മറക്കാനാവാത്ത ഒരു അനുഭവം – സീമ , കോട്ടയം
എന്നത്തെയും പോലെ തന്നെയായിരുന്നു എന്റെ ഭര്‍ത്താവായ പി സാംബശിവന്റെ അന്നത്തെ ദിവസവും. രാവിലെ ഒന്‍പതു മണിയോടെ പ്രഭാത ഭക്ഷണം കഴിച്ചു ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയിലെ ഓഫിസിലേക്കു പുറപ്പെട്ടു. വൈകീട്ട് അഞ്ചുമണിയോടെ മടങ്ങിയെത്തി. ചായകുടി കഴിഞ്ഞു വീടിനു താഴെക്കൂടിയൊഴുകുന്ന മൂവാറ്റുപുഴയിലേക്കു കുളിക്കാനിറങ്ങി. അല്പനേരം പുഴവെള്ളത്തിലിറങ്ങിനിന്നു ഓളങ്ങളുടെ തണുപ്പേറ്റു വാങ്ങാന്‍ ശരീരത്തെ പ്രാപ്തമാക്കി. കുളിച്ചുകൊണ്ടിരുന്നവരില് ഒരാള്‍ നീന്താന്‍ പോകുന്നില്ലെയെന്നു ചോദിച്ചതിനാല്‍ ഒരു തവണ നീന്തിയെക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. ഓളങ്ങളെ പിന്നിലാക്കി കിഴക്ക് ദിക്കിലുള്ള മണല്‍ വരുന്ന കടവിനെ ലക്ഷമാക്കി നീന്തല്‍ ആരംഭിച്ചു. ഇടയ്ക്ക് അല്പസമയം കിതപ്പകറ്റാനായി പുഴയുടെ അടിത്തട്ടിലുള്ള ഒരു പാറയില്‍ കയറിനിന്നു. അപ്പോഴാണ് കുളിക്കാനിറങ്ങിയ കടവില്‍ രണ്ടു നീര്‍നായ്ക്കളെ കണ്ടതായി അയല്ക്കാരന് പറഞ്ഞത്. പറഞ്ഞുത്തീരും മുന്‍പ് അവ അദ്ദേഹത്തിനരികിലേക്ക് മുങ്ങാംക്കുഴിയിട്ടെത്തി , ഇരുപുറത്തുമായി പല്ലിളിച്ചു തലകുടഞ്ഞു പൊങ്ങിനിന്നു. പിന്നീടു നീര്നായ്ക്കളോടുള്ള യുദ്ധമാണ് ഉണ്ടായതെന്ന് പറയാം. കരയിലേക്കെത്താനായി കയ്കാലുകള്അടിച്ചു അവയെ അകറ്റിക്കൊണ്ട് അദ്ദേഹം നീന്തി. പോരാട്ടം മുറുകുംതോറും, കാലുകള്‍ പലയിടങ്ങളിലായി നീര്നായ്ക്കള് മാംസ ദാഹത്തോടെ കടിച്ചുക്കൊണ്ടിരുന്നു. മാംസം കിട്ടിയില്ലെങ്കിലും അവയുടെ കൂര്‍ത്ത പല്ലുകള്‍ കൊണ്ടുക്കയറി രക്തം വാര്‍ന്നു. മൂവന്തിയുടെ ഇരുള് പരന്ന പുഴയോളങ്ങളെ വകഞ്ഞുമ്മാറ്റിതീരത്തണഞ്ഞപ്പോഴും നീര്നായ്ക്കള് പിന്തുടര്ന്ന് കരയിലേക്ക് കയറിവരാന്‍ ശ്രമിച്ചുക്കൊണ്ടിരുന്നു . കരയില്‍ നിന്നവര്‍ കല്ലും വടിയും ഉപയോഗിച്ച് അവയെ തുരത്തി. ആത്മവിശ്വാസമുള്ളതിനാലാകണം അദ്ദേഹത്തിനവയോട് യുദ്ധം ചെയ്തു കരയിലെക്കെത്താനയതെന്നു പിന്നീട് പലപ്പോഴും ഇക്കാര്യം ചര്‍ച്ചാവിഷയമാകുമ്പോള്‍ എല്ലാവരും പറയാറുണ്ട്. ആത്മധൈര്യക്കുറവുള്ള ആളായിരുന്നെങ്കില്‍ ഇരുവശത്തു നിന്നു നീര്നായ്ക്കള് ഒരുമിച്ചു ആക്രമിക്കുമ്പോള്‍ നീന്താൻ പറ്റാതെ വരുമായിരുന്നു. കാലില്‍ ചോര വാര്‍ന്നൊഴുകിയ അമ്പത്തിയാറു കടിയടയാളങ്ങളില് തോര്‍ത്തു ചുറ്റിക്കെട്ടി മുറ്റത്തുക്കിടന്ന മാരുതി വാന്‍ സ്വയം ഓടിച്ചു ആശുപത്രിയിലെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞതും മനോധൈര്യം കൊണ്ടുമാത്രമാണ്. അന്നേ ദിവസം തന്നെ ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ആറാട്ടുകടവില്‍ കാല്ചങ്ങലയാല് ബന്ധിയ്ക്കപെട്ട നിലയില്‍, പാപ്പാന്മാരുടെ അശ്രദ്ധ മൂലം ഒരു ആന മുങ്ങിത്താണ് പോയിരുന്നു. ഒരു പക്ഷെ പുഴയ്ക്കു വേണ്ടിയിരുന്നത് ഒരു ആത്മവിനെയാകണം. അതുകൊണ്ട് തന്നെ , ആയുസ്സ് തിരികെക്കിട്ടിയ ആ ദിവസം മറ്റേതൊരു ദിവസത്തെക്കാളുമേറെ ശോഭയോടെ അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ഇടം നേടിയിരിക്കുന്നു.
1 Comment Already
Leave a Reply
You must be logged in to post a comment.
great