എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരനുഭവം -രജിത സന്തോഷ് , 27 വയസ്സ് ,തിരുവനന്തപുരം
തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയില്‍ കാണേണ്ടിവന്ന ഹൃദയംപൊട്ടുന്ന തരത്തിലുള്ള ഒരു കാഴ്ച്ചയുടെ ഓര്‍മ്മകളാണ് ഞാന്‍ നിങ്ങളോട് പങ്കുവയ്ക്കുന്നത്…
ഞാന്‍ എന്റെ ഭർത്താവ് സന്തോഷിനും ഞങ്ങളുടെ ഓഫീസിലെ (KCHR) ലൈബ്രെറിയൻ
മാത്യുവിനുമോപ്പം നാഷണൽ മ്യൂസിയത്തിൽ വച്ചു KCHR നടത്തുന്ന എക്സിബിഷനുവേണ്ടി തിരുവനന്തപുരത്തുനിന്നും ഡല്‍ഹിക്ക് പോകുന്നതിനിടയില്‍ രാജധാനിഎക്സ്പ്രസ്സ് നിസ്സാമുദീന് റെയില്‍വേ സ്റ്റേഷന് എത്തുന്നതിനു കുറച്ചുദൂരം മുന്‍പ് കുറച്ചുസമയം നിര്‍ത്തിയിട്ടു. അവിടെ എന്നും നിര്ത്തിയിടാറുണ്ടെന്നു തോന്നുന്നു. എന്റെ ഡല്‍ഹിയിലേക്കുള്ള ആദ്യ യാത്രയായതുകൊണ്ട് വ്യക്തമായി അറിയില്ല. അതെന്തെങ്കിലും ആകട്ടെ.. എന്നും നിര്ത്തിയിടാറുണ്ടാകും എന്നെനിക്ക് തോന്നാനും ഒരു കാരണമുണ്ട്… ട്രെയിന്‍ അവിടെ എത്തിയപ്പോള്‍ ഈ ട്രെയിന്‍ കാത്തുനിന്നതുപോലെ കുറെ പിഞ്ചോമനകള്‍ അതിനടുത്തേക്ക് ഓടിയടുത്തു. ആദ്യം ഞങ്ങള്‍ക്ക് അവര്‍ എന്തിനാ വന്നതെന്ന് മനസ്സിലായില്ല. പിന്നാടാണ് അതുകണ്ടത്; ട്രെയിനിലെ ജീവനക്കാര്‍ രണ്ടുമൂന്ന് ചാക്കുകെട്ടുകള്‍ എടുത്ത് കുട്ടികളുടെ കൈയ്യിലേക്ക് കൊടുത്തു. ആ ചാക്കുകെട്ടുകള്‍ കൈയ്യില്‍ വാങ്ങുവാന്‍ ആ കുരുന്നുകള്‍ അടിപിടികൂടി. ഈ ചാക്കുകെട്ടില്‍ എന്താണ് അവര്ക്കിതെന്തിനാണ് എന്നൊന്നും ഞങ്ങള്‍ക്കാദ്യം മനസ്സിലായില്ല. പ്ലാസ്റ്റിക് കുപ്പികളും മറ്റുമായിരിക്കുമെന്നാണ് കരുതിയത്. പിന്നീടാണ് ആരെയും വേദനിപ്പിക്കുന്ന ആ കാഴ്ച്ച കണ്ടത്. രാജധാനിഎക്സ്പ്രസ്സ് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ നിസ്സാമുദീന്എത്തുന്നതുവരെയുള്ള 3 ദിവസം പഴക്കമുള്ള ഭക്ഷണത്തിന്റെയും മറ്റും അവശിഷ്ടങ്ങള്‍ ആയിരുന്നു ആചാക്കില്. ആകുട്ടികള്‍ അത് ഒരു സ്ഥലത്ത് കൊടഞ്ഞിട്ട് അതില്‍ നിന്നും അഴുക്കുപിടിച്ച ചീഞ്ഞ ഭക്ഷണ സാധനങ്ങള്‍ പെറുക്കിയെടുത്ത് രുചിയോടെ ഭക്ഷിക്കുന്നു. അന്നേ ദിവസം അവര്‍ ഒന്നും തന്നെ കഴിച്ചിട്ടില്ല എന്നതും ഈ പഴക്കം ചെന്ന ഭക്ഷണാവശിഷ്ടങ്ങളാണ് എന്നും അവരുടെ വിശപ്പകറ്റുന്നതെന്നും ആ കാഴ്ച്ചയില്‍ നിന്നും വ്യക്തം. ചന്നം പിന്നം നടന്നുതുടങ്ങിയ കുരുന്നുകള്‍ വരെ ആ അഴുകിയ ഭക്ഷണത്തിനുവേണ്ടി ഓടിയെത്തുന്ന കാഴ്ച്ച കരളലിയിപ്പിക്കുന്നതായിരുന്നു. അഴുക്കില്‍ നിന്നും പെറുക്കിയെടുത്ത അഴുകിയ ഭക്ഷണ സാധനങ്ങള്‍ പങ്കിട്ടെടുക്കുന്ന കുട്ടികള്‍, അതിനുവേണ്ടി അടിപിടികൂടുന്ന കുഞ്ഞുങ്ങള്‍, 3 ദിവസം പഴക്കമുള്ള പരിപ്പുകറി ആര്‍ത്തിയോടുകൂടി വലിച്ചുകുടിക്കുന്ന കുട്ടികള്‍, യാത്രക്കാര്‍ ഉപേക്ഷിച്ചുപോയ പാല്‍പ്പൊടിയും, ബിസ്കറ്റും മറ്റും വളരെ സന്തോഷത്തോടുകൂടി പെറുക്കിയെടുത്ത് അമ്മയുടെ കയ്യില്കൊണ്ടുചെന്നുകൊടുക്കുന്നു, അമ്മയും മറ്റുകുരുന്നുകളും ഇതിനുവേണ്ടികാത്തുനില്ക്കുന്നു…..
എന്റെ 27 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇത്തരത്തിലൊരു ദൃശ്യം അന്നാദ്യമായിട്ടായിരുന്നു. ഒരുകുഞ്ഞില്ലാത്ത ദുഃഖം അനുഭവിക്കുന്ന ഞങ്ങള്‍ക്ക് കുരുന്നുകളുടെ ഈ കാഴ്ച്ച സഹിക്കാന്‍ പറ്റാത്തതായിരുന്നു. അവിടെവച്ച് ആസമയം ആ കുഞ്ഞുങ്ങള്‍ക്കുവേണ്ടി എന്തുചെയ്യാന്‍ സാധിക്കും എന്നാലോചിച്ചു. (ഇതിനിടയില്‍ മറ്റൊരു സംഭവമുണ്ടായി. ട്രെയിന്‍ ബോംബെക്കടുത്ത് പനവേല്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സന്തോഷിന്റെ ഒരു ബന്ധു ഞങ്ങളെ കാണാന്‍വന്നിരുന്നു. ട്രെയിനിലെ ആവര്‍ത്തിച്ചു വരുന്ന ഓരോ ഭക്ഷണവും കഴിച്ചു മടുത്ത ഞാന്‍ വരുമ്പോള്‍ എന്തെങ്കിലും വാങ്ങികൊണ്ടുവരണമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. പറഞ്ഞതനുസരിച്ച് അദ്ദേഹം വന്നപ്പോള്‍ കുറച്ചു പഴങ്ങളും മറ്റും വാങ്ങികൊണ്ടുവന്നിരുന്നു. അത് ഞങ്ങള്‍ കഴിച്ചിട്ടുണ്ടായിരുന്നില്ല.) വിശന്നുവലഞ്ഞുനില്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പൈസയേക്കാള്‍ അത്യാവശം ഭക്ഷണമാണെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു. ട്രെയിന്‍ വിടുമോയെന്ന പേടിയുണ്ടായെങ്കിലും സന്തോഷ് ട്രെയിനില്‍ നിന്നും ഇറങ്ങി ആ കുരുന്നുകളെ അടുത്തേക്ക് വിളിച്ച് ഞങ്ങളുടെ കൈയ്യിലുണ്ടായിരുന്ന ആപ്പിളും, മുന്തിരിയും, പഴവും അടങ്ങുന്ന കവര്‍ ആദ്യം ഓടിയെത്തിയ ഒരു പെണ്‍കുഞ്ഞിന്റെ കൈയ്യിലേക്ക് കൊടുത്തു. അവള് അതുകൊണ്ടുപോയി അവരുടെ അമ്മയെ ഏല്‍പ്പിച്ചു. അമ്മ അത് എല്ലാവര്‍ക്കുമായി വീതിച്ചുകൊടുത്തു. ജീവിതത്തില്‍ ആദ്യമായി അതൊക്കെകഴിക്കുന്ന അത്ഭുതവും, സന്തോഷവും ആ കുരുന്നുകളുടെ മുഖത്തുണ്ടായിരുന്നു. അന്നു ഞങ്ങള്‍ ഒരു തീരുമാനം എടുത്തു. ഇനി ഒരിക്കലും ഒരു തരി ഭക്ഷണവും പഴാക്കികളയില്ല എന്നും, ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും വിശന്നു വലഞ്ഞു നടക്കുന്ന ഒരാള്‍ക്കെങ്കിലും ഒരുനേരത്തെ ഭക്ഷണം കൊടുക്കണമെന്നും.
ജീവിച്ചിരിക്കുന്ന സമയത്ത് നമ്മളെക്കൊണ്ടാകുന്ന നന്മകള് മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യുക. അത് പൈസകൊണ്ടാകണമെന്നില്ല പ്രവര്‍ത്തികൊണ്ടായാലും മതി. ആഴ്ചയില്‍ ഒരിക്കലെങ്കിലും അല്ലെങ്കില്‍ മാസത്തിലൊരിക്കല്‍ എല്ലാവരും ഒരു പൊതി ചോറ് കൂടുതല്‍ കൊണ്ടുവന്നാല്‍ അത് വിശന്നുവലഞ്ഞു നടക്കുന്നവര്‍ക്ക് കൊടുത്ത് അവരുടെ വിശപ്പകറ്റാന്‍ കഴിഞ്ഞാല്‍ അതിനെക്കാള്‍ വലിയ ഒരു പ്രവര്‍ത്തിയില്ല. അതിനേക്കാള്‍ വലിയ ഒരു നന്മയില്ല…. അത്തരം പ്രവര്‍ത്തികള്‍ നമ്മുക്കും നമ്മുടെ സ്ഥാപനത്തിനും ഉയര്‍ച്ച മാത്രമേ ഉണ്ടാക്കിതരൂ….
“അന്നദാനം മഹാദാനം”
Leave a Reply
You must be logged in to post a comment.