി, തനി ഇല്ലം
Email :saradaammal1@gmail.com