28/02/2015
ഞാൻ ദിനീഷ് കൃഷ്ണന്‍, കെ സി എച്ച് ആർ ലെ ജോലിയുമായി ബന്ധപെട്ട് തിരുവനന്തപുരം കാര്യവട്ടത്ത് താമസിക്കുന്നു.
രാത്രി വളര വൈകിയുറങ്ങാറുള്ളതുകൊണ്ട് രാവിലെ 7 മണിക്കും 7.30 നും ഇടയിലാണ് ഞാന്‍ പതിവായി എഴുന്നേല്‍ക്കാറുള്ളത്. എല്ലാവരും പറയുന്നതുപോലെ രാവിലെകള്‍ എനിക്ക് പ്രിയപ്പെട്ടതല്ല, ചെയ്തുതീര്‍ക്കേണ്ടിയിരുന്ന പലകാര്യങ്ങളും ചെയ്യാത്തത്തിലുള്ള മാനസ്സിക സംഘര്‍ഷത്തോടെയാണ് രാവിലെ എഴുന്നേല്‍ക്കാറുള്ളത്. ഇപ്പോള്‍ പതിവായി ദര്‍ശന്റെ (മകന്‍) ശല്യപ്പെടുത്തലിനാലാണ് കുറച്ചെങ്കിലും നേരത്തേ എഴുന്നേല്‍ക്കുന്നത്. ഞാന്‍ എഴുന്നേറ്റ് വരുമ്പോഴേക്കും ഷീന (ഭാര്യ) എല്ലാജോലികളും തീര്‍ത്തിരിക്കും അവള്‍ എപ്പോഴാണ് എഴുന്നേല്‍ക്കുന്നതെന്നു ഞാന്‍ അറിയാറില്ല. പതിവുദിനചര്യകളെല്ലാം കഴിഞ്ഞ് 8.30 ന് കെ സി എച്ച് ആറിൽ പോകുവാന്‍ ഇറങ്ങുന്നു. ബസ് സ്റ്റോപ്പിലേക്ക് കുറച്ചുദൂരം നടക്കണം. നടന്നുവരുന്ന വഴിയില്‍ കാര്യവട്ടം ഗവ.കോളേജിലേക്ക് വരുന്ന കുട്ടികളെ കാണാറുണ്ട്. സ്ഥിരമായി കൈ കോർത്ത്‌ പിടിച്ചു സംസാരിച്ചുകൊണ്ട് നടക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും, സ്ഥിരമായി തറയില്‍ നോക്കി നടക്കുന്ന ഒരു പെണ്‍കുട്ടിയും പിന്നെ കുറച്ച് ഫ്രീക്കന്മാരും അതിലുള്‍പ്പെടും. ബസ് സ്റ്റോപ്പില്‍ എത്തുമ്പോഴേക്കും പതിവു സഹയാത്രികര്‍ എല്ലാവരും അവിടെയുണ്ടാകും. പിന്നീട് ബസ് നിര്‍ത്തിക്കിട്ടുന്നതിനുള്ള ഒരു യുദ്ധം തന്നെ അവിടെ നടക്കും. ഓര്‍ഡിനറി ബസ്സില്‍ കയറിപറ്റാന്‍ സാധിക്കാത്തതുമൂലം ഫാസ്റ്റിലോ, ഏ സി ബസ്സിലോ ആണ് സ്ഥിരമായി കയറാറുള്ളത്. ഫാസ്റ്റ് ബസ്സ് നിര്‍ത്തണമെങ്കില്‍ ഒന്നുകില്‍ ആള്‍ ഇറങ്ങാന്‍ ഉണ്ടാകണം അല്ലെങ്കില്‍ ബ്ലോക്ക്‌ ഉണ്ടാകണം, അഥവാ നിര്‍ത്തിയാല്‍ തന്നെ അത് 100 മീറ്ററെങ്കിലും മുന്‍പിലായിരിക്കും, ഓടി എത്തുമ്പോഴേക്കും അത് പോവുകയും ചെയ്യും. സ്ഥിരമായി ഓടാന്‍ ആളുകള്‍ ഉള്ളതുകൊണ്ട് ഞാന്‍ ഓടാറില്ല. ഒരിക്കല്‍ ബസ് നിര്‍ത്താതെ പോയപ്പോള്‍ അപൂര്‍വ്വം ചില ദിവസങ്ങളില്‍ അവിടെ നില്‍ക്കാറുള്ള ചെക്കർമാരോട് പരാതി പറയേണ്ടി വന്നു, അപ്പോള്‍ അവര്‍ പറഞ്ഞു നിങ്ങള്‍ കൈകാട്ടിയത് ശരിയായില്ല അതുകൊണ്ടാണ് ബസ് നിര്‍ത്താതെ പോയത്, ഞാന്‍ തിരിച്ച് അവരോടു പറഞ്ഞു SAVE KSRTC. ബസ് കാത്തുനില്ക്കുന്ന മുഷിച്ചില്‍ ഒഴിവാക്കുന്നത് Amma’s interior decorations സിലെ ചേട്ടനും, കോർപറേഷൻ ഓഫീസിൽ ജോലിചെയ്യുന്ന മനോജ്‌സാറുമാണ്. ആ ചുരുങ്ങിയ സമയംകൊണ്ട് പലകാര്യങ്ങളും ചര്‍ച്ച ചെയ്യും, കെ എം മാണി, നാഷണൽ ഗെയിംസ്, നരേന്ദ്രമോഡി, KSRTC ഇവയെല്ലാം ഇതിലുള്‍പ്പെടും. ഏകദേശം 9 മണിയോടുകൂടി ഏതെങ്കിലും ഒരു ബസ്സില്‍ കയറിപറ്റണം അല്ലെങ്കില്‍ പഞ്ചിംഗ് മെഷീന്‍ ചതിക്കും. ബസ്സില്‍ കയറിയാല്‍ പിന്നെ എങ്ങനെ ശ്രീകാര്യം കടന്നുകിട്ടും എന്ന ആലോചനയിലാണ്. ഇന്നു ബ്ലോക്ക്‌ ഉണ്ടാകില്ല എന്ന് മനസ്സില്‍ പറയും. പക്ഷേ പതിവുപോലെ ചാവടിമുക്ക് എത്തുമ്പോഴേക്കും ബ്ലോക്ക്‌ തുടങ്ങും. ബസ്സിലെ സഹയാത്രികരില്‍ പലരും പറയും ശ്രീകാര്യത്ത് നില്‍ക്കുന്ന ട്രാഫിക് പോലീസുകാരെ മാറ്റിനിര്‍ത്തിയാല്‍ ഈ ബ്ലോക്ക്‌ ഇല്ലാതെയാകും. എനിക്കും പലപ്പോഴും അത് തോന്നിയിട്ടുണ്ട്. ബ്ലോക്കെല്ലാം കഴിഞ്ഞ് 9.50 നും 10.10 നും ഇടയില്‍ ഞാന്‍ സ്ഥിരമായി ഓഫീസില്‍ എത്താറുണ്ട്.

ഓഫീസില്‍ പതിവായി ചെയ്യുന്ന ജോലികളെല്ലാം ചെയ്യും. (ക്യാഷ് ബുക്ക്, സബ്മിഷൻ തുടങ്ങിയവ) പട്ടണം ഗവേഷണവുമായി ബന്ധപ്പെട്ട് പല ജോലികളും ചെയ്യാറുള്ളതുകൊണ്ട് കൂടുതല്‍ സമയവും റിസര്‍ച്ച് റൂമിലാണ് ഇരിക്കാറുള്ളത്. അവിടെയിരുന്ന് ജോലി ചെയ്യുക എന്നത് വളരെയധികം സന്തോഷം തരുന്ന കാര്യമാണ്. പലപ്പോഴും അതിനു കാരണമാകുന്നത് രജിത, ശരത് (റിസര്‍ച്ച് അസിസ്റ്റന്‍റസ്) തുടങ്ങിയവരുടെ കമന്‍റ്റുകളും അതിനുള്ള മറുപടികളുമാണ്. ഇങ്ങനെ ജോലി ചെയ്യുമ്പോള്‍ പലപ്പോഴും ജോലിഭാരം തോന്നാറില്ല. പതിവുപോലെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒരു സന്തോഷകരമായ കാര്യമാണ്. ഷീന വീട്ടിലില്ലാതിരിക്കുന്ന സമയത്ത് പലപ്പോഴും രജിതയാണ് എനിക്കുകൂടിയുള്ള ആഹാരം കൊണ്ടുവരുന്നത്. സ്വയം കഴിക്കുന്നതിനേക്കാള്‍ മറ്റുള്ളവരെ കഴിപ്പിക്കുന്നതില്‍ രജിതയും ഭര്‍ത്താവ് സന്തോഷും (കെ സി എച് ആർ ഡ്രൈവർ) കൂടുതല്‍ സന്തോഷം കണ്ടെത്തുന്നതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. ജോലിയുടെ മുഷിച്ചില്‍ മാറ്റാന്‍ പലപ്പോഴും ലൈബ്രറിയില്‍ പോയി മാത്യുവിനെ (ലൈബ്രേറിയന്‍) സന്ദര്‍ശിക്കാറുണ്ട്. ജനിച്ചുവളര്‍ന്ന നാട് ഇടുക്കി ആയതുകൊണ്ടയിരിക്കും എനിക്ക് ഇടുക്കിക്കാരെ വലിയ ഇഷ്ടമാണ്. അതുകൊണ്ട് ഇടുക്കികാരനായ മാത്യുവുമായി സംസാരിക്കുവാനും വളരെയിഷ്ടമാണ്. ഓഫീസിലെ മറ്റെല്ലാ സ്റ്റാഫുമായിട്ടും ദിവസത്തില്‍ ഒരിക്കലെങ്കിലും സംസാരിക്കുവാന്‍ ഞാന്‍ മറക്കാറില്ല. പതിവുപോലെ അഞ്ചുമണി കഴിഞ്ഞാല്‍ ഓഫീസില്‍ നിന്നും ഇറങ്ങും. പി എം ജി അല്ലെങ്കില്‍ പ്ലാമൂട് ജങ്ങ്ഷനിൽ പോയി ബസ്സ്‌ കയറും. വീട്ടില്‍ പഞ്ചിംഗ് മെഷീന്‍ ഇല്ലാത്തതുകൊണ്ട് വളരെ സാവധാനം തിരക്കുകുറഞ്ഞ ബസ്സിലാണ് കയറാറുള്ളത്.

കാര്യവട്ടത്തെത്തിയാല്‍ ഷീനയെ ഫോണിൽ വിളിക്കും. “എന്തൊക്കെയാണ് വാങ്ങേണ്ടത്” ഷീന പറയും “ഒന്നും വേണ്ട” അപ്പോള്‍ ഞാന്‍ ചോദിക്കും “പാല്‍ വാങ്ങണ്ടേ?” മറുപടി “വേണം” പിന്നെയെന്താ ഒന്നും വേണ്ട എന്നുപറഞ്ഞത് എന്നു ചോദിച്ചാല്‍ മറുപടി “അറിയാമെങ്കില്‍ വാങ്ങിക്കൂടെ പിന്നെയെന്തിനാണ് ചോദിക്കുന്നത്”. പാല്‍ വാങ്ങിവരുമ്പോള്‍ മീന്‍ വില്‍ക്കുന്ന അമ്മൂമ്മ വിളിക്കും മോനേ ഇന്നു മീനൊന്നും വേണ്ടേ? (കുറച്ചുകാലമായി മീനിനു വില കൂടുതലായതുകൊണ്ടും, കയ്യിലെ സാമ്പത്തികം കമ്മിയായതുകൊണ്ടും അപൂര്‍വമായേ മീന്‍ വാങ്ങാറുള്ളൂ) പിന്നെ എന്തെങ്കിലും മീന്‍ വാങ്ങും, സ്ഥിരം കസ്റ്റമര്‍ ആയതുകൊണ്ട് അമ്മൂമ്മ രണ്ടുമീന്‍ കൂടുതല്‍ തരും.

വീട്ടിലെത്തിയാല്‍ ദര്‍ശനുമായി കുറച്ചു സമയം ഗുസ്തിപിടിക്കും, ഞാന്‍ അവനെ ശ്രദ്ധിക്കാറില്ല എന്ന്‍ ഷീന പലപ്പോഴും പരാതിപറയും, പിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്ന മട്ടില്‍ നടക്കും. കുറച്ചു സമയം കഴിയുമ്പോള്‍ ടിവിയിൽ ന്യൂസ് ചാനല്‍ വയ്ക്കും. ഒപ്പം ലാപ്ടോപ്പ് ഓണ്‍ ചെയ്തു ഡെയിലി റിപ്പോര്‍ട്ട്‌ ‌ അയക്കും, പിന്നെ ന്യൂസ് കേട്ടുകൊണ്ട് നെറ്റില്‍ മറ്റെന്തെങ്കിലുമൊക്കെ നോക്കും. ഭക്ഷണത്തിനുശേഷം കുറച്ചെന്തെങ്കിലും പി എച് ഡി യുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്, പക്ഷേ പലപ്പോഴും കൂടുതല്‍ സമയം അതിനുവേണ്ടി ചിലവഴിക്കാന്‍ സാധിക്കാറില്ല. തുടക്കത്തില്‍ പറഞ്ഞ ചെയ്തുത്തീര്‍ക്കുവാൻ സാധിക്കാത്ത കാര്യങ്ങളില്‍ ഒന്നിതാണ്. ഏകദേശം 10 മണികഴിയുമ്പോഴേക്കും ദർശൻ ഉറങ്ങും. പിന്നീട് ഷീന അവളുടെ പി എച് ഡി യുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യും, അവളുടെ വര്‍ക്കിന്‍റെ ഫോട്ടോ സെറ്റ് ചെയ്യുന്നത് ഞാനാണ്‌. അവള്‍ ഏകദേശം പതിനൊന്നരയോടെ ഉറങ്ങും. ഞാന്‍ ഫോട്ടോ സെറ്റ് ചെയ്തുകൊണ്ടിരിക്കും. ഉറങ്ങുമ്പോള്‍ ഏകദേശം ഒരുമണിയാകും. ഈ അടുത്ത രണ്ടു ദിവസങ്ങളില്‍ ഞങ്ങളുടെ വീടിന്‍റെ ഡോറിന്‍റെ താക്കോല്‍ ദ്വാരത്തില്‍ ആരോ പച്ച ഇലയില്‍ പൊതിഞ്ഞ് കുറച്ചു ചന്ദനം (മഞ്ഞളും കുങ്കുമവും കലര്‍ന്നത്) തിരുകി വച്ചിരുന്നു. ഇതു കണ്ട ശേഷം ഷീനക്ക് വല്ലാത്ത പേടിയാണ്. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ ഇതുവയ്ക്കുന്ന ആളെ പിടിക്കാനുള്ള ശ്രമത്തിലാണ്. ഈ ശ്രമത്തിന്‍റെ ഭാഗമായി പലപ്പോഴും ഉറക്കം രാവിലെ നാലുമണിക്കു ശേഷമാണ്. പക്ഷേ ഇത് വച്ചയാൾ ആരാണെന്നോ, അയാളുടെ ഉദ്ദേശം എന്താണെന്നോ ഞങ്ങള്‍ക്കിതുവരെ മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ല.

ഇത്രയുമാണ് എന്‍റെ ഒരു സാധാരണ ദിവസത്തെ കാര്യങ്ങൾ.