oommen-chandy-Kerala-Chiefminister
അവസാന കണികവരെ കത്തിത്തീര്‍ന്ന്………
(മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒരു ദിവസം)

ഉമ്മന്‍ ചാണ്ടിക്ക് ഞായറാഴ്ച പുതുപ്പള്ളിക്കുവേണ്ടിയുള്ള ദിവസമാണ്. ജനിച്ചുവളര്‍ന്ന, ഓടിക്കളിച്ച, ഊടുവഴികളിലൂടെ പാഞ്ഞുപോയ ഒരു കൊച്ചു പുതുപ്പള്ളിക്കാരന്‍ ഇന്ന് നാടിന്റെ അമരക്കാരന്‍. താന്‍ അക്ഷരങ്ങളും രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും പഠിച്ച പുതുപ്പള്ളി. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടി കുഞ്ഞൂഞ്ഞാണ്, അന്നും ഇന്നും.
പത്തു തവണയാണ് കൂഞ്ഞൂഞ്ഞിനെ അവര്‍ നിയമസഭയിലേക്ക് അയച്ചത്. ഭൂരിപക്ഷം കൂടിക്കൂടി കഴിഞ്ഞ തവണ അത് 35,255 വോട്ട് ആയി. നന്നേ ചെറുപ്പത്തില്‍ തന്നെ തൊഴില്‍ മന്ത്രിയും ആഭ്യന്തരമന്ത്രിയും പിന്നീട് ധനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആയെങ്കിലും പുതുപ്പള്ളിയെ മറന്നുള്ള കളിയില്ല. തിരുവനന്തപുരത്ത് ജഗതിയില്‍ വച്ചിരിക്കുന്ന വീടിന്റെ പേരുപോലും പുതുപ്പള്ളി എന്നാണ്. എവിടെപ്പോയാലും ഞായറാഴ്ച പുതുപ്പള്ളിയിലുണ്ട്. അവിടെ കരോട്ട് വള്ളക്കാലില്‍ വീട്ടില്‍ എല്ലാ ഞായറാഴ്ചയും രാവിലെ മുതല്‍ ആരംഭിക്കുന്ന ജനസമ്പര്‍ക്കം കാണേണ്ട കാഴ്ചതന്നെ. അമ്പതു വര്‍ഷമായി തുടര്‍ച്ചയായി ഈ ജനസമ്പര്‍ക്കം നടന്നുവരുന്നു.
രാവിലെ വീട്ടിലെ ജനസമ്പര്‍ക്കത്തിനുശേഷം നാട്ടുകാരുടെ അടുത്തേയ്ക്ക്. പൊതുപരിപാടികള്‍, ഉദ്ഘാടനങ്ങള്‍, കല്യാണവീടുകള്‍, മരണവീടുകള്‍, മാമ്മോദീസ, ചോറൂണ് എന്തിനും ഏതിനും കുഞ്ഞൂഞ്ഞ് ഉണ്ട്. മണ്ഡലത്തെ ഇതുപോലെ അരിച്ചുപെറുക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവില്ല. കേരളത്തില്‍ ഇന്ന് ഒട്ടുമിക്ക ജനപ്രതിനിധികളും മണ്ഡലം നോക്കുന്നതിനുള്ള ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത് പുതുപ്പള്ളിയില്‍ നിന്നാണ്. ഇതിനിടെ നൂറുകണക്കിനു ഫോണ്‍കോളുകള്‍. മുഖ്യമന്ത്രിയുടെ നമ്പരിലും സ്റ്റാഫിന്റെ നമ്പരിലുമൊക്കെ ഫോണ്‍കോളുകള്‍ എത്തിക്കൊണ്ടിരിക്കും.
ഇതാ മറ്റൊരു ഞായറാഴ്ച, 2015 ജൂണ്‍ ആറ്. വളരെ വൈകിയാണ് മുഖ്യമന്ത്രി കിടന്നത്. നാട്ടകം ഗസ്റ്റ് ഹൗസിലാണു കിടപ്പ്. പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ അനുജനും കുടുംബവുമുള്ളതുകൊണ്ടാണ് കിടപ്പ് ഗസ്റ്റ് ഹൗസിലാക്കിയത്. എങ്കിലും പതിവു പോലെ രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റു. അതിരാവിലെ തന്നെ ഒട്ടുമിക്ക പത്രങ്ങളും ചായയും കിട്ടി. പ്രഭാത കൃത്യങ്ങളും കുളിയും കഴിഞ്ഞ് 06.10 ന് പുറത്തേയ്ക്ക്. ഈ സമയം പുതുപ്പള്ളിയില്‍ നിന്നും ബിജുവും ജോര്‍ജ്കുട്ടിയും സ്വകാര്യ കാറുമായി ഗസ്റ്റ് ഹൗസില്‍ എത്തി. ഗസ്റ്റ് ഹൗസില്‍ നിവേദനം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കാറില്ല. നേരെ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടിലേക്ക്. അവിടെ അനുജന്‍ അലക്‌സും ഭാര്യ ലൈലാമ്മയുമുണ്ട്. വീട്ടില്‍ കുറേ ആളുകള്‍ നിവേദനവുമായി കാത്തു നില്‍ക്കുന്നു. അവരെ കണ്ടു.
സമയം 06.50. ബാക്കിയുള്ളവര്‍ നില്‍ക്കണം ഞാന്‍ പള്ളിയില്‍ പോയിട്ട് ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് വന്ന അതേ കാറില്‍ പള്ളിയിലേക്ക് തിരിച്ചു. ആദ്യത്തെ കുര്‍ബാനയില്‍ പങ്കെടുത്തു. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോയി കുര്‍ബാനയില്‍ പങ്കെടുക്കും. പള്ളിയില്‍ ഏറ്റവും പിറകിലത്തെ വാതിലിന്റെ അടുത്തായി നില്ക്കുകയേയുള്ളൂ; ഇരിക്കില്ല. 07.30 ന് പള്ളിയില്‍ നിന്നും തിരിച്ച് പള്ളിയുടെ സമീപം തന്നെ താമസിക്കുന്ന ഏക സഹോദരി വത്സമ്മാമ്മയുടെ വീട്ടിലേക്ക്. ഭര്‍ത്താവ് മാത്തച്ചന്‍ മരിച്ചിട്ട് കുറേ വര്‍ഷങ്ങളായി. ഇവരുടെ ഏക മകള്‍ സുമ കുടുംബമായി ദുബായിയില്‍. പള്ളി കഴിഞ്ഞ് സഹോദരിയുടെ വീട്ടില്‍ കയറിയിട്ടേ വീട്ടിലേക്ക് പോവുകയുള്ളൂ.
07.45 ന് വീട്ടില്‍. സന്ദര്‍ശകരുടെ/പരാതിക്കാരുടെ നീണ്ട നിര. രണ്ട് ലൈനായിട്ടാണ് ആളുകള്‍ ക്യൂ നില്ക്കുന്നത്. അതിനു നടുവിലൂടെ അപേക്ഷകള്‍ വാങ്ങി മുഖ്യമന്ത്രി നീങ്ങും. വെയിലും മഴയും തടസമല്ല. ഈ സമയം ഒരു ചായയുമായി ബാബു എത്തുന്നു. ചായ കുടിച്ചിട്ട്, പരാതിക്കാരുടെ അടുത്തേയ്ക്ക്. അവരുടെ സങ്കടങ്ങളും പരാതികളും കേട്ടു. ഒന്നൊന്നായി നിവേദനങ്ങള്‍ വാങ്ങി ഉത്തരവുകള്‍ ഇട്ട് അവരെ പറഞ്ഞയച്ചു. ആളുകള്‍ ധാരാളമായി എത്തിക്കൊണ്ടിരുന്നു. അവരും ലൈനിനു പിന്നില്‍ അണിനിരക്കുന്നു. മുറ്റത്ത് നിന്ന് എല്ലാവരെയും കണ്ട് പരാതി വാങ്ങുന്നു. ഒന്‍പത്, ഒന്‍പതരയോടെ ‘ഒ.പി.’ അവസാനിക്കും.
സമയം 09.25. മെഡിക്കല്‍ കോളേജില്‍ 33.8 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം 10 മണിക്ക് ഉണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രിയും എം.പിയും പത്ത് മണിക്ക് എത്തുമെന്നും മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. പരാതി പരിഹാരത്തിനു വേഗമേറുന്നു. തിരക്കിനിടയിലൂടെ വീടിന്റെ ഉള്ളിലേക്ക് കയറുന്നു. അകത്തെ മുറിയില്‍ കുറച്ച് ആളുകള്‍ കയറി കാത്തുനില്പുണ്ടായിരുന്നു. അവരോട് സംസാരിച്ചശേഷം ഭക്ഷണം കഴിക്കുന്ന മുറിയിലേക്ക്. കപ്പയും മീന്‍കറിയും പെട്ടെന്ന് കഴിക്കുന്നു. ഇതിനിടെ പുതുപ്പള്ളിയിലെ ബേക്കറിയില്‍ നിന്നും കൊണ്ടുവന്ന പലഹാരപ്പൊതി കാറിനകത്തേക്ക്. കൂടെയുള്ളവരില്‍ ഭക്ഷണം കഴിക്കാനുള്ളവര്‍ക്കുവേണ്ടിയുള്ള കരുതലാണ്. 09.50 ന് മെഡിക്കല്‍ കോളേജിലെ പരിപാടിയിലേക്ക് പോകുന്ന വഴി പേരൂര്‍ എന്ന സ്ഥലത്ത് വളരെ വേണ്ടപ്പെട്ട ബാബുജിയുടെ അമ്മ മരണപ്പെട്ട വെള്ളാപ്പള്ളി വീട്ടിലേക്ക് അവിടെനിന്നും മെഡിക്കല്‍ കോളേജ്.
10.10 ന് മെഡിക്കല്‍ കോളേജില്‍ എത്തുന്നു. ആവേശത്തോടെയുള്ള സ്വീകരണം. കോട്ടയം മെഡിക്കല്‍ കോളേജ് ആധുനിക രീതിയിലേക്ക് വളര്‍ന്നതിന്റെ ആഹ്ലാദം ആശുപത്രി അധികൃതര്‍ക്കും നാട്ടുകാര്‍ക്കും. നേരെ സ്റ്റേജിലേക്ക്. മന്ത്രിമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എല്‍.എമാര്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ വേദിയിലുണ്ട്. യോഗം ആരംഭിച്ചു. വേദിയിലും നിവേദനക്കാര്‍ കയറുന്നു. അതു വാങ്ങി നടപടിയെടുക്കാം എന്നു പറയുന്നു. ഇതിനിടയിലും സ്വാഗത പ്രസംഗം ശ്രദ്ധിക്കുന്നു. ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിക്കുന്നു. ഹ്രസ്വവും എന്നാല്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്രവികസനകാര്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗം. ശിലാഫലകങ്ങള്‍ അനാവദരണം ചെയ്തശേഷം ജനത്തിരക്കിനിടയില്‍ കൂടി വാഹനത്തിന്റെ അടുത്തേയ്ക്ക് അതിവേഗം.
ഇതിനിടെ പത്രക്കാര്‍ വളയുന്നു. വിവാദങ്ങളും മറ്റും നിറഞ്ഞ ചോദ്യങ്ങള്‍. എല്ലാത്തിനും മറുപടി പറയുന്നു. മുഖ്യമന്ത്രി എവിടെയുണ്ടോ അവിടെ പത്രക്കാരുണ്ട്. അവരെ കഴിവതും നിരാശപ്പെടുത്താറുമില്ല. തുടര്‍ന്ന് വാഹനത്തില്‍ കയറി കൈപ്പുഴയില്‍ ജസ്റ്റിസ് സിറിയക്ക് ജോസഫിന്റെ പിതാവ് മരണമടഞ്ഞ വീട്ടിലേക്ക്. ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം ആലപ്പുഴയില്‍ വെള്ളാള മഹാസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി തിരിക്കുന്നു. 12.20 ന് ആലപ്പുഴയില്‍. പ്രസംഗത്തിന് ശേഷം തിരിച്ചു കോട്ടയത്തേക്ക്. പോകും വഴി സഹപ്രവര്‍ത്തകനായിരുന്ന കെ.ആര്‍. ഹണിയുടെ മരണവീട്ടിലേക്ക്. അവിടെ കയറി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിലെ യോഗസ്ഥലത്തേക്ക്. 01.50 ന് യോഗത്തില്‍. പെട്ടെന്ന് ആഹാരം കഴിച്ചുകൊള്ളാവാന്‍ സ്റ്റാഫിനോട് പറയുന്നു. കിട്ടിയ മസാലദോശ എല്ലാവരും കഴിക്കുന്നു. മുഖ്യമന്ത്രിക്ക് ഒരു ദോശ വാഹനത്തില്‍ വച്ച് കഴിക്കുവാന്‍ കരുതിവയ്ക്കുന്നു.
രാവിലെ കിട്ടിയ പരാതികളില്‍ മിനിറ്റ്‌സിട്ട് അപ്പോഴേക്കും യോഗസ്ഥലത്ത് എത്തിയിരുന്നു. അത് ഒപ്പിട്ട് നല്‍കുന്നു. കാറില്‍ കയറുന്നു. മണ്ഡലത്തില്‍ മണര്‍കാട് ഭാഗത്ത് തലേദിവസം വാഹനം ഇടിച്ച് മരണമടഞ്ഞ യുവതിയുടെ വീട്ടിലേക്ക്. യാത്രക്കിടയില്‍ ദോശ കഴിക്കുന്നു. മരണവീട്ടില്‍ കയറിയശേഷം തുടര്‍ന്ന് വെള്ളൂര്‍ ഭാഗത്ത് മൂന്ന് മരണവീടുകളിലേക്ക്. ഇതിനിടെ കോട്ടയത്ത് നിന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഫോണ്‍. മൂന്നു മണിക്ക് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങിന് എപ്പോള്‍ എത്തും എന്ന് തിരക്കുന്നു. കൃത്യസമയം അല്ലെങ്കില്‍ 10 മിനിട്ട് വൈകുമെന്നു മറുപടി. തുടര്‍ന്ന് കോട്ടയത്തേയ്ക്ക്. മണ്ഡലത്തില്‍പ്പെട്ട ഒരു പ്രവര്‍ത്തകന്റെ മകന്‍ മാലി ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാലയില്‍ ഓടിക്കയറി. തുടര്‍ന്ന് മാമ്മന്‍ മാപ്പിള ഹാളിലെ അവാര്‍ഡ് ദാനചടങ്ങിലേക്ക്. തിരക്ക് അറിഞ്ഞ് സ്വാഗതം ചുരുക്കുന്നു. പ്രസംഗത്തിനുശേഷം അവാര്‍ഡ് വിതരണം ചെയ്യുന്നു.
തുടര്‍ന്ന് നിയോജകമണ്ഡലത്തില്‍പ്പെട്ട മണര്‍ക്കാട് പഞ്ചായത്തിലെ കുറുപ്പുപടി പാലത്തിന്റെ ഉദ്ഘാടനം. അതുകഴിഞ്ഞ്, മണര്‍ക്കാട് പഞ്ചായത്തിനെയും അയര്‍ക്കുന്നം പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ചെറിയ പാലത്തിന്റെ ഉദ്ഘാടനം. ജനങ്ങളുടെ ആവേശത്തില്‍ പങ്ക് ചേര്‍ന്ന് മുദ്രാവാക്യങ്ങള്‍ക്കും അഭിവാദ്യങ്ങള്‍ക്കും ഇടയിലൂടെ നീങ്ങി അപ്രോച്ച് റോഡിന്റെ നാടമുറിക്കുന്നു. പുതിയ റോഡിലൂടെ നടന്നുപോയി പാലം ഉദ്ഘാടനം ചെയ്യുന്നു. അയര്‍ക്കുന്നം പഞ്ചായത്തില്‍ തകര്‍ന്ന് കിടക്കുന്ന റോഡിന്റെയും കലുങ്കിന്റെയും കാര്യത്തില്‍ നടപടിവേണം എന്ന നിവേദനത്തിന്, ഉടന്‍ തന്നെ എം.എല്‍.എ. ഫണ്ടില്‍ നിന്നും ആവശ്യത്തിന് തുക അനുവദിച്ചതായി പ്രഖ്യാപനം. വികസനകാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗം.
തുടര്‍ന്ന് കൂരോപ്പട പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ ഉദ്ഘാടനം. കൂരോപ്പട പഞ്ചായത്ത് അങ്കണത്തില്‍ നിവേദകര്‍ ധാരാളം എത്തിയിരുന്നു. എല്ലാവരില്‍ നിന്നും പരാതി വാങ്ങുന്നു. ഉദ്ഘാടനപ്രസംഗം കഴിഞ്ഞ് പാമ്പാടിയില്‍ രണ്ട് മരണവീടുകളില്‍ കയറി. അവിടെ നിന്ന് തിരിക്കുമ്പോള്‍ സമയം 05.30. മനോരമയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ജോമിയുടെ സഹോദരന്‍ പ്രൊഫ. ജോര്‍ജ് തോമസ് മരിച്ച ചങ്ങനാശേരിയിലെ വീട്ടിലേക്ക്. തുടര്‍ന്ന് 05.50 ന് തിരുവനന്തപുരത്തിന് തിരിച്ചു കാറിലൊരു മയക്കം. ഈ സമയം ഫോണ്‍കോളുകളൊന്നും നല്കിയില്ല.
എം.സി. റോഡിലൂടെ വെമ്പായം എത്തി. അരുവിക്കര ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പരിപാടി ഉദ്ഘാടനം ചെയ്യുവാന്‍ വേണ്ടി തൊളിക്കോട് നടക്കുന്ന മീറ്റീംഗിലേക്ക് പോകാന്‍ വെമ്പായത്തുനിന്നും സ്വകാര്യ കാറില്‍ കയറുന്നു. 08.30 ന് അവിടെ എത്തുന്നു. പ്രസംഗത്തിനുശേഷം രാത്രി 10 മണിയോടുകൂടി വീട്ടില്‍ എത്തുന്നു. വസ്ത്രം മാറിയശേഷം കഞ്ഞി കഴിച്ചു. അത്യാവശ്യം പേപ്പറുകള്‍ നോക്കുന്നു. രാത്രി 11.30 ന് കിടക്കാന്‍ പോകുന്നു; 05.30 ന് വിളിക്കണം എന്ന് പറഞ്ഞ്. അതിരാവിലെ തുടങ്ങിയ പരിപാടിക്ക് പരിസമാപ്തി.
നൂറുകണക്കിന് ആളുകളെ കണ്ടും നിരവധി പരിപാടികളില്‍ പങ്കെടുത്തും ഒട്ടേറെ വീടുകള്‍ സന്ദര്‍ശിച്ചും കഴിയുന്നത്ര ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്തും ഒരു നിമിഷം പോലും പാഴാക്കാതെയുള്ള ജീവിതം. ഭക്ഷണം കഴിച്ചതു കാറില്‍. ഇതു ദിവസേനയുള്ള ദിനചര്യമാത്രം. ഒരു പക്ഷേ, താരതമേ്യന ആയാസം കുറഞ്ഞ ദിവസം.
തിരക്കോടു തിരക്കിന്റെ ഈ ദിനചര്യയെക്കുറിച്ച് ഉമ്മന്‍ ചാണ്ടിക്കൊരു കാഴ്ചപ്പാടുണ്ട്. ഒരു ദിവസത്തിന്റെ ഒരു നിമിഷം പോലും പാഴാക്കരുത്. തിരക്കേറുമ്പോള്‍ ആദ്യം വേണ്ടെന്നു വയ്ക്കുക സ്വന്തം കാര്യങ്ങളായ ഭക്ഷണം, പാനീയം, ഉറക്കം തുടങ്ങിയവ. അങ്ങനെ അധ്വാനിച്ചധ്വാനിച്ച് ശരീരത്തിലുള്ള ഊര്‍ജത്തിന്റെ അവസാന കണിക വരെ വറ്റിത്തീരണം. എന്നിട്ട് ഒറ്റ കിടപ്പാണ്. കിടക്കുന്നയുടനേ ഉറങ്ങിക്കഴിയും.

( The KCHR thanks the Press Secretary Shri P T Chacko and other personal staff, Shri Pradeep (gunman) for drafting this report for the DKP web portal)