24-2-2015

ഞാന്‍ എന്‍.എസ്.എസ് കോളേജ് സര്‍വ്വീസില്‍ പല കോളേജുകളില്‍ ജോലി ചെയ്തിരുന്നു. പെന്‍ഷനായത് 1990 ല്‍ ധനുവച്ചപുരം വേലുത്തമ്പി മെമ്മോറിയല്‍ എന്‍.എസ്.എസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായി.
ഇപ്പോള്‍ ഞാന്‍ വെളുപ്പിനു നാലുമണിക്കുമുമ്പേ എഴുല്‍ന്നേല്‍ക്കുന്നു. പല്ലു തേക്കുന്നത് ദന്ത ഡോക്ടര്‍ നിര്‍ദ്ദേശിച്ച ‘SHY-NM’ എന്ന ടൂത്ത് പേസ്റ്റ് ഉപയോഗിച്ചാണ്. കേടുള്ള പല്ലുകള്‍ക്ക് അതു നല്ലതാണ്. വീട്ടില്‍ ഭാര്യയും മകളും അവളുടെ കുട്ടികള്‍ ആ സമയത്ത് ഉറക്കമായതിനാല്‍ ഞാന്‍ തന്നെ അടുക്കള തുറുന്നു ഗ്യാസ് സ്റ്റൗ കത്തിച്ചു കട്ടന്‍ ചായ ഉണ്ടാക്കിക്കഴിക്കുന്നു. കഥയോ നോവലോ എഴുതാനില്ലെങ്കില്‍ ആ സമയത്തു ഞാന്‍ പുസ്തകം വായിക്കും. പബ്ലിക്ക് ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകങ്ങളാണ് വായിക്കുന്നത്. ആറു മണിക്കു പത്രം വരുന്നു. മാതൃഭൂമി, മനോരമ, The Hindu. അന്നേരം തലക്കെട്ടുകള്‍ മാത്രമൊന്നു നോക്കും. ഏഴുമണിക്കു ടി.വി. വാര്‍ത്തകള്‍ കേള്‍ക്കും.
സ്‌കൂള്‍ ഉള്ള ദിവസങ്ങളില്‍ പട്ടം ആര്യാ സെന്‍ട്രല്‍ സ്‌ക്കൂളില്‍ അഞ്ചാംക്ലാസ്സില്‍ പഠിക്കു പേരക്കുട്ടിയെ കൊണ്ടാക്കും. മകളുടെ കാറിന്‍റെ ഡ്രൈവര്‍ ഏഴേ മുക്കാലിനു വരുന്നു. എട്ട് മണിക്കുശേഷം സ്‌കൂളിന്‍റെ മുമ്പിലെ റോഡുക്രോസ് ചെയ്തു കടത്തി വിട്ടാല്‍ അവള്‍ തനിയെ ക്ലാസ്സിലേക്കു പൊയ്‌ക്കൊള്ളാം.
മടങ്ങി വന്നു ഞാന്‍ പ്രാതല്‍ കഴിക്കും. ഇഡ്ഡലിയോ ദോശയോ പുട്ടോ ഉണ്ടായി രിക്കും. പ്രാതല്‍ കഴിഞ്ഞ് മരുന്നു കഴിക്കുന്നു. ഒരു വര്‍ഷം മുമ്പ് എനിക്ക് ഹൃദയത്തില്‍ ഒരു ബൈപാസ് സര്‍ജറി നടത്തിയിട്ടുള്ളതിനാല്‍ മൂന്നുനേരവും മരുന്നു കഴിക്കുന്നുണ്ട്.
പ്രാതല്‍ കഴിച്ചതിനുശേഷം വരാന്തയിലിരുന്നു പത്രങ്ങള്‍ വിശദമായി വായി ക്കുന്നു. പത്തുമണിക്കുശേഷം ചില ദിവസങ്ങളില്‍ പബ്ലിക് ലൈബ്രറിയില്‍ പോകാറുണ്ട്. കേശവദാസപുരത്ത് ദേവസ്വം ലെയ്‌നില്‍ ഞാന്‍ താമസിക്കുന്ന വീട്ടില്‍ നിന്നു നടുന്നു ജംഗ്ഷനിലെത്തി ഓട്ടോറിക്ഷ പിടിച്ചാണു പോകുന്നത്.
ഇംഗ്ലീഷ്, മലയാളം, പീരിയോഡിക്കല്‍സ് വായിക്കും. പുസ്തകം കൊടുക്കുകയും എടുക്കുകയും ചെയ്യും. ഒരു മണിക്കു മടങ്ങി വരും. ഭക്ഷണം കഴിച്ചശേഷം കുറച്ചു നേരം ഉറങ്ങും. രണ്ടരക്കു മകളെ വിളിക്കാന്‍ സ്‌കൂളില്‍ പോകും. മടങ്ങുന്നതു മൂന്നരക്ക്.
നാലുമണി കഴിഞ്ഞ് നഗരത്തില്‍ എങ്കെിലും സാഹിത്യസമ്മേളനമുണ്ടെങ്കില്‍ പങ്കെടുക്കാറുണ്ട്. തൈക്കാട് ഗാന്ധിഭവനില്‍ പോകാറുണ്ട്. ഇന്ദിരാഭവനില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍റെ പുസ്തക പ്രകാശനമുള്ളപ്പോള്‍ സംബന്ധിക്കും. വൈകിട്ടു നടക്കാന്‍ പോകാറുണ്ട്.
വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ ചില വൈകുന്നേരങ്ങളില്‍ പോകാറുണ്ട്. വൈകിട്ട് ഏഴുമണിയ്ക്ക് ടി.വി. വാര്‍ത്തകള്‍ കേള്‍ക്കും. തുടര്‍ന്നു നല്ല മലയാള സിനിമയുണ്ടെങ്കില്‍ കാണും. സീരിയലുകള്‍ കാണാറില്ല.
എഴുമണിക്കുമുമ്പേ രാത്രി ഭക്ഷണം കഴിക്കും. ഇടക്ക് മൊബൈല്‍ ഫോണില്‍ ചിലരോടു സംസാരിക്കും. ഭക്ഷണം കഴിഞ്ഞാല്‍ പത്തുമണിവരെ വായനയും എഴുത്തും. പത്തുമണിക്ക് ഉറക്കം. ഉച്ചക്കു സ്ഥിരമായി ചോറുണ്ണും, വൈകിട്ട് ചോറോ ചപ്പാത്തിയോ കഴിക്കുന്നു.