7-3-2015
ദിവസവും വിചാരിക്കും എന്നും അഞ്ചു മണിക്ക് എഴുന്നേല്‍ക്കണമെന്നു എന്നാല്‍ അമ്മയുടെ ശാസന “എഴുന്നേല്‍ക്കെടീ, കോളേജില്‍ പോകണ്ടേ” എന്നുള്ളത് കേട്ടാണ് എന്നും എഴുന്നേല്‍ക്കുന്നത്. പിന്നെ ചായ കുടിച്ചു പല്ല് തേച്ചു കുളിക്കാന്‍ പോകുന്നു. അരമണിക്കൂര്‍ നേരത്തെ മേക്കപ്പിനു ശേഷം ഏഴേ മുക്കാലിന് വീട്ടില്‍ നിന്നും ഇറങ്ങുന്നു. എട്ടു മണിക്ക് ബസ്സില്‍ കയറും. ഒറ്റയ്ക്കുള്ള യാത്ര ആയതിനാല്‍ ഓരോ കാര്യങ്ങള്‍ ചിന്തിച്ചിരിക്കും. സീരിയലിനെപ്പറ്റി, ക്ലാസ്സിലെ തമാശകള്‍ അങ്ങനെയങ്ങനെ. ഒന്‍പതു മണിക്ക് കോളേജില്‍ എത്തും. ഒന്‍പതര മുതല്‍ ക്ലാസ്സ്‌ തുടങ്ങും. ബോറിംഗ് ക്ലാസ്സുകള്‍. എന്തെങ്കിലും ചിന്തിച്ചിരിക്കും. പന്ത്രണ്ടരയ്ക്ക് ഉച്ച ഭക്ഷണത്തിനുള്ള ബെല്‍ അടിക്കും. ഭക്ഷണം കഴിച്ചു അരമണിക്കൂര്‍ നേരം ലൈബ്രറിയില്‍ പോയി ഇരിക്കും. ആദ്യം പത്രം വായിക്കും. രാഷ്ട്രീയ കാര്യങ്ങള്‍ പ്രത്യേകിച്ച് പിന്നെ ഏതെങ്കിലും മാഗസിനോ തൊഴില്‍വാര്‍ത്തയോ വായിക്കും. ചില ദിവസങ്ങളില്‍ പുസ്തകങ്ങള്‍ എടുത്തു വായിക്കും. പിന്നെയും ബോറിംഗ് ക്ലാസ്സുകള്‍. മൂന്നരയ്ക്ക് കോളേജ് വിടുന്നു. കോളേജില്‍ ഫ്രീ പീരീഡ്‌ കിട്ടുകയാണെങ്കില്‍ കുട്ടികളുമൊത്ത് സംസാരത്തില്‍ ഏര്‍പ്പെടും. രാഷ്ട്രിയം, സിനിമ, സീരിയല്‍ ഇതൊക്കെയാകും വിഷയങ്ങള്‍. ചിലപ്പോള്‍ ക്ലാസ്സിലെ തന്നെ കുട്ടികള്‍ ആകും വിഷയം. പിന്നെ മൊബൈല്‍, ഈ സാധനം ഉള്ളതുകൊണ്ട് മിക്ക കുട്ടികളും അതിലായിരിക്കും. ചിലപ്പോള്‍ ഞാനും. വീഡിയോസ്, പാട്ടുകള്‍ ഇതൊക്കെ ഷെയര്‍ ചെയ്യുന്നു. ചിലപ്പോള്‍ പാട്ട് ഇട്ടു ഡാന്‍സ് കളിക്കും. വൈകീട്ട് അഞ്ചു മണിക്ക് വീട്ടിലെത്തുന്നു. വല്ലതും കഴിക്കും. പിന്നെ ഡ്രസ്സ്‌ കഴുകിയിടും. എട്ടു മണിയാകുമ്പോള്‍ വല്ലതും പഠിക്കും. പിന്നെ ഒന്‍പതു മണി മുതല്‍ ടി വി യുടെ മുന്‍പില്‍. പന്ത്രണ്ടു മണിക്കകം ഉറങ്ങും.
കോളേജില്‍ ക്ലാസ്സ്‌ ഇല്ലാത്ത ദിവസങ്ങളില്‍ എവിടെയെങ്കിലും കറങ്ങാന്‍ പോകും, സിനിമ കാണും, ഡ്രസ്സ്‌ എടുക്കാന്‍ പോകും. ഇതൊക്കെ തന്നെ. പിന്നെ ഇന്റെര്‍ണല്‍ എക്സാം ആകുമ്പോള്‍ എന്തെങ്കിലും സീരിയസ് ആയി പഠിക്കും.