anoop-menon_1246
വളരെ അപൂര്‍വ്വം ദിവസങ്ങളില്‍ ആണ് ഞാന്‍ അതിരാവിലെ എഴുന്നേല്‍ക്കുന്നത്. ചില ദിവസങ്ങളില്‍ രാത്രി ഉറങ്ങാതെ ഇരുന്നിട്ടു പുലര്‍കാലം കണ്ട ദിവസങ്ങള്‍ ഉണ്ട്. ആ ദിവസങ്ങളില്‍ ശരിക്കും ഒരു നഗരം ഉണരുന്നത് കാണാം. ഞാന്‍ താമസിക്കുന്നത്‌ എറണാകുളം കലൂരിലെ ഒരു ഫ്ലാറ്റില്‍ ആണ്. എന്റെ അപ്പാര്‍ട്ട്മെന്റിന്റെ ടെറസില്‍ നിന്നാല്‍ ശരിക്കും ഒരു നഗരം ഉണരുന്നത് കാണാന്‍ പറ്റും. അപ്പുറത്തെ വീട്ടിലെ ആളുകള്‍ മാത്രമല്ല പട്ടിയും പൂച്ചയുമായാലും, സൂര്യനേറ്റു തുടങ്ങുമ്പോള്‍ ഇവയെല്ലാം എഴുനേല്‍ക്കുന്നത് പിന്നെ നമ്മള്‍ കേള്‍ക്കാറുള്ളത് പോലെ പാല്‍ക്കാരന്‍, ന്യൂസ്‌പേപ്പര്‍ ബോയ്‌, നഗരത്തില്‍ നിന്നും യാത്രയാകുന്ന അവസാനത്തെ ലോറികള്‍ പിന്നെ കാല്‍നടക്കാര്‍ തുടങ്ങുന്നു, ഓടാന്‍ വരുന്ന ആളുകള്‍. പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം ചിലപ്പോള്‍ ഷൂട്ട്‌ ഉള്ള ദിവസങ്ങള്‍ ആണെങ്കില്‍ ഷൂട്ടിലേക്കുള്ള തയ്യാറെടുപ്പുകളാണ്. അല്ലെങ്കില്‍ ഞാന്‍ രാവിലെ ചെയ്യുന്ന കാര്യം നമ്മുടെ സഹായിയായ പ്രകാശന്‍ കൊണ്ടുവരുന്ന ചായ കുടിച്ചിട്ട് തുടങ്ങുന്നതാണ് ഒരു ദിവസം. അല്ലെങ്കില്‍ വീട്ടിലാണെങ്കില്‍ ഭാര്യ. എന്റെ ഭാര്യയുടെ ഒരു പ്രത്യേകത എന്താണെന്നുവെച്ചാല്‍ അവള്‍ ബ്രേക്ക്‌ഫാസ്റ്റ് വളരെ വിപുലമായി ആണ് ഉണ്ടാക്കുന്നത്. അവള്‍ക്കു ജോലിക്കാരുടെ ഒരു സംഘം ഒക്കെയുണ്ട്. അപ്പോള്‍ അതുകൊണ്ട് ഓരോ ദിവസവും ഓരോ വിഭവങ്ങള്‍. അതിന്റെ ഒരു പുതുമ, പണ്ട് ബാച്ച്ലര്‍ ആയിരുന്നപ്പോ എല്ലാ ദിവസവും പ്രകാശന്‍ ഏകദേശം ഒരേ ഭക്ഷണം ആയിരിക്കും തരുന്നത്. ഇതാകുമ്പോള്‍ ഒരു ദിവസം ഇംഗ്ലീഷ് സ്റ്റൈല്‍ ബ്രേക്ക്‌ഫാസ്റ്റ് ആണെങ്കില്‍ ഒരു ദിവസം ദോശയും വേറൊരു ദിവസം ഇഡലിയും അങ്ങനെ വൈവിധ്യങ്ങളിലേക്ക് എന്റെ പ്രാതല്‍ മാറിയിരിക്കുന്നു ഭാര്യ വന്നതിനു ശേഷം. എന്നെ സംബന്ധിച്ചിടത്തോളം ഒരു അവധി ദിവസം ആണെങ്കില്‍ സിനിമ കാണുന്നതില്‍ ആയിരിക്കും ഞാന്‍ ആ ദിവസം തുടങ്ങുന്നത്. ഒരുപാടു വിദേശത്ത് സഞ്ചരിക്കുമ്പോഴും അതുപോലെ ഇവിടെയൊക്കെ സഞ്ചരിക്കുമ്പോഴും ഞാന്‍ ഏറ്റവും കൂടുതല്‍ വാങ്ങിക്കുന്നതും എന്റെ കാശ് പോകുന്നത് ഡി വി ഡി സിലും പുസ്തകങ്ങളിലും ആണ്. അല്ലാതെ വേറെ ഒരു തരം അധിക ചിലവു ഉള്ള ആളല്ല. സിനിമയില്‍ തുടങ്ങുക അല്ലെങ്കില്‍ ഒരു പുസ്തകത്തില്‍ തുടങ്ങും11 മണിക്ക് ചിലപ്പോള്‍ ഒരു ചായ അല്ലെങ്കില്‍ ഒരു ഗ്രീന്‍ ടീ. രാവിലെ ഏതു സമയത്ത് എഴുനേല്‍ക്കും എന്നതിന് പ്രത്യേകിച്ചു ഒരു നിബന്ധനയും ഇല്ല. ഷൂട്ട്‌ ഇല്ലെങ്കില്‍ ഭാര്യ വിളിക്കാറില്ല. ഉറങ്ങിക്കോട്ടേന്നു വിചാരിക്കും. ഒരു എട്ട്-എട്ടര ആകുമ്പോള്‍ ചിലപ്പോള്‍ എഴുനേല്‍ക്കും. ചില സമയങ്ങളില്‍ രാവിലെ നടക്കുക, ചില്ലറ വ്യായാമങ്ങള്‍. ഞാന്‍ ഒട്ടും തന്നെ വ്യായാമം ഇല്ലാത്ത ഒരാളാണ്. ചില സമയങ്ങളില്‍ മൂഡ്‌ വന്ന് നടക്കനൊക്കെ പോകണം എന്നുണ്ടെങ്കില്‍ ചിലപ്പോള്‍ 7 മണിക്ക് വേറൊന്നും ചെയ്യാന്‍ ഇല്ലാത്തപ്പോള്‍ പോകും. ഉച്ചക്ക് ലഞ്ച്. ലഞ്ച് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഞാന്‍ പുറത്തുപോകും. ചിലപ്പോള്‍ ലഞ്ചിനു പുറത്തുപോകും, കൂട്ടുകാരൊക്കെ ഉണ്ടെങ്കില്‍. പണ്ടേ എനിക്ക് ഉച്ചയുറക്കം പതിവില്ല. നോര്‍മലി വൈകുന്നേരം ആകുമ്പോള്‍ ഒരു ചായ അതും ഒരു സീസണല്‍ ആണ്. ചില സമയം ചായക്ക് വാഴയ്ക്കപ്പം, വട എന്നുപറയുന്ന സ്ഥിരം സാധനങ്ങള്‍. ചില സമയത്ത് വൈകുന്നേരത്തേത് ഞാന്‍ ഒഴിവാക്കും. സന്ധ്യാസമയത്ത് അങ്ങനെ പ്രാര്‍ത്ഥന ഒന്നും ഉള്ള ആളല്ല ഞാന്‍. വൈകുന്നേരങ്ങളില്‍ മിക്കവാറും പുറത്തു പോകാറുണ്ട്. ഒരുപാടു സുഹൃത്തുക്കള്‍ ഉള്ള ആളാണ് ഞാന്‍. വൈകുന്നേരങ്ങളില്‍ ടി വി കാണല്‍ ഇല്ല. ഞാന്‍ ടെലിവിഷന്‍ സീരിയല്‍ ചെയ്തുകൊണ്ടിരുന്ന കാലം മുതലേ ഞാന്‍ ടി വി കാണാറില്ല. ഞാന്‍ അഭിനയിച്ച സീരിയലുകള്‍ പോലും കണ്ടിട്ടില്ല. കേരളത്തിന്‌ പുറത്തുപോകുമ്പോള്‍ ആണ് കൂടുതലും സിനിമ കാണാറുള്ളത്‌. ബാംഗ്ലൂര്‍ ഒക്കെ ഞാന്‍ സ്ഥിരമായി യാത്ര ചെയ്യാറുണ്ട്. ഇപ്പോൾ ലുലു വന്നതുകൊണ്ട് എറണാകുളം പി വി ആറില്‍ പോയി സിനിമ കാണാറുണ്ട്. വൈകുന്നേരം കഴിവതും ഞാന്‍ നേരത്തേ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കും. ഒരു ഏഴ് – ഏഴര അതാണ് എനിക്കിഷ്ടപ്പെട്ട സമയം. ചില സമയത്ത് പത്തു – പത്തരയൊക്കെ ആകും. സിനിമ ഉണ്ടെങ്കില്‍ അത് കണ്ട് ഇരിക്കും. ഉറക്കം വന്നിലെങ്കില്‍ ഞാന്‍ പുസ്തകം വായിക്കും. നോണ്‍ – ഫിക്ഷന്‍, യാത്രാവിവരണം, ആത്മകഥകള്‍ തുടങ്ങിയ പുസ്തകങ്ങളാണ് ഇപ്പോള്‍ കൂടുതലും വായിക്കുന്നത്. ഫിക്ഷന്‍ വായന തീരെ കുറവാണ്. ഇതൊക്കെയാണ് എന്റെ ഒരു ദിവസത്തെ ജീവിതം. പിന്നെ തീര്‍ച്ചയായും ഇത് സ്ഥിരമായ ഒരു ജീവിതചര്യ അല്ല. മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍ യാത്രയിലാണെങ്കില്‍ അതിരാവിലെ എഴുന്നേറ്റു ഒരു ബാഗ്‌പാക്കും എടുത്തു അതില്‍ ഒരു ബോട്ടില്‍ വെള്ളവും അത്യാവശ്യം ഭക്ഷണ സാധനങ്ങളുമായി ഒരു ദിവസം മുഴുവനും ഞാന്‍ നടന്നിട്ടുണ്ട്. നഗരങ്ങള്‍ കണ്ടു അവിടുത്തെ ചെറിയ ചെറിയ റസ്റ്റ്‌റ്റോറന്റ്സില്‍ കയറി അങ്ങനെ നടക്കാറുണ്ട്. ഇവിടെ അത് സാധിക്കില്ല എന്നുള്ളതുകൊണ്ട് അങ്ങനെ നടക്കാറില്ല. ഇവിടെ അങ്ങനെ ചെയ്യണം എന്നു ആഗ്രഹമൊക്കെയുണ്ട്.