21-12-2019

പ്രളയം 2018
ഒരാമുഖം
എസ്. ശാരദാമ്മാൾ TSP നമ്പൂതിരി. വയസ്സ് 73

ഞാൻ പെരിയാറിൻെറ തീരത്ത് ജനിച്ചു വളർന്ന ആളാണ്. 2018 ലെ പ്രളയം എൻെറ മനസ്സിലേക്ക് ഓർമ്മകളുടെ ഒരു പ്രളയം തന്നെയാണ് കൊണ്ടുവന്നത്.
കുട്ടിക്കാലം മുതൽ വെള്ളപൊക്കം കണ്ട ഓർമ്മയുണ്ട്. വേനൽ കാലത്ത് കണ്ണീരുപോലെ തെളിഞ്ഞ് ഒഴുകുന്ന പുഴ. സ്വർണ്ണതരികൾപോലത്തെ മണൽ വിരിച്ച മണൽപ്പുറം. ആ മണൽ പുറത്ത് ഓടികളിച്ചും, മണൽ കുഴിച്ച് പാലവും കിണറും കുളവും സൃഷ്ടിച്ച് കളിക്കുന്ന കുട്ടികൾ. കുറച്ച് മുതിർന്ന കുട്ടികൾ നീന്തൽ പഠിക്കുന്നു. വലിയവർ നീന്തി അക്കരെ വരെ പോയി തിരിച്ചു വരുന്നു. അമ്മമാർ തുണികൾ അടിച്ചു അലക്കുന്നു. അന്ന് കുറച്ച് “ശുദ്ധാശുദ്ധങ്ങ”ളൊക്കെ ഉള്ള കാലമാണ്. കുളിച്ച് കേറിയവരുടെ മേലേക്ക് (ശരീരത്തിൽ) കുളിക്കാത്തവർ വെള്ളം തെറിപ്പിച്ചുകൂടാ. പുഴയിൽ മുങ്ങിക്കുളിക്കുക തന്നെ വേണം. നനച്ച തുണികൾ വെള്ളത്തിനടിയിൽ മുക്കി താഴ്ത്തി എടുത്തിട്ട് വേണം, ഉലമ്പി (അലമ്പി) പിഴിഞ്ഞ് എടുക്കാൻ.
കൂലിപ്പണിക്ക് പോകുന്നവർക്ക് “ഉച്ചപ്പണി”യേ ഉള്ളു. ഉച്ചപ്പണി കഴിഞ്ഞ് അവർ പുഴയിൽപോയി വിസ്തരിച്ച് കുളിക്കും. ഉടുത്തിരിക്കുന്ന മുണ്ട് നന്നായിട്ട് അടിച്ച് നനച്ച് പിഴിഞ്ഞ് മണൽ പുറത്ത് വിരിച്ചിടും. എന്നിട്ട് കുളിക്കുന്നത് സോപ്പ് തേച്ചല്ല. ഇഞ്ച, ചകിരി ഇതൊക്കെയാണ്. നാട്ടു വിശേഷങ്ങളും വീട്ട് വിശേഷങ്ങളും പറഞ്ഞ് കുളിച്ച് കേറുമ്പോഴേക്കും മുണ്ട് ഉണങ്ങിയിട്ടുണ്ടാവും. ഉ‌‌ണങ്ങിയില്ലെങ്കിൽ അത് നിവർത്തി കാറ്റ് കൊള്ളാൻ പാകത്തിന് പിടിച്ചുകൊണ്ട് ലങ്കോട്ടി (കോണകം) മാത്രം ഉടുത്തുകൊണ്ടാവും വീട്ടിലേക്കുള്ള നടപ്പ്. സ്ത്രീകളും തോർത്ത് മാത്രം ഉടുത്ത് ഇതുപോലെ കുളിച്ച് കേറും. (ഉണങ്ങാത്തമുണ്ട് പുതച്ചുകൊണ്ട്).
ഉച്ച കഴിഞ്ഞ് വീട്ടിൽ ചെന്നാൽ ഇറയത്തിരുന്ന് പനമ്പ് നെയ്ത്ത് ആണ് പണി, തോട്ടുവാ കവലയിൽ നിന്നും നടന്ന് വരുമ്പോൾ റോഡിൻെറ രണ്ട് വശത്തും ചെറിയ ചെറിയ ഓടിട്ട വീടുകളാണ്. ഇറയത്തിരുന്ന് സ്ത്രീകൾ പനമ്പ് നെയ്യുന്നു – കുട്ടികളടക്കം. ചെറിയ കുട്ടികൾ പനമ്പ് നെയ്യാൻ പഠിക്കുന്നു. ആണുങ്ങൾ പനമ്പിനുള്ള “അളി” കീറി കൊടുക്കുന്നു. മലയാറ്റൂർ മലയിൽ നിന്ന് ഈറ്റവെട്ടാൻ പോകുന്നവരാണ് മിക്കവരും. കാട്ടിൽ നിന്ന് ഈറ്റ വെട്ടി, കൂട്ടി കെട്ടി ചങ്ങാടമാക്കി പെരിയാറിൽ കൂട്ടി കൊണ്ട് വരും. അതുകൊണ്ട് ആണുങ്ങൾ എല്ലാ ദിവസവും എല്ലാവരും വീട്ടിൽ ഉണ്ടായിരിക്കില്ല. ആ വീട്ടുകാരെല്ലാം ബന്ധുക്കളും മിത്രങ്ങളുമാണ്. അവർ സ്വന്തം വീട്ടിലിരുന്ന് പനമ്പ് നെയ്യുകയും അയൽക്കാരുമായി സംസാരിക്കുകയും ഒരേ സമയം ചെയ്യും. വൈകുന്നേരമാകുമ്പോൾ ആണുങ്ങൾ “കവലക്കലേക്കും” (ഇത്തിരി കള്ളു കുടിച്ച് ആഘോഷിക്കാനും നാട്ടുകാര്യങ്ങൾ അറിയാനും) സ്ത്രീകൾ അടുക്കളയിലേക്കും പോകും. ഇറച്ചിയും മീനുമൊക്കെയായി വിസ്തരിച്ചൊരു ഊണ് തയാറാക്കും. ഒന്ന് “മിനുങ്ങി” വരുന്ന ചിലരൊക്കെ വീട്ടുകാർക്കും ഒരിത്തിരി കൊണ്ടു വരും. സുന്ദരമായ ആഘോഷം – ചില വീടുകളിൽ അടിപിടിയും കയ്യാങ്കളിയും ഉണ്ടായാലും അതൊക്കെ ഒരാഘോഷമായി മാറും, പിറ്റെ ദിവസമാകുമ്പോഴേക്കും !! അതൊക്കെ ഓരോരുത്തരുടെ സ്വഭാവം എന്ന ലാഘവ ചിന്തമാത്രമേ ഉണ്ടാകാറുള്ളു.
അത്താഴത്തിൻെറ ബാക്കി “ഇത്തരി” രാവിലെ “മോന്താനുള്ള” പഴങ്കഞ്ഞി ഉണ്ടാവും. അത് കുടിച്ചിട്ടാണ് പണിക്ക് പോകുന്നത്. 10 മണിക്ക് പണിസ്ഥലത്തു വയറ് നിറയെ കഞ്ഞിയും പുഴുക്കും ചമ്മന്തിയും (ചിലപ്പോൾ ഉപ്പിലിട്ടത് എന്ന അച്ചാർ ആയിരിക്കും) 12 മണിക്ക് പണിക്ക്കേറും. അങ്ങനെ വളരെ ചിട്ടയായ ജീവിതശൈലി.
മറ്റൊരുവശത്ത് രാവിലെ ഇല്ലങ്ങളിലും (നമ്പൂരി ഗൃഹം) മഠങ്ങളിലും (തമിഴ് ബ്രാഹ്മണ ഗൃഹം) പണിക്ക് പോകുന്ന നായർ സ്ത്രീകൾ അവർ തോട്ടിൽ കുളിച്ച് അമ്പലത്തിൽ തൊഴുത് പോകുന്നവരാണ് അധികവും. കാപ്പിയും ഊണും എല്ലാം കഴിഞ്ഞ് വൈകുന്നേരമേ മടങ്ങൂ. അവർക്ക് പാത്രം തേക്കൽ അടിച്ചുവാരി തുടക്കൽ, കഷണം നുറുക്കാൻ (പച്ചക്കറി അരിഞ്ഞ് കൊടുക്കൽ) കുട്ടികളെ നോക്കൽ, പൂജക്ക് പൂവ് പറിച്ച് കൊടുക്കൽ, ദശപുഷ്പം ശേഖരിക്കാൻ ചാണകം മെഴുകാനുള്ള ഇറയവും മുറ്റവും മെഴുകൽ തുടങ്ങിയ പണികളായിരിക്കും. ഇതിൻെറയെല്ലാം കൂടെ ഒരു “ആകാശവാണി” പ്രവർത്തനം സജീവമായി്ട്ട് നടക്കുന്നുണ്ടാവും. അടുക്കളയിലും അകത്തളങ്ങളിലും കഴിയുന്ന അന്തർജനങ്ങൾക്ക് പുറം ലോകത്തേക്കുള്ള ഒരു ജനലാണ് ഇവർ. അതുകൊണ്ടുതന്നെ അവർ ഇത്തിരി “ശൃംഗാരപദം ആടിയാലും” ആർക്കും പരാതി തോന്നാറില്ല. കാരണം അതും അവർക്ക് പുറം ലോകത്തിൻെറ ഒരാസ്വാദനമാവും പലപ്പോഴും!! അന്തർജനത്തിൻെറ ദാമ്പത്യത്തിൻെറ ലക്ഷ്യം ശൃംഗാരമല്ല, സത് സന്താനലബ്ധിയാണ് എന്ന വിശ്വാസവും അനുഭവവുമായിരുന്നു അക്കാലത്ത്.
കുളിയും തേവാരവും കഴിഞ്ഞ് പൂജയും, ശാന്തിയും, ദേഹണ്ഡവും (പാചകം) പഠിപ്പിക്കലും (പൂജയും മന്ത്രങ്ങളും) ഒക്കെയായി കഴിയുന്ന ബ്രാഹ്മണർക്ക് പിന്നീട് പല ഓഫീസുകളിലും മറ്റും ചില്ലറ പണികൾ കിട്ടി പട്ടണത്തിലേക്ക് പോകാൻ തുടങ്ങിയിരുന്നു.
പാടത്തും കണ്ടത്തിലും പണിയുന്ന മറ്റു ജാതിക്കാർ, മത്സ്യം പിടിക്കുന്നവർ, തുണി അലക്കുന്നവർ, കള്ള് ചെത്തുന്നവർ, ഷാപ്പ് നടത്തുന്നവർ, ക്ഷുരകർ, ആശാരിമാർ (കല്ലാശാരിയും മരാശാരിയും) വാണിയന്മാർ (എള്ള് ആട്ടുന്നവർ) കച്ചവടക്കാർ, കട നടത്തുന്നവർ (വളരെ കുറവ്) വേലികെട്ടുന്നവർ (അന്ന് മതിലുകൾ ഉണ്ടായിരുന്നില്ല. ഇല്ലിമുള്ളും മുളയും ഉപയോഗിച്ചായിരുന്നു വേലികൾ) പശുവിനേയും, കാളയേയും പോത്തിനേയും എരുമയേയും ആടിനേയും വളർത്തുന്നവർ. നിലം ഉഴാനും വണ്ടിവലിക്കാനും വേറെവേറെ കാളയും പോത്തും ആയിരുന്നു.
അങ്ങനെ അങ്ങനെ ഓരോരോ ജോലിക്കും ഓരോരോ ജാതിക്കാർ. ഓരോരുത്തർക്കും അവരവരുടേതായ തട്ടുകൾ ഉണ്ട്. ശുദ്ധവും, അശുദ്ധവും ഒക്കെ എല്ലാവരും തമ്മിൽ ഉണ്ട്.
സവർണ്ണരും അവർ‌‌ണ്ണരും തമ്മിൽ മാത്രമുള്ള ഒരേർപ്പാടായിരുന്നില്ല അത്. അതിൽ ആർക്കും ഒരു അപാകതയും തോന്നിയിരുന്നില്ല. ഇപ്പോൾ പല പല ഗ്രേഡിലും തസ്തികയിലും ഉള്ള ഉദ്യോഗം പോലെ മാത്രമേ അത് തോന്നിയിരുന്നുള്ളു.
ഈ ഒരു സാമൂഹ്യ പശ്ചാത്തലം അറിഞ്ഞാലേ മലവെള്ളത്തിൻെറ തീവ്രത മനസ്സിലാവൂ. പുഴയുടെ തീരത്തും പാടത്തിൻെറ വക്കത്തും ധാരാളം വീടുകൾ, കുടിലുകൾ ഒക്കെ ഉണ്ടായിരുന്നു. അതിലൊക്കെ മിക്കവാറും വർഷം വെള്ളം കേറും. അത് മുൻകൂട്ടി അറിയാവുന്നതുകൊണ്ട് വേണ്ട മുൻകരുതലുകൾ എടുക്കും. എങ്കിലും കുറച്ചൊക്കെ കഷ്ടനഷ്ടങ്ങൾ വരും. ജോലി ദിവസങ്ങൾ നഷ്ടപ്പെടും എന്നതും, പട്ടിണിയാകും എന്നതുമാണ് അവരുടെ ഏറ്റവും വലിയ വിഷമം.
പക്ഷേ ഒരിക്കൽ പോലും അവരൊന്നും “മുഴുപട്ടിണി” ആയിട്ടില്ല. മുതലാളിമാരുടേയും തമ്പ്രാ ക്കളുടേയും വീടുകളിൽ അവർക്കുള്ള കരുതൽ ഉണ്ടായിരുന്നു. (ബോണസ് “മാറ്റിവച്ചവേതനമാണ്” എന്ന ആശയം തന്നെ) വളരെ അപൂർവമായി “കണ്ണിൽ ചോരയില്ലാത്ത” വരും ഉണ്ടായിരുന്നു എന്നത് സത്യം.
എൻെറ ഇല്ലത്തൊക്കെ കടുമാങ്ങയും ഉപ്പുമാങ്ങയും ഒക്കെ വലിയ വലിയ ഭരണികളിൽ ഉണ്ടാക്കുമ്പോൾ ഈ ആവശ്യങ്ങളൊക്കെയാണ് മനസ്സിൽ. അന്നൊന്നും “മറ്റുള്ളവർ” അച്ചാറുകൾ ഉണ്ടാക്കാറില്ല, ഇന്നത്തെപോലെ വിൽപന ഇല്ല, അച്ചാറ് കമ്പനികൾ ഇല്ല. അതുകൊണ്ടുതന്നെ ആവശ്യക്കാർക്ക് ഇതു ഉണ്ടാക്കി കൊടുക്കൽ ഞങ്ങളുടെ ഉത്തരവാദിത്വവും കടമയുമായിരുന്നു. തമിഴ് ബ്രാഹ്മണരാണെങ്കിൽ കൊണ്ടാട്ടവും പപ്പടവും ആണ് ഉണ്ടാക്കി കൊടുക്കുക.
അന്നൊക്കെ തുണികൾ (വസ്ത്രങ്ങൾ) വളരെ കുറവായിരുന്നു, എല്ലാവർക്കും. അതുകൊണ്ട് തന്നെ വർഷക്കാലത്തേക്കായി “പഴയവസ്ത്രങ്ങൾ” സൂക്ഷിച്ച് വയ്ക്കും (വർഷകാലത്ത് ഉണങ്ങി കിട്ടാൻ വിഷമമാണല്ലോ) എത്ര കഷ്ടിയാണെങ്കിലും പഴയതുണി ചോദിച്ച് വരുന്നവർക്ക് കൊടുക്കാതിരിക്കാറില്ല. നാട്ടിൽ വെള്ളപൊക്കമെന്ന് പറഞ്ഞുവരുന്ന അന്യസംസ്ഥാനക്കാരോടും ദയയായിരുന്നു. ഇടത്തരം വീടുകളിലും “പകുതി ഈറനായ” വസ്ത്രം ധരിക്കേണ്ടി വരുന്നത് സർവസാധാരണമായിരുന്നു. പക്ഷേ അവരത് പുറത്ത് പറയാറില്ല. അതവർക്ക് കുറച്ചിലാണ്, പൊങ്ങച്ചം കൈവിടാനാവില്ലല്ലോ. പുറമേ നിന്ന് ഒരു സഹായവും ഞങ്ങൾ ആഗ്രഹിക്കാറില്ല, കിട്ടാറില്ല, ആവശ്യവും വരാറില്ല.
വെള്ളം പൊങ്ങി കഴിഞ്ഞാൽ മലയിൽ നിന്നും ഒഴുകിവരുന്ന “തടി പിടിക്കൽ” നാട്ടുകാർക്കൊക്കെ ഒരു ഹരമാണ്. ചെറിയ ചെറിയ വഞ്ചി എല്ലാ വീട്ടിലും ഉണ്ടാവും. മത്സരിച്ച് തടി പിടിക്കുന്നത് കാണാൻ നല്ല രസമാണ്. പക്ഷേ വഴക്ക് ഉണ്ടാവാറില്ല. അത് കാണാൻ പുഴയുടെ ഇരുകരകളിലും ആൾക്കാരുണ്ടാവും, അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആണുങ്ങളാണെങ്കിൽ തീപ്പെട്ടിയും ബീഡിയും ഉണ്ടാവും കയ്യിൽ. തണുത്ത് വിറച്ച് വരുന്ന വഞ്ചിക്കാർ ഇടക്ക് കരക്കടുപ്പിച്ച് ഇവരോട് തീപ്പെട്ടിയും ബീഡിയും വാങ്ങും. ഇന്നത്തെപ്പോലെ പ്ലാസ്റ്റിക്കിന് പ്രചാരം ഉണ്ടായിരുന്നില്ല, അതുകൊണ്ട് വഞ്ചിയിൽ പോകുമ്പോൾ നനയാതെ സൂക്ഷിക്കാൻ പറ്റില്ലായിരുന്നു. ചിലപ്പോൾ അവർ കയറി വന്ന്, അടുത്തുള്ള വീടുകളിൽ നിന്ന് കുരുമുളക് കാപ്പി, ചുക്ക് വെള്ളം, ചൂടുള്ള കഞ്ഞി എന്നിവയും കഴിക്കും. ചിലപ്പോഴൊക്കെ ചിലർ ഊണ് കഴിക്കും.
തോട്ടുവായിലെ ഏറ്റവും വലിയ വഞ്ചിക്കാരൻ അന്ന് വടക്കേമനക്കലെ വല്ല്യതിരുമേനി ആയിരുന്നു. ഒരുപാട് പേരെ “തൊഴയാൻ” പഠിപ്പിച്ചു. മലയാറ്റൂർ മലയിൽ നിന്ന് ഫോറസ്റ്റ് വക തടി ചിലപ്പോൾ ഒഴുക്കിൽപ്പെട്ടുവരും അത് കരക്കടുപ്പിച്ച് സീല് ചെത്തി കളഞ്ഞ് വിൽക്കാൻ ചിലർ ശ്രമിക്കും. വല്ല്യ തിരുമേനി (MKPSN ‍എന്ന തുപ്പൻ നമ്പൂതിരി) അതൊരിക്കലും സമ്മതിക്കില്ല. കാരണം അദ്ദേഹം ഫോറസ്റ്റ് ഓഫീസിൽ ഗാർഡ് ആയി ജോലി ചെയ്തിരുന്ന സത്യസന്ധ നായ ഉദ്യോഗസ്ഥനായിരുന്നു.
ചിലപ്പോൾ അപ്രതീക്ഷിതമായി വെള്ളം പെട്ടെന്ന് കൂടുമ്പോൾ പലരും കരക്ക് അടുപ്പിച്ചിട്ട തടികൾ വീണ്ടും ഒഴുകി പോകും!! അത് വേറെ ആരെങ്കിലും പിടിച്ചെടുക്കും. അതൊക്കെ ഒരു സ്പോർട്ട്സ്മാൻ സ്പിരിട്ടോടെയാണ് എടുക്കാറ്, അതിൻെറ പേരിൽ വഴക്കുണ്ടായതായി കേട്ടിട്ടില്ല. ചെറിയ ചെറിയ വാക്കുതർക്കങ്ങളല്ലാതെ.
“കോലുവാക്കൽ മുറിഞ്ഞു” എന്ന അറിയിപ്പ് കിട്ടിയാൽ ഉടനെ എല്ലാവരും ജാഗരൂഗരാകും. കാരണം അത്രക്ക് ഒഴുക്കാണവിടെ. പിന്നെ വളരെ സൂക്ഷിക്കണം, അപകടം പറ്റാതെ ശ്രദ്ധിക്കണം.
വെള്ളം കേറാൻ തുടങ്ങിയാൽ ഉടനെ സ്കൂളിൽ ആള് വരും, സ്കൂൾ വിടും. വെള്ളപൊക്കം കാണാനുള്ള ഉത്സാഹത്തിൽ കുട്ടികൾ ഓട്ടം. ഓടുന്ന കുട്ടികളുടെ പുറകിൽ ജാഗ്രതയോടെ നാട്ടുകാർ ഉണ്ടാവും. 3,4 മൈൽ അകലെ നിന്ന് വരുന്ന കുട്ടികളാവും എല്ലാവരും സുരക്ഷിതരായി വീട്ടിൽ എത്തണം. വീട്ടിൽ ഒറ്റക്കിരിക്കുന്ന അമ്മമാർക്കും മുത്തശ്ശിമാർക്കും പോലും കുട്ടികളുടെ കാര്യത്തിൽ വേവലാതി തോന്നാറില്ല. അവർ നാട്ടുകാരുടെ കയ്യിൽ അത്രക്ക് സുരക്ഷിതരായിരുന്നു. ഇവിടെ ഒരു കർമ്മ സമിതിയും വേണ്ടിയിരുന്നില്ല. എൻെറ ഇല്ലത്ത് നിന്ന് ഒരിക്കൽപോലും എന്നെ വിളിക്കാൻ ആള് വന്നിട്ടില്ല എന്നത് നന്ദിപൂർവ്വം അഭിമാനത്തോടെ ഇന്നും ഓർക്കുന്നു. ഒരിക്കൽ കഴുത്തുവരെ വെള്ളത്തിൽ കൂടി നടക്കേണ്ടി വന്നു; ഒരിക്കൽ ചങ്ങാടത്തിൽ കേറ്റി കൊണ്ടുവന്നു.!!
സാധാരണഗതിയിൽ വല്ലാതെ വെള്ളം മുകളിലേക്ക് കേറാത്തതുകൊണ്ടും, താഴെ കുറച്ച് വീടുകൾ ഉള്ളതിൽ വെള്ളം കേറിയാലും ഇവിടെ തന്നെ അഭയം പ്രാപിക്കാൻ കഴിയുമായിരുന്നു. വിറകുപുരയും ഉരപ്പുരയും Out House ഉം തൊഴുത്തും ഒക്കെ അഭയ സങ്കേതങ്ങളാകുമെന്ന് മാത്രം വലിയവീട്ടുകാർക്കും വലിയ ജാതിക്കാർക്കും അത് അഭിമാനത്തിൻെറ കാര്യമാണ്. അതുകൊണ്ടുതന്നെ അഭയാർത്ഥികളെപ്പോലെയല്ല അതിഥികളെപ്പോലെയുള്ള സ്വാഗതമാണ് കിട്ടുക.
എൻെറ ഓർമ്മയിൽ 2018 ന് മുമ്പ് രണ്ടു പ്രാവശ്യം വെള്ളം പൊങ്ങി നാട്ടുകാരൊക്കെ മാറി താമസിക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ കപ്പ് കൊണ്ട് പോകാൻ വരുന്ന വലിയ വള്ളങ്ങൾ ഉണ്ട്. അതിലാണ് ആൾക്കാരെ കുന്നിന്മേൽ സ്കൂളിൽ (ഇപ്പോഴത്തെ ചേരാനല്ലൂർ H.S.S. ഐമുറി) എത്തിച്ചത്. എല്ലാവരും കൂടി ഒത്തൊരുമിച്ചപ്പോൾ അവിടെ താമസവും ഭക്ഷണവും എല്ലാം ഭംഗിയായി തന്നെ നടന്നു. അതൊക്കെ സ്വാഭാവികമായി തന്നെ, നടന്നു എന്നതാണ് സത്യം. പിരിവെടുക്കലും ഫണ്ട് പിരിക്കലും ഒന്നും കേട്ടിട്ടേ ഇല്ല. സമിതിയും കമ്മിറ്റിയും ഒന്നും ഞങ്ങൾക്കറിയില്ലായിരുന്നു.
1969 ലെ വെള്ളപൊക്കം വളരെ അപ്രതീക്ഷിതമായിരുന്നു. അന്ന് ഞാൻ U.C. കോളേജിൽ പഠിക്കുകയായിരുന്നു. Y.W.C.A യിൽ താമസം. വെള്ളം പൊങ്ങുന്ന കാര്യം പത്രത്തിൽ വായിച്ചപ്പോൾ എനിക്ക് പേടിയായി. കാരണം, ഇല്ലത്ത് അമ്മയും കാര്യസ്ഥനും മാത്രമല്ല പതിവിന് വിപരീതമായി വെള്ളപൊക്കം കാരണം, ഗതാഗതം വരെ മുടങ്ങിയിരിക്കുന്നു. പെട്ടെന്ന് പെട്ടെന്ന് വെള്ളം കേറുന്നു. ഞാൻ ഹോസ്റ്റൽ വാർഡനോട് പറഞ്ഞു എനിക്ക് പോകണം എന്ന്. വാർഡൻ സമ്മതിച്ചില്ല, ഹോസ്റ്റലിലെ ആരും സമ്മതിച്ചില്ല. കാരണം, ഞാൻ വഴിയിൽ കുടുങ്ങിപ്പോയാലോ! പക്ഷേ എനിക്ക് പോകാതിരിക്കാൻ കഴിയില്ല, എൻെറ അമ്മ അവിടെ പെരിയാറിൻെറ തീരത്ത്! ഉയരം കൂടിയ പറമ്പാണ്, ഏറ്റവും അവസാനം വെള്ളം കേറുന്ന പറമ്പാണ്, എന്നാലും പറ്റില്ല. വെള്ളം കേറിയില്ലെങ്കിലും അമ്മ ഒറ്റക്കാവില്ലേ? ബാക്കി എല്ലാവരും പോകുമല്ലോ?
എത്ര, എന്തെല്ലാം പറഞ്ഞിട്ടും എൻെറ വിഷയം അവർക്ക് മനസ്സിലാകുന്നില്ല. നിവൃത്തിയില്ലാതെ വന്നപ്പോൾ സമ്മതമില്ലാതെ തന്നെ എനിക്ക് അവിടെ നിന്നും പോരേണ്ടി വന്നു. അവരുടെ പേടി ശരിയായിരുന്നു. 1924 ൽ ചേലാമറ്റത്ത് അമ്പലത്തിൽ വെള്ളം കേറിയതാവും അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. വഴിയിൽ ഇടയ്ക്കിടെ വെള്ളം കയറി ബസ് സർവീസ് നിലച്ചു. പക്ഷേ ലോറിയിൽ പോലും ആളെ കയറ്റി അക്കരെ ഇക്കരെ കടത്തിയിരുന്നു. വെള്ളം ഉള്ള ഭാഗത്ത് വള്ളവും ആൾക്കാരും, ഒട്ടും പ്രതീക്ഷിക്കാത്ത ആ വെള്ളപൊക്കത്തെ എത്ര പ്രതിബദ്ധതയോടെയാണ് ജനം നേരിട്ടത്! അങ്ങനെ ബസ്സിലും ലോറിയിലും വള്ളത്തിലും, വെള്ളത്തിൽ കൂടി നടന്നും ഒക്കെ ഞാൻ തോട്ടുവാക്കവല വരെ എത്തി. അവിടന്ന് ഇങ്ങോട്ട് കടക്കാൻ ആർക്കും ധൈര്യമില്ല. കാരണം “കോലുവാക്കൽ മുറിഞ്ഞാൽ” (തോട്ടുവാ പാടത്ത് നിന്ന് വെള്ളം കുറിച്ചിലകോട് തോട്ടിലേക്ക് കുതിച്ചൊഴുകാൻ തുടങ്ങിയാൽ അതിശക്തമായ ഒഴുക്കായിരിക്കും.) അവിടെ അടുക്കാൻ ആർക്കും ധൈര്യമില്ല തന്നെ. പക്ഷേ അവിടെ കൂടിനിന്നവർക്കെല്ലാം അങ്കലാപ്പായി. “വല്ല്യ തിരുമേനീടെ മോളെ” കൊണ്ടുവിടാതെ വയ്യ, മനക്കൽ “കുഞ്ഞാത്തോൽ” ഒറ്റക്കാണ്. അവർ തലപുകഞ്ഞ് ആലോചിച്ചു. എനിക്ക് ഒട്ടും വേവലാതി ഇല്ലായിരുന്നു, എന്നതാണ് സത്യം: കാരണം ഇനി “ഇവർ ചെയ്തോളും എല്ലാം” എന്നെനിക്ക് ഉറപ്പുണ്ട്. കാരണം അവർക്ക് ഓർമ്മയുണ്ട്.
99 ലെ വെള്ളപൊക്കം കഴിഞ്ഞ് പത്തായത്തിലെ നെല്ലും വിത്തും തീർന്നപ്പോൾ ചാമ വിത്തും എടുക്കേണ്ടി വന്നു. ബാക്കി ചാമ വിത്ത് വിതച്ചാണ് പിന്നീട് എല്ലാവരുടേയും പട്ടിണി മാറ്റിയത്. ധാരാളം കപ്പയും കൃഷി ചെയ്തു. സ്വന്തം ലാഭം മാത്രം നോക്കിയല്ല അന്ന് കൃഷി ചെയ്തിരുന്നത്. അതാണ് അന്നത്തെ തോട്ടുവാഗ്രാമം. 99 ലെ വെള്ളപൊക്ക കാലത്ത് (1924) അച്ഛൻ വഞ്ചിയും കൊണ്ട് ആൾക്കാരെ രക്ഷപ്പെടുത്താൻ പൊയ്കൊണ്ടിരിക്കുന്നു. ഒരു “പറയക്കുടിയിൽ” പൂർണ്ണഗർഭിണിയായ ഒരു സ്ത്രീ ഉറക്കെ കരയുന്നു. ഒട്ടും സംശയിക്കാതെ അച്ഛൻ ആ സ്ത്രീയെ വഞ്ചിയിൽ കയറ്റി രക്ഷാസ്ഥാനത്ത് എത്തിച്ചു. (അന്ന് ജനിച്ച പെൺകുഞ്ഞിൻെറ മകൾ സ്നേഹപൂർവ്വം എന്നെ കാണാൻ തനി ഇല്ലത്ത് ഇപ്പോഴും വരുന്നു എന്നത്, അച്ഛന് ഒരു മരണാനന്തര ബഹുമതി കിട്ടുന്നതുപോലെയാണെനിക്ക് തോന്നുന്നത്) ആ സമയത്ത് ഇവിടെ ഇല്ലത്ത് അമ്മ ഒരു അലമാരി മേത്തേക്ക് മറിഞ്ഞിട്ട് താങ്ങി പിടിച്ച് നിൽക്കുകയായിരുന്നു. തിരിച്ച് വന്ന് അമ്മയെ രക്ഷിച്ചു. പക്ഷേ മരണം വരെ അമ്മക്ക് അന്നത്തെ പുറംവേദന ഉണ്ടായിരുന്നു. “ഗർഭി‌ണിയായ പറക്കള്ളിയെ തൊട്ടത്തിന്” അച്ഛനെ “മഹാ ബ്രാഹ്മണർ” പല വിശേഷ അവസരങ്ങളിൽ നിന്നും ഒഴിളവാക്കിയിരുന്നു. ആ അച്ഛൻെറ മകൾ നാട്ടുകാരുടെ കയ്യിൽ സുരക്ഷിതയാണ് എന്നുറപ്പുണ്ട്.
അവർ ഒരു തീരുമാനത്തിലെത്തി. ഒരു ചങ്ങാടം ഉണ്ടാക്കി, തോട്ടുവാപാടം വഴി പോയി, പുന്നക്കാവിലൂടെ കേറി ഇല്ലത്തെത്തണം. ഇല്ലത്ത് അടുത്തുള്ള ഇടവഴിയിലേക്ക് ചങ്ങാടം കേറില്ല, അവിടെ നടന്ന് കേറണം, വേണ്ടി വന്നാൽ നീന്തണം. അവർ ഒരു തീരുമാനത്തിലെത്തി. ഒരു ചങ്ങാടം ഉണ്ടാക്കി, തോട്ടുവാപാടം വഴി പോയി, പുന്നക്കാവിലൂടെ കേറി ഇല്ലത്തെത്തണം. ഇല്ലത്ത് അടുത്തുള്ള ഇടവഴിയിലേക്ക് ചങ്ങാടം കേറില്ല, അവിടെ നടന്ന് കേറണം, വേണ്ടി വന്നാൽ നീന്തണം.
അങ്ങനെ വെളുത്ത വർക്കി പാപ്പുവിൻെറ മകൻ കൊച്ചൗസേപ്പും ചങ്ങലാൻറപ്പേലിൻെറ മകൻ കൊച്ചാപ്പുവും കൂടി എന്നെ ഇല്ലത്തെത്തിച്ചു. കൊച്ചൗസേപ്പ് 4,5 പെങ്ങന്മാർക്ക് കൂടിയുള്ള ഒരേ ഒരു ആങ്ങള. പുന്നാര മോനെ മലവെള്ളം കാണാൻപോലും പുറത്തെറക്കാത്ത അപ്പച്ചൻ ഓർമ്മിച്ചത്, ദേഹം മുഴുവൻ പൊള്ളലേറ്റ തൻെറ മകളെ ഒരു പാട് പോലും ഇല്ലാതെ രക്ഷപ്പെടുത്തിയ വല്ല്യതിരുമേനിയെയാണ്.
കൊച്ചാപ്പുവിൻെറ അപ്പൻ റപ്പേലിൻെറ ഓർമയിൽ, അയിത്തവും അകൽച്ചയും കൊടുംപിരിക്കൊണ്ടിരിക്കുന്ന കാലത്ത്, ശ്രാമ്പിക്കൽ മഠം പരമേശ്വര അയ്യരുടേയും മൂത്തേടത്ത് മനക്കലെ വല്ല്യതിരുമേനിയുടേയും, നാട്ടിലെ മുതലാളിയായ സുലൈമാൻ മാപ്പിളയുടേയും കൂടെ കൂട്ടുകാരനായി കൂടെ കൂട്ടിയ വലിയ തിരുമേനിയെയാണ് കണ്ടത്.
ഇവര് രണ്ടുപേരും കൂടി എന്നെ കൂട്ടികൊണ്ട് വന്നപ്പോൾ അമ്മ സന്തോഷം കൊണ്ട് കരഞ്ഞുപോയി. കാരണം, അച്ഛൻെറ വിപ്ലവ വഴിയിൽ എന്നും കൂട്ടു നിന്നവരാണവർ, ബന്ധുക്കൾ കയ്യൊഴിഞ്ഞപ്പോഴും നവോത്ഥാനവുമായി മുന്നോട്ട് പോകാൻ കരുത്ത് പകർന്നവർ!
അവർ വീണ്ടും ധൈര്യം തന്നിട്ടാണ് പോയത്. ഒരു കെട്ടു വള്ളം 25 രൂപ കൊടുത്ത് വാടക കൊടുത്തു; കടവിൽ കെട്ടിയിട്ട; (വേണ്ടി വന്നാൽ അഭയ കേന്ദ്രത്തിലേക്ക് പോകാൻ). അമ്മക്ക് പോകാൻ വയ്യാത്തതിന് കാരണം ഉണ്ട്. ഒന്നല്ല 3 കാരണം.
ഒന്ന്. അമ്മയുടെ കറുമ്പി പശു പ്രവസിച്ചിരിക്കുന്നു. മനുഷ്യർക്കുള്ള ശുശ്രൂഷ തന്നെ പശുവിനും കൊടുക്കുന്ന രീതിയാണ് അമ്മക്ക്.
രണ്ട്. പുതിയിടത്തെ ജാനകി (അച്ഛനമ്മമാരുടെ പുരോഗമന വഴിയിൽ എന്നും കൂടെ നടന്ന് സഹകരിച്ച വ്യക്തി) യുടെ മകൾ ചെല്ലമ്മ പ്രസവിച്ച് കിടക്കുന്നത് ഇല്ലത്താണ്. (എലൈസൻ എന്ന മകനെ) അവരുടെ വീട്ടിൽ വെള്ളം കേറിയപ്പോൾ ഇവിടെ ഏൽപ്പിച്ചതാണ്.
മൂന്ന്. അച്ഛൻ വീട് വച്ചപ്പോൾ അന്നത്തെ കാലത്തെ ഏറ്റവും നല്ല വീടായിരുന്നു. മൂന്നുനില കെട്ടിടം. മുൻവശത്ത് വരാന്ത. ഏറ്റവും മുകളിൽ ഒരു ഹാളാണ്. രണ്ടാമത്തെ നിലയിൽ മൂന്ന് ബഡ്റൂം (ഓവു മുറിയോട് കൂടി) വരാന്ത അഴി ഇട്ടതാണ്. മുറികൾക്കും ഏറ്റവും മുകളിലെ ഹാളിനും ജനലുകൾ. താഴെയും ജനലുകൾ ഉണ്ട്. ആ പുരയുടെ കണക്കനുസരിച്ച് മലവെള്ളം വന്നാൽ എല്ലാ വാതിലും ജനലും തുറന്നിട്ടാൽ വെള്ളം ഒഴുകി പോകും, ഒരു കേടും പുരക്ക് വരുത്താതെ!! മുറ്റത്ത് വെള്ളം കേറി, ഇറയത്തേക്ക് കേറാറായി. നാട്ടിലെ എല്ലാവരും അഭയകേന്ദ്രത്തിലെത്തി! എന്നിട്ടും അമ്മയുടെ ധൈര്യം! “ആവശ്യം വന്നാൽ ഞങ്ങളെത്തും കുഞ്ഞാത്തോലെ” എന്ന ഉറപ്പ് അവർ പറഞ്ഞപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷവും അത്ഭുതവും പറഞ്ഞറിയിക്കാനാവില്ല.
കുറച്ച് കഴിഞ്ഞപ്പോൾ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായി ആലുവായിൽ ഉണ്ടായിരുന്ന ചേട്ടനും എത്തി. അങ്ങനെ നാട്ടിലെ എല്ലാവരും പോയപ്പോഴും ഞങ്ങൾ തന്നെ അവിടെ താമസിച്ചു!!
അതിന് മുമ്പൊരിക്കൽ 1962 ലാണെന്ന് തോന്നുന്ന (അതോ 1961 ലോ) ഒരു വെള്ളപ്പൊക്കം മുറ്റം വരെ വന്നു. അന്ന് എൻെറ രണ്ടാമത്തെ ഏടത്തിയമ്മ (സുഭദ്ര ഏടത്തി) യും കുട്ടികളും ഉണ്ടായിരുന്നു. പുഴയിൽ നിന്ന് വെള്ളം കേറി. കേറി വരുന്ന സന്തോഷത്തിൽ കൊച്ചുകുട്ടിയായിരുന്ന വിപിനൻ ഓടി ചെന്നു, പുഴയിൽ കുളിക്കാനിറങ്ങുന്നതുപോലെ. അവൻ മുങ്ങിപൊങ്ങുന്നത് കണ്ടു നിന്ന ഏടത്തിക്ക് ഗൗരവം മനസ്സിലായില്ല. പരിഭ്രമിച്ച് പോയ ഞാൻ എങ്ങനേയോ ഓടി ചെന്നവനെ വാരി എടുത്തു. അപ്പോഴേക്കും വെള്ളം കുതിച്ച് കേറി വന്ന് കഴിഞ്ഞിരുന്നു!!
ഓരോ മലവെള്ളം കഴിയുമ്പോഴും വളവും, വിത്തും, വിറകും, പഴംതുണിയും ചാമയും നെല്ലും ഉപ്പിലിട്ടതും ഒക്കെ പങ്കിടുമ്പോൾ അതൊക്കെ ഒരു സാധാരണ പ്രക്രിയകളായിട്ടേ തോന്നാറുള്ളു.
കലങ്ങി മറിഞ്ഞ്. കുത്തി ഒഴുകി വരുന്ന പുഴയേയും ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. പ്രകൃതിയുടെ രണ്ട് ഭാവം എന്ന തികച്ചും സ്വാഭാവികമായ മാറ്റം മാത്രമായിരുന്ന ഞങ്ങൾക്ക് മലവെള്ളവും വെള്ളപ്പൊക്കവും!! കഷ്ടപ്പാടും കരുതലും!!

ഇനി 2018 ലെ പ്രളയം – ഒരനുഭവം

കഴിഞ്ഞ നാലുവർഷമായിട്ട് ഞാനൊരു കിടപ്പ് രോഗിയായിരുന്നു. സ്വയംകൃതാർത്ഥം എന്ന് വേണമെങ്കിൽ പറയാം. കാലിൽ ഒരു കല്ല് തട്ടി ചെറുതായി ഒന്ന് ഉരഞ്ഞതായിരുന്നു കാരണം. ഒരു വൈദ്യൻെറ മരുന്ന് കഴിച്ചും പുരട്ടിയും അത് കുറഞ്ഞതായിരുന്നു. അതുകൊണ്ടു തന്നെ രണ്ടാംവട്ടം മരുന്ന് ഉഴപ്പി. മുറിവ് പഴുത്ത് ആശുപത്രിയിൽ പോയി. രക്തം പരിശോധിച്ചു, ഷുഗർ ഉണ്ട്, അപകട സാധ്യത ഉണ്ട്, ഗൗരവമായി ചികിത്സിച്ചു. അവസാനം 4 വിരൽ മുറിച്ചു കളഞ്ഞു. 4 വർഷം കഴിഞ്ഞിട്ടും അത് ഉണങ്ങാതിരുന്നത് ഷുഗർ കൊണ്ടാണെന്ന് ഡോക്ടറും ചികിത്സയിലെ ചെറിയ പിഴവാണെന്ന് ഞാനും വിശ്വസിക്കുന്നു. ഏതായാലും പ്രളയം തുടങ്ങിയ സമയത്ത് ഞാൻ രണ്ടാമത് ഒരു ഓപ്പറേഷൻ കഴിഞ്ഞ് രാജഗിരി ആസ്പത്രിയിലായിരുന്നു. (ആദ്യത്തേത് കോട്ടയം KIMS ൽ ആയിരുന്നു) ആദ്യത്തെ ഓപ്പറേഷൻ കഴിഞ്ഞ് അകത്ത് കുരുങ്ങിപോയ “2 ചെറിയ സാധനം” എടുത്ത് മാറ്റി. സെപ്തംബർ 13 (2018) നാണ് ആസ്പത്രി വിട്ടത്. എനിക്ക് ബൈസ്റ്റാൻഡറായി മാഷ് എപ്പോഴും കൂടെ ഉണ്ടായിരുന്നു. ഞങ്ങൾ അങ്ങനെയാണ് പതിവ് – ആസ്പത്രിയിലും ഒന്നിച്ച് താമസിക്കും. സന്തോഷും ശ്രീജയും ശാലിനിയും വന്നാലും ഞങ്ങൾ ഒന്നിച്ചേ തിരിച്ച് പോരാറുള്ളു. അവിടെ ടി.വിയിൽ മലവെള്ളം കണ്ടുകൊണ്ടിരുന്നപ്പോഴൊന്നും ഞങ്ങളുടെ വീട്ടിൽ വെള്ളം കേറും എന്ന് വിചാരിച്ചതേ ഇല്ല. പ്രളയ ദുരന്തങ്ങൾ കണ്ട് മനസ്സാകെ അസ്വസ്ഥമായിട്ടാണ് വീട്ടിൽ എത്തിയത്. പെരിയാറ്റിൽ വെള്ളം പൊങ്ങികൊണ്ടിരുന്നപ്പോഴും, സങ്കടവും വിഷമവും പരിഭ്രമവും തോന്നിയെങ്കിലും ഞങ്ങളുടെ വീട്ടിൽ കേറും എന്ന് ഒട്ടും വിചാരിച്ചില്ല. കാരണം നാട്ടിലെ ഏറ്റവും അവസാനം വെള്ളം കേറുന്ന വീടുകളിൽ ഒന്നായിരുന്നു ഇത്. ഞാൻ കുട്ടികാലത്ത് ജനിച്ചു വളർന്ന വീടല്ല ഇത്. മലയാറ്റൂർ രാമകൃഷ്ണൻെറ അളിയൻ ഗണപതി സാർ താമസിച്ചിരുന്ന (ഗണപതി സാറിൻെറ മഠം) ഞങ്ങൾ 1993 ൽ വിലക്ക് വാങ്ങിയതാണ്. മലവെള്ളക്കാലത്ത് അഭയം കൊടുത്തിരുന്ന വീട്. ഞങ്ങൾ രണ്ടുപേരും വയ്യാതിരിക്കുന്നു. എനിക്ക് ഒട്ടും എഴുന്നേൽക്കാനോ നടക്കാനോ വയ്യ.
ഞങ്ങളുടെ പ്രധാന കെട്ടിടത്തിൽ നിന്നും ഞങ്ങൾ ഔട്ട് ഹൗസ് പോലെയുള്ള റോഡ് സൈഡിലെ വീട്ടിലേക്ക് മാറി താമസിച്ചിരുന്നു. റോഡിൽ വെള്ളം കേറി തുടങ്ങിയപ്പോഴും ഞങ്ങൾ അവിടെതന്നെ താമസിച്ചു. കുട്ടികൾ മലവെള്ളം കാണാൻ പോയി, അപ്പോഴാണ് ഞങ്ങളുടെ പണിക്കാരത്തി ഓടിവന്ന് പറഞ്ഞത്, എല്ലാവർഷത്തേയും പോലെയല്ല ഇത്തവണ വെള്ളപൊക്കം. നിങ്ങൾ മറ്റേ കെട്ടിടത്തിലേക്ക് മാറണം എന്ന്, എന്നിട്ട് കുറെ സാധനങ്ങൾ മുകളിലെ നിലയിലേക്ക് മാറ്റാൻ സഹായിച്ചു. മുറ്റത്ത് വെള്ളം ഉണ്ടായിരുന്നതുകൊണ്ട് മറ്റേ വീട്ടിലേക്ക് വരാൻ ഒരുപാട് വിഷമിച്ചു. കാലിലെ മുറിവ് വീണ്ടും ഡ്രസ്സ് ചെയ്തു. അപ്പോഴൊക്കെ അയൽപക്കത്തെ വീടുകളിൽ നിന്നെല്ലാം ആൾക്കാർ അഭയാർത്ഥി ക്യാമ്പിലേക്ക് മാറികൊണ്ടിരുന്നു. ഗ‌ണപതി വിലാസം സ്കൂളിലേക്കാണ് അധികംപേരും പോയത്. ചിലരൊക്കെ ബന്ധുവീട്ടിലേക്കും പോയി. അപ്പോഴും ഞങ്ങൾ പരിഭ്രമിക്കാതെ ഇരുന്ന- കാരണം ഇത്ര വയ്യാതിരിക്കുന്ന ഞങ്ങൾ എങ്ങനെ അഭയാർത്ഥി ക്യാമ്പിൽ കഴിച്ചു കൂട്ടും! സന്തോഷും ശ്രീജയും ശാലിനിയും ശാരിയും കൂടി കുറെ സാധനങ്ങൾ സുരക്ഷിതമായി “പൊക്കത്തിൽ” വച്ചു. ഉഷയും ജ്യോതിസ്വാമിയും മറിയാമ്മചേടത്തിയുമാണ് ഞങ്ങളെ അതിന് നിർബന്ധിച്ചത്.
വിജയനും സവിതയും കുട്ടികളും തിരുവനന്തപുരത്ത് നിന്ന് പാലക്കാട് കോട്ടായിയിൽ (വിജയൻെറ ഇല്ലത്ത്) എത്തിയിരുന്ന വഴിയിൽ ഏറെ തടസ്സങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ആരും മൊബൈലിൽ പകർത്തി വക്കാത്തതിലായിരുന്നു വിജയന് സങ്കടം. പക്ഷേ ആർക്കും മൊബൈലിൽ ചാർജ് ഉണ്ടായിരുന്നില്ല, കറൻറും ഇല്ലായിരുന്നു. ആ സമയത്ത് തോന്നിയില്ല. ഇല്ല പിന്നീട് എല്ലാവർക്കും തന്നെ അത് തോന്നി, കേട്ടോ!
രാത്രി ഉറങ്ങാൻ കിടന്നപ്പോഴും മുറ്റത്ത് കുറച്ച് വെള്ളമേ ഉണ്ടായിരുന്നുള്ളു. ഔട്ട്ഹൗസിൽ വെള്ളം കേറിയിരുന്നു. വെളുപ്പാൻ കാലമായി ഉണർന്നപ്പോഴാണ്, വെള്ളം ഇറയത്തേക്ക് കേറികൊണ്ടിരുന്നത് കണ്ടത്. നേവിയുടെ ബോട്ട് ആൾക്കാരെ കൊണ്ടുപൊയ്കൊണ്ടിരുന്നു. അവശരായവരെ ആദ്യംകൊണ്ട് പോകണമല്ലോ, പക്ഷേ ഞങ്ങൾ ഔട്ട് ഹൗസിൽ ഇല്ലാതിരുന്നപ്പോൾ ഉള്ളിലേക്ക് മാറി പുറകിൽ ഉള്ള ഈ വീട്ടിൽ ഞങ്ങളുള്ളത് ആരും അറിഞ്ഞില്ല.
സന്തോഷ് (മകൻ) റോഡിലിറങ്ങി നിന്ന് ബോട്ടിനായി കാത്തു നിന്നു. (വെള്ളത്തിൽ നിന്നു) പക്ഷേ അപ്പോഴേക്കും നേവിയുടെ ബോട്ട് മറ്റ് പലവഴിക്കും പോയികൊണ്ടിരുന്നു. വീട്ടിനകത്തേക്ക് വെള്ളം കേറി തുടങ്ങിയപ്പോൾ ഞങ്ങളുടെ “തോട്ടുവാനരൻ” എന്ന കൊരമ്പൂര് സന്തോഷ് നമ്പൂരി ചെറിയ വള്ളവുമായി എത്തി. ഞങ്ങളെ ഓരോരുത്തരെയായി സന്തോഷിൻെറ വീടിൻെറ മുകളിലത്തെ നിലയിൽ എത്തിച്ചു. സന്തോഷും ശ്രീജയും കൂടി എന്നെ താങ്ങി പിടിച്ച് ഇറയത്തെ വഞ്ചിയിലേക്ക് കേറ്റി. കാലിലെ വേദനകൊണ്ട് ഞാൻ ഉറക്കെ കരഞ്ഞു. വഞ്ചിയിൽ കാല് നീട്ടി ഇരുത്തി.
തോട്ടുവാതേവരെ ഒന്ന് വിളിച്ചതല്ലാതെ ഒന്നും പ്രാർത്ഥിച്ചില്ല. മുറ്റത്ത് കൂടി വെള്ളം കുത്തി ഒഴുകി പോകുന്നത് കണ്ടപ്പോൾ മനസ്സ് തികച്ചും ശൂന്യമായിരുന്നു. അങ്ങനെ ഒരവസ്ഥ ആദ്യമായിട്ടാണ് അനുഭവിക്കുന്നത്. മാഷാണെങ്കിലോ, ആകെ വല്ലാതെ പരിഭ്രമിച്ചിരുന്നു. സന്തോഷും ശ്രീജയും കുട്ടികളും ഓരോന്ന് എടുത്ത് സൂക്ഷിച്ച് വയ്ക്കുമ്പോഴും കട്ടൻകാപ്പി ഉണ്ടാക്കുമ്പോഴും എല്ലാം തികച്ചും അസ്വസ്ഥനായി. “എല്ലാം തീരാൻ പോകുന്നു, പിന്നെ എന്തിനാ ഇതൊക്കെ” എന്ന ചിന്തയായിരുന്നു.
ഞാനാണെങ്കിൽ കട്ടിലിൽ ഉണ്ടായിരുന്ന വിരിപ്പും (അലക്കി) മടക്കി വച്ചിരുന്ന ഡ്രസ്സും എല്ലാം ഒരു തലയണ കവറിലാക്കി വച്ചു – അഭയാർത്ഥി കേന്ദ്രത്തിലേക്ക് കൊണ്ട് പോകാൻ. കുട്ടികൾ കുറച്ച് തുണികൾ മടക്കി അവരുടെ സ്കൂൾ ബാഗിൽ കരുതി. സന്തോഷിൻെറ വഞ്ചിയിൽ കാല് നീട്ടിയിരുന്ന എൻെറ കാല് മരവിച്ച് പോയി. നോക്കണേ ഒരു ദൈവാധീനം!! വേദന അറിഞ്ഞതേ ഇല്ല!! ആ വഞ്ചിയിൽ (ഒരാളെ മാത്രം കേറ്റാവുന്ന കൊച്ച് വഞ്ചി) എന്നെ 2 മണിക്കൂർ ഇരുത്തി സന്തോഷ് വഞ്ചിയിൽ പിടിച്ച് കൊണ്ട് നിന്നു – ഓളവും ഒഴുക്കും കൊണ്ട് വഞ്ചിമറിയാതിരിക്കാൻ. 2 മണിക്കൂർ കാത്തിട്ടും നേവിയുടെ ബോട്ട് വന്നില്ല. സന്തോഷ് കൊരമ്പൂർ, സന്തോഷ് താന്നിക്കാട്, അഭിലാഷ്, രാഹുൽ ഇവർ ഒരു കണക്കിന് എന്നെ പൊക്കി എടുത്ത് സന്തോഷിൻെറ വീടിൻെറ മുകളിലെ നിലയിലെത്തിച്ചു. അവിടെ കുറെപ്പേർ ബോട്ട് കാത്ത് നിന്നിരുന്നു.
അപ്പോഴാണ് വേണു-വിനു (പള്ളത്ത്) സഹോദരങ്ങൾ എത്തിയത്. അവർക്ക് മണ‌ൽ വാരുന്ന വള്ളങ്ങൾ ഉണ്ടായിരുന്നു. എന്തോ ഒരു നിമിത്തം പോലെ കേടായ വള്ളം നേരെയാക്കി, അതുരണ്ടും കൂടി കൂട്ടികെട്ടി ഒരു മോട്ടോറും പിടിപ്പിച്ചിരുന്നു. അതിൽ ഒരുപാട് പേരെ രക്ഷപ്പെടുത്തി കൊണ്ടിരുന്നു. എന്നെ വീണ്ടും പൊക്കി എടുത്ത് താഴെ ഇറക്കി. സന്തോഷിൻെറ കൊച്ച് വഞ്ചിയിൽ കേറ്റി, വിനു-വേണുവിൻെറ വള്ളത്തിൽ കേറ്റി. മാഷും കുട്ടികളും കൂടെ കേറി. അവർ പറഞ്ഞു ഞങ്ങളെ മംഗള ഭാരതി ആശ്രമത്തിൽ കൊണ്ടുപോകാമെന്ന്; കാരണം വയ്യാത്ത ഞങ്ങൾ അവിടെയാണ് സുരക്ഷിതരാവുക. പിന്നെ അവിടെ പച്ചക്കറി ആഹാരം മാത്രമല്ല ഉള്ളു എന്ന്. ഞങ്ങൾ അങ്ങോട്ട് യാത്രയായി. വീടുകളെല്ലാം വെള്ളത്തിൽ മുങ്ങികിടക്കുന്നു – വല്ലാത്ത ഒഴുക്കായിരുന്നു വെള്ളത്തിന്. ആ ഭീകരത കാണാൻപോലും ശക്തിയില്ലാതെ നിശബ്ദരായി ഞങ്ങൾ ആ വഞ്ചിയിൽ ശ്വാസം അടക്കി പിടിച്ചിരുന്നു. മംഗള ഭാരതിയുടെ മുമ്പിൽ വരെ വഞ്ചി എത്തിയപ്പോൾ സമാധാനിച്ചു. പക്ഷേ അവിടന്ന് സ്വാമിനി (ജോതിർമയി)യും മറ്റു രണ്ടുപേരും ഓടി വന്നു. “അയ്യോ ഇവിടേയും വെള്ളം കേറി തുടങ്ങി. ഞങ്ങൾ നോർഹോംസിലേക്ക് പോകാൻ തുടങ്ങുന്നു; അങ്ങോട്ട് പോകാം” എന്ന്.
അവിടന്ന് ഏകദേശം 1/2 Km ദൂരം ഉണ്ട്. എങ്ങനെ എന്നെകൊണ്ട് പോകും? വഴിയിൽ വെള്ളം ഇല്ല, വഞ്ചി പോകാൻ പറ്റില്ല. മരവിച്ച കാലുംനീട്ടി വഞ്ചിയിലിരിക്കുന്ന ഞാൻ!!
ഉടനെ സ്വാമിനിക്ക് ഒട്ടും മടിയുണ്ടായില്ല; അവിടെ നിന്ന് മൂന്ന് കുട്ടികളെ വിളിച്ചു. ഒരു കസേരയുമായി അവർ വന്നു. എന്നെ എങ്ങനെയൊക്കേയോ അതിൽ കയറ്റി ഇരുത്തി, അവർ ചുമന്ന് കൊണ്ട് നോർഹോം വരെ എത്തി. അവർക്ക് പല പ്രാവശ്യം “ചുമട്” താഴെ വക്കേണ്ടി വന്നു.
“ഈശ്വരാ, ഈ ന്യൂജനറേഷൻ കുട്ടികളെപ്പറ്റിയല്ലേ നമ്മൾ ആശങ്കപ്പെടുന്നത്!!” എൻെറ കണ്ണുകൾ നിറഞ്ഞൊഴുകി! ഒരിക്കലെങ്കിലും ഇവരെ പറ്റി ശങ്ക തോന്നിയെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു. ഒരിക്കലും അവരെ ശങ്കിക്കാത്ത വരാണ് ഞങ്ങൾ-കാരണം ശരിയായ രീതിയിൽ നയിച്ചാൽ ഏറ്റവും ഊർജ്ജസ്വലരായി തൻേറടത്തോടെ ആത്മാർത്ഥതയോടെ എന്തും ചെയ്യുന്നവരാണവർ എന്നറിയാം. സ്വാർത്ഥ ലാഭത്തിനായി പലരും അവരെ ചട്ടുകമാക്കുന്നതും രക്തസാക്ഷികളാക്കുന്നതും മാത്രം അവർ തിരിച്ചറിയുന്നില്ലല്ലോ എന്നോർത്ത് സങ്കടം തോന്നി.
അവിടെ എത്തിയപ്പോഴേക്കും അവിടത്തെ ഉദ്യോഗസ്ഥയായ കവിത വാസുദേവൻ ഓടി വന്നു. വീൽചെയർ എത്തി, എന്നെ അതിലിരുത്തി വീണ്ടും പ്രയാണം തുടങ്ങി. ലിഫ്റ്റ് ഉണ്ടെങ്കിലും, കറൻറ് ഇല്ല. ജനറേറ്ററിന് ഇന്ധനം ഇല്ല. വീൽചെയറിൽ തന്നെ ഇരുത്തികൊണ്ട് അവർ എന്നെ കോണിപടിയിലൂടെ മുകളിലെത്തിച്ചു.”
അവിടെ എത്തിയപ്പോഴേക്കും ബക്കറ്റിൽ ചൂടുവെള്ളവും (കറൻറ് ഇല്ലാത്തതുകൊണ്ട് അടുപ്പത്ത് ചൂടാക്കിയത്) ഫസ്റ്റ് എയ്ഡ് ബോക്സുമായി കവിത എത്തി കഴിഞ്ഞു. ശ്രീജ വളരെ പെട്ടെന്ന് എൻെറ കാല് കഴുകി വൃത്തിയാക്കി ഡ്രസ്സ് ചെയ്തു.
ഞങ്ങൾ വരുമ്പോൾ തകർത്ത് പെയ്തുകൊണ്ടിരുന്ന മഴയത്ത് ഞങ്ങൾ പൂർണ്ണമായും നനഞ്ഞ് ഒലിച്ചിരുന്നു. കൂടെ കൊണ്ടുവന്ന തുണികളെല്ലാം നനഞ്ഞു. ഭാഗ്യത്തിന് അപ്പുവിൻെറ ഒരു ലുങ്കിയും ഷർട്ടും, മാഷുടെ ഒരു മുണ്ടും മാത്രം അധികം നനയാതെ ഉണ്ടായിരുന്നു. ഞാൻ ലുങ്കിയും ഷർട്ടും ധരിച്ചു, മാഷ് മുണ്ടും. ബാക്കി, സന്തോഷ്, ശ്രീജ, കുട്ടികൾ ഒക്കെ തുണികൾ പിഴിഞ്ഞ് ഉടുത്തു നിന്നു. വഞ്ചി വീണ്ടും രക്ഷാപ്രവർത്തനത്തിന് പോയിരിക്കുന്നു – കോരി ചൊരിയുന്ന മഴയും! അന്ന് മുഴുവൻ അങ്ങനെ കഴിച്ചു കൂട്ടി. പിന്നീട് മഴ ഒന്ന് കുറഞ്ഞപ്പോഴാണ് സന്തോഷിന് വീട്ടിൽ പോയി (വഞ്ചിയിൽ) ഉണങ്ങിയ ഡ്രസ്സ് എടുത്തുകൊണ്ട് വരാൻ പറ്റിയുള്ളു.
നോർഹോംസിൽ എത്തി, വെൽഫർനിഷ്ഡ് ആയ മുറി – ഈശ്വരാ സ്വർഗ്ഗത്തിലെത്തിയതിനേക്കാൾ സന്തോഷമായിരുന്ന – അവിടത്തെ മനോഹരൻ സാറും ഭാര്യയും മുറിയിൽ വന്ന് ആവശ്യങ്ങൾ തിരക്കി. ആദ്യമായിട്ട് പരിചയപ്പെടുന്ന പ്രതീതിയേ തോന്നിയില്ല! നാട്ടിലെ ഒരുവിധം എല്ലാവരും തന്നെ അവിടെ എത്തിയിരുന്നു. എല്ലാവരും മാറി മാറി സ്നേഹാന്വേഷണങ്ങളുമായി വന്നു – ഞങ്ങൾ വയ്യാത്തവരായതുകൊണ്ട് പുറത്തിറങ്ങാൻ വയ്യല്ലോ?
ബാക്കി എല്ലാവരും, കുട്ടികളും വലിയവരും ഒരു “കൂട്ടു കുടുംബത്തിൽ” എന്തോ ആഘോഷത്തിന് എത്തിയവരെപ്പോലെ ഉത്സാഹത്തോടും ഉത്തരവാദിത്വത്തോടും കൂടി ഓരോരോ കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്തുകൊണ്ടിരുന്നു. ഏകദേശം 300 പേരോളം ഉണ്ടായിരുന്നു അവിടെ.
സന്തോഷ്, വേണു, വിനു അവരുടെ വഞ്ചിയുമായി പോയി പച്ചക്കറിയും മറ്റ് സാധനങ്ങളും ശേഖരിച്ചുകൊണ്ട് വന്നുകൊണ്ടേയിരുന്നു. സിനിമാനടൻ ജയറാമിൻെറ ഒരു പശു ഫാം ഉണ്ടതിനടുത്ത്. പാല് എല്ലാം നോർഹോംസിൽ എത്തി. അവിടെ കൂടുതൽ വരുന്നതെല്ലാം മറ്റ് അഭയകേന്ദ്രങ്ങളിലേക്ക് എത്തിച്ച്കൊണ്ടിരുന്നു. ഓണക്കാലത്ത് വിഭവമായ സദ്യയോടുകൂടി, മാലോകരെല്ലാം ഒന്നായി ഞങ്ങൾ അവിടെ കഴിഞ്ഞു. കുട്ടികൾക്ക് കളിക്കാൻ ഇഷ്ടംപോലെ സ്ഥലം.
മാഷിരുന്ന് കണക്ക് കൂട്ടി. ഏകദേശം 10 ജാതിക്കാർ ഉണ്ട് അവിടെ – നമ്പൂരി, പട്ടര്, നായര്, വാര്യര്, വാലൻ വേലൻ, പറയൻ, പുലയൻ, ക്രിസ്ത്യാനി, മുസ്ലീം, മാർഗവാസി (ക്രിസ്റ്റ്യൻ കൺവർട്ട്) എല്ലാവരും ഒരേ വീട്ടിലെ അംഗങ്ങളെപ്പോലെ അടുക്കളയിൽ വക്കാനും, വിളമ്പാനും മറ്റെല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകുന്നത് നേവിക്കാരനല്ലേ? മാഷ് എന്നും പ്രചരിപ്പിക്കാൻ ആഗ്രഹിച്ചിരുന്നത് – “നമുക്ക് ജാതി ഇല്ലാതാവുകയല്ല വേണ്ടത്, എല്ലാറ്റിനും സമത്വം ഉണ്ടാവുകയാണ്.” ഇതു സാധ്യമാണെന്ന് ഇപ്പോൾ നമ്മൾ അനുഭവിച്ചറിഞ്ഞില്ലേ? അമ്പലത്തിലെ പൂജാരിപോലും അകന്ന് മാറി നിന്നില്ല. അമ്പലത്തിൻെറ ഉടമസ്ഥൻ ജയന്തൻ പറഞ്ഞു, ഇത്തവണത്തെ ഓണം എല്ലാവർക്കും അമ്പലത്തിലാകാം എന്ന്. മിക്കവാറും എല്ലാവരും തന്നെ ഒരു ആശയം ശരി വച്ച് അമ്പലത്തിലെത്തി.
നോർഹോംസ് – നേവിയിൽ നിന്ന് വിരമിച്ച 55 പേരോളം ചേർന്നു ഉണ്ടാക്കിയ ഒരു ഫ്ലാറ്റാണത്. അവരുടെ ഹോളിഡേ ഹോം പോലെ എല്ലാ സൗകര്യങ്ങളും ഉള്ള ഒന്നാംതരം ഒരു ഫ്ലാറ്റ്. വല്ലപ്പോഴും ഗെറ്റ് ടു ഗതർ മറ്റ് ആഘോഷങ്ങൾ ഒക്കെ ഉണ്ടാവുമ്പോൾ അവർ ഒത്ത് കൂടും. പക്ഷേ, നാട്ടുകാരുമായി വലിയ സമ്പർക്കം പതിവില്ല. പക്ഷേ ഇപ്പോൾ ഈ ആപത്തിൽ ഞങ്ങളെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച്, ഞങ്ങളുടെ ഒത്തൊരുമ ഒരിക്കൽകൂടി തെളിയിച്ചപ്പോൾ കുന്തീദേവിയേയും പാണ്ഡവരേയും ആണ് ഓർമ്മ വന്നത്.
ഇത് ഏകചക്രാഗ്രാമമാണെന്ന ഐതിഹ്യം. ബകൻെറ ഭീഷണിയിൽ പ്രാണഭയം പൂണ്ട് ജനതയെ രക്ഷിക്കാൻ കുന്തീദേവിയും പാണ്ഡവരും എത്തിയതും ഭീമൻ ബകനെ വധിച്ചതുംപോലെ കവിതയുടെ നേതൃത്വത്തിൽ നേവിക്കാരുടെ ഫ്ലാറ്റ് ഞങ്ങളെ രക്ഷിച്ചു. ഭീമനെപ്പോലെ മനോഹരൻ സാർ ഞങ്ങൾക്ക് പ്രളയത്തിൽ നിന്നും രക്ഷയും ഞങ്ങൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഐക്യവും തന്നു. ഏതോ ആഘോഷം കഴിഞ്ഞ് തറവാട്ടിൽ തിരിച്ചുപോകുന്നതു പോലെ ഏല്ലാവരും പിരിഞ്ഞുപോയി.
അസുഖക്കാരായ ഞങ്ങളും ഗീത ടീച്ചറും അവിടെ പിന്നേയും താമസിച്ചു.
വീട് വൃത്തിയാക്കാനും, പഴയപടി, സാധാരണനിലയിലെത്തിക്കാനും കൂട്ടായ ശ്രമം തന്നെ നടന്നു. അന്യസംസ്ഥാനക്കാരും നാട്ടുകാരും ഒത്തൊരുമിച്ച് രംഗത്തിറങ്ങി. ഞങ്ങൾക്ക് മറിയാമ്മയും മനോജും മറ്റു രണ്ട് തമിഴരും (ത്യാഗരാജനും പാണ്ടിയും) ആണ് സന്തോഷിനേയും ശ്രീജയേയും സഹായിക്കാൻ എത്തിയത്. ശുചീകരണത്തിലും വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചു നിന്നു. എല്ലാവർക്കും ഉള്ള ആഹാരം പരമേശ്വരൻെറ മുറ്റത്ത് ചെറുപ്പകാരൊക്കെ കൂടി തയ്യാറാക്കി. ശ്രീ ശ്രീ രവിശങ്കറിൻെറ ആശ്രമത്തിലും മംഗളഭാരതിയിലും അമ്പലത്തിലും എല്ലാം പലരുംകൂടി ആഹാരം തയ്യാറാക്കിയിരുന്നു. ഓരോ വീട്ടിലും വെള്ളവും ഇന്ധ്നവും ശരിയാകുന്നതുവരെ ഇത് തുടർന്നു.
ഫണ്ട് പിരിവോ, സംഘടനയോ ഒന്നുംതന്നെ ഇതിന് വേണ്ടി വന്നില്ല. ഒന്നിൻേറയും പേരിൽ ഒരു ആഹ്വാനം പോലും ഉണ്ടായിട്ടില്ല. ഒരുവിധം സമാധാനത്തോടെ എല്ലാവരും ജീവിതം തുടങ്ങി. ചിലർക്ക് ബന്ധുവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കെത്താൻ അപ്പോ‌ഴും കഴിഞ്ഞിരുന്നില്ല – വീട് അത്രമേൽ താറുമാറായിരുന്നു.
കറൻ്റില്ലാത്തതുകൊണ്ട്, ടി.വി. കാണാത്തതുകൊണ്ട് ഈ വലിയ പ്രളയക്കാലത്തെ വിശേഷങ്ങൾ. ഞങ്ങളെ അത്ര അലയിട്ടില്ല. പിന്നീട് ടി.വി. ദൃശ്യങ്ങൾ കണ്ടപ്പോഴാണ്, സത്യത്തിൽ ഞങ്ങളുടെ സ്വർഗീയ അനുഭവം ഞങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടത്. ഒരു അഭയാർത്ഥി കേന്ദ്രത്തിൻെറ അന്തരീക്ഷമല്ല, സുഖവാസ കേന്ദ്രത്തിൻെറ അനുഭവമായിരുന്നു ഞങ്ങൾക്ക് കിട്ടിയത്. സാമ്പത്തികമായ നാശനഷ്ടങ്ങൾ ഒരുപാട് ഉണ്ടായെങ്കിലും ഒരു ജീവൻപോലും അപകടത്തിലായില്ല – കന്നുകാലിയുടേയും വളർത്തുമൃഗങ്ങളുടെപോലും. ഒരുപാട് പശു ഉള്ള ഇവിടെ പശുക്കളെല്ലാം നീന്തിക്കേറി രക്ഷപ്പെട്ടു. അവർ രക്ഷപ്പെട്ട് കേറിയ സ്ഥലങ്ങളിൽ അവർക്ക് ആഹാരവും (കഞ്ഞി ഉൾപ്പെടെ) എത്തിച്ച് കൊടുത്തു!
അങ്ങനെ ഒരു പുത്തൻ അനുഭവവും പുതിയ അടുപ്പവുമായി ഞങ്ങൾ ജീവിതത്തിലേക്ക് മടങ്ങി വന്നപ്പോൾ ഒരുപാട് പേർ വിവരാന്വേഷണ കണക്കെടുപ്പിനും, സഹായങ്ങൾ എത്തിക്കാനുമായി വന്നു തുടങ്ങി. ഞങ്ങൾ ഏറെ സന്തോഷിച്ചു. കാരണം ഇതുവരെ ഉണ്ടായിട്ടുള്ള വെള്ളപ്പൊക്കത്തിലൊന്നും ഞങ്ങൾക്ക് പുറമേ നിന്ന് സഹായം കിട്ടിയിട്ടില്ല, ഞങ്ങൾ അതാഗ്രഹിച്ചിട്ടില്ല. ഞങ്ങൾ തന്നെ ആ നഷ്ടം നികത്തിയിരുന്നു. പക്ഷേ ഇത്തവണ ഞങ്ങളുടെ കൈവിട്ട് പോയിരിക്കുന്നു കാര്യങ്ങൾ.
തീരെ നിവൃത്തിയില്ലാത്തവർക്ക് സഹായ കിറ്റുകൾ കിട്ടാൻ തുടങ്ങി. എല്ലാവരും സന്തോഷിച്ചു. എല്ലാവർക്കും 10,000 രൂപ വീതം തരുമെന്ന് പറഞ്ഞു, അപ്പോഴും സന്തോഷിച്ചു.
പിന്നെ പിന്നെ, സഹായ ഫണ്ട് ഒഴുകി വരുന്നതിൻെറ കണക്കുകൾ കേട്ടു, സഹായ കിറ്റുകൾ പറന്നെത്തി, സമിതികളും സംഘടനകളും ആഘോഷപൂർവ്വം മുന്നോട്ടു വന്നു. പത്രം തുറന്നാൽ സഹായിക്കുന്നവരുടെ വിവരങ്ങളും, ഫോട്ടോകളും മാത്രം. കളർ ഫോട്ടോകൾക്ക് നിറം കൂടി കൂടി വന്നു. നിറങ്ങളുടെ എണ്ണവും കടുപ്പവും കൂടി വന്നു. കിറ്റുകൾ കിട്ടിയവർക്ക് ഒരു കട തുടങ്ങാനുള്ള വിഭവങ്ങളായി; തുണികളും പല ചരക്കും പലയിടത്തും കുന്ന് കൂടി. വാങ്ങി കൂട്ടിയ പലചരക്ക് സാധനങ്ങൾ അധികമായിട്ട് കുഴിച്ച് മൂടിയവരും ഉണ്ട്. ഞങ്ങൾക്ക് പ്രളയ ദുരന്തത്തേക്കാൾ വളരെ വലുതാണ് പ്രളയാനന്തര അനുഭവം. സഹായധനം പ്രളയത്തേക്കാൾ കേമമായി ഒഴുകി വന്നിട്ടും അതുശരിയായ രീതിയിൽ വിതരണം ചെയ്യാത്തത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നാണകേടും ക്രൂരതയുമാണ്. ഇതെല്ലാം വഴി മാറി ഒഴുകാൻ തുടങ്ങി. ഇതുവരെ എല്ലാവർഷവും മലവെള്ളം കേറിയിരുന്ന ഞങ്ങളുടെ നാട്ടിൽ ആദ്യമായിട്ടാണ്, ഇത്തരം ഒരു ഗതിമാറി ഒഴുകൽ ഉണ്ടായത് – സഹായത്തിൻെറ കാര്യത്തിൽ.
പെരിയാർ ഗതിമാറി ഒഴുകിയ ചരിത്രം നമുക്ക് ഉണ്ട്. ഇത്തവണ പെരിയാറിൽനല്ല വഴിമാറ്റം ഉണ്ടായത്.
രണ്ടാമതും 10,000 രൂപ എന്ന് കേട്ടപ്പോൾ സന്തോഷിച്ചു. അപ്പോഴേക്കും ഏകദേശം ഒരു 8, 10 ഏജൻസികൾ “കണക്കെടുപ്പിന്” വന്നു. പലരും വീട് കാണുകപോലും ചെയ്യാതെ “കൃത്യമായി” കണക്കുണ്ടാക്കി. അവസാനം വന്ന “സാങ്കേതിക വിദഗ്ധൻെറ” റിപ്പോർട്ടനുസരിച്ചാണത്രെ % നിശ്ചയിച്ചത്!! വീട് തുറന്നുപോലും കാണാതെ പൂട്ടിയിട്ട വീടിൻെറ മുമ്പിൽ നിന്നും, വീടിൻെറ നമ്പർ മാത്രം നോക്കിയും കൃത്യമായി % കണക്ക് പറയാൻ മാത്രം “മാന്ത്രിക ശക്തി” ഉള്ള ആളായിരുന്നു അയാൾ.
ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്തരീതിയിലുള്ള തരത്തിൽ “സഹായം” കിട്ടി പലർക്കും സമരം ചെയ്യാനും വിപ്ലവം ഉണ്ടാക്കാനും ശീലിക്കാത്ത നല്ല കൃഷിക്കാരുടെ പാരമ്പര്യമാണ് ഞങ്ങൾക്ക്. പക്ഷേ സങ്കടം പറയും – ഞങ്ങൾ പറഞ്ഞു – പഞ്ചായത്തിൽ, കളക്ടറേറ്റിൽ, “അദാലത്തിൽ പരിഹരിക്കും” എന്ന് പറഞ്ഞ് ഞങ്ങളെ പറ്റിച്ചു. 3,4 പ്രാവശ്യം എറണാകുളം വരെ പോയ സമയവും വണ്ടികൂലിയും നഷ്ടം. വഞ്ചിക്കപ്പെട്ടതിലെ നിരാശ മാത്രം ബാക്കി. പഞ്ചായത്തിൽ നിന്ന് തന്ന “വിലയില്ലാത്ത, വ്യക്തമല്ലാത്ത” സർട്ടിഫിക്കറ്റ് കൊണ്ട് അദാലത്തിൽ ഒന്നും നടക്കില്ല എന്ന് ഞങ്ങൾ തിരിച്ചറിയുന്നു.
സംസ്ഥാന ഗവൺമെൻെറിൻേറയോ കേന്ദ്രഗവൺമെൻെറിൻേറയോ വ്യക്തമായ ഓർഡറോ നിർദ്ദേശമോ ഇല്ലാതെ കോടതി പറഞ്ഞതുകൊണ്ട് മാത്രം അദാലത്തിൽ ഒന്നും നടക്കില്ല. അങ്ങനെ വളരെ വിദഗ്ധമായി ഞങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു.
ഇനിയും പറയാൻ ഏറെയുണ്ട്. വിസ്താരഭയത്താൽ നിർത്തുന്നു. ഇതുവരെ ഞങ്ങളെ കാത്ത ദൈവം ഞങ്ങളെ രക്ഷിക്കും എന്ന ഉത്തമ ആത്മവിശ്വാസം ഉള്ളതുകൊണ്ട് ആരും ആത്മഹത്യ ചെയ്യാൻ സാധ്യതയില്ല.

Saradammal
ഒപ്പ്
23/12/2019