7.3.2015

തലേ ദിവസം രാത്രി എന്നും വിചാരിക്കും പിറ്റേന്ന് രാവിലെ 5.30നു എണീറ്റ്‌ നടക്കാന്‍ പോകണമെന്ന്. പക്ഷെ കണ്ണുതുറന്നു ഫോണില്‍ നോക്കുമ്പോള്‍ 6.30 -6.45 അല്ലെങ്കില്‍ ഏഴു മണിയോ ആയിരിക്കും. ഇപ്പോള്‍ രണ്ടു മൂന്ന് ദിവസം കൊണ്ടാണ് ഈ ഉറക്കം. ഇന്ന് ഞാന്‍ കൃത്യം ആറരയ്ക്കു ചാടിപ്പിടഞ്ഞു എഴുന്നേറ്റു. കാരണം എന്റെ ഒരു കൂട്ടുകാരന്‍, അവനു എഴരയ്ക്ക്‌ ഓഫീസില്‍ പോകണം. എന്നാല്‍ അവന്‍ എഴുന്നെല്ക്കാത്തത് കൊണ്ട് അവനെ വിളിച്ചുണര്‍ത്തേണ്ട ജോലി എനിക്കാണ്. ഞാന്‍ അവന്റെ ഫോണില്‍ മൂന്ന്-നാലു കോള്‍ വിളിച്ചു. കക്ഷി എണീറ്റ്‌ കോള്‍ കട്ട്‌ ചെയ്തു. എന്നിട്ട് എന്നും തരുന്ന വഴക്ക് മെസേജ് അയച്ചു. ഇതെല്ലാം കഴിഞ്ഞു ഞാന്‍ എന്റെ പ്രാഥമികക്രിത്യങ്ങള്‍ക്കു ശേഷം കുറച്ചുനേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്നിട്ട് ഞാന്‍ അടുക്കളയില്‍ കയറി. അമ്മക്ക് വയ്യാത്തത് കൊണ്ട് താമസിച്ചാണ് എഴുന്നേറ്റത്. ഞാന്‍ രണ്ടു ബീട്രൂറ്റ് എടുത്തു അരിഞ്ഞുവെച്ച് കടുകുവറുത്തു അടുപ്പത്താക്കി. എന്നിട്ട് കോവക്കയ്ക്ക് അരിഞ്ഞുവെച്ചു. ഇതിനിടയില്‍ അമ്മ വന്നു രാവിലത്തെ പ്രാതലിനുള്ള പുട്ടിന്റെ മാവു തയ്യാറാക്കി. ഞാന്‍ തോരനും, പുട്ടിനും, ഒഴിച്ചുകൂട്ടാനുമുള്ള തേങ്ങ ചിരകിവെച്ചിട്ട് കുളിക്കാന്‍ പോയി. എട്ടേ മുക്കാല്‍ ആയപ്പോള്‍ ഒരുങ്ങി തീരാറായി. ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാനും ഉച്ചയ്ക്കുള്ള ഊണും എടുക്കാന്‍ അടുക്കളയില്‍ വന്നപ്പോള്‍ ചേച്ചിയും അമ്മയും ചേട്ടായിയുടെ ദേഷ്യത്തിന്റെ ചൂട് മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ സൈഡ് കൂടി ആരെയും ശല്യം ചെയ്യാതെ പുട്ടു ആവി വരാത്തതുകൊണ്ട് ചോറും പുളിശ്ശേരിയും തോരനും മെഴുക്കുവരട്ടിയും കൂടി കഴിച്ചു. എന്റെ ചേട്ടന്റെ ദേഷ്യം അപ്പോഴും അടങ്ങിയില്ല. ദേഷ്യം കൊണ്ട് കക്ഷി സൈലന്റ് ആയി ഇരുന്നു പുട്ടും പഴവും കഴിച്ചു ദേഷ്യത്തോടെ കൈകഴുകി ചോറുമെടുത്ത്‌ പോകാനിറങ്ങി. അമ്മയും ചേച്ചിയും പുറകെ നടന്ന് സമാധാനിപ്പിക്കുന്നു കളിപറയുന്നു പക്ഷെ എവിടെ ഏല്‍ക്കാന്‍. ഞാന്‍ അതുകൊണ്ട് മിണ്ടാതെ അവിടെയിരുന്നു ചോറ് കഴിച്ചു. എന്നിട്ട് എന്റെ അമ്മ ഇട്ടു തന്ന ചോറും എന്റെ ഡിയറെസ്റ്റ് ബാഗും ഫോണും അമ്മ തന്ന പൈസയും എടുത്തു ഇറങ്ങി. ബസ്സ്‌സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ലോഫ്ലോര്‍ അങ്ങനെ സമാധാനത്തില്‍ സ്പീഡില്‍ പോകുന്നു. കുറച്ചു സ്പീഡ് ഞാനും കൂട്ടി. ബസ്സ്റ്റോപ്പില്‍ എത്തുന്നതിനു മുന്‍പേ ഒരു കിഴക്കേക്കോട്ട സിറ്റി ബസ്സില്‍ ഞാന്‍ ധൈര്യപ്പൂര്‍വ്വം കൈകാണിച്ചു. ബസ് ഡ്രൈവര്‍ പാവമായത് കൊണ്ട് നിര്‍ത്തി തന്നു. ഞാന്‍ അങ്ങനെ ചെയ്തത് കൊണ്ട് രണ്ടു മൂന്ന് വ്യക്തികള്‍ക്കു കൂടി ആ ബസ്സില്‍ കയറാന്‍ സാധിച്ചു. ബസ്സില്‍ ഒതുങ്ങി നിന്ന് ടിക്കറ്റും എടുത്തു. ബസ്സ്‌ ഏകദേശം മരുതുംകുഴി എത്തിയപ്പോള്‍ ഇരിക്കാന്‍ സീറ്റ്‌ കിട്ടി. അവിടെ വിശാലമായി സന്തോഷത്തോടെ ഇരുന്നപ്പോള്‍ ഒരു പെണ്‍കുട്ടി വലിയ ഭാരമുള്ള ബാഗ്‌ (കരിങ്കല്ല് നിറച്ച ബാഗ്‌ പോലെ) തന്നു. ഞാന്‍ ഒന്നും പറയാതെ വാങ്ങി എന്റെ മടിയില്‍ വെച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്തിരുന്ന സ്ത്രീയും എഴുന്നേറ്റു. ഞാന്‍ ജനലിനരികെ ഇരുന്നു. ബാഗ്‌ തന്ന കുട്ടി എന്റെ അടുത്തിരുന്നു. അങ്ങനെ സുഖിച്ചു ജനാലക്കരികില്‍ ഇരുന്നപ്പോളുണ്ട് വെയിലിന്റെ ആക്രമണം. അതോടെ ഷട്ടര്‍ ഇടേണ്ട അവസ്ഥയായി. ആ സമയത്ത് എന്റെ അടുത്തിരുന്ന ആ കുട്ടിയുടെ കയ്യില്‍ വലിയ ഒരു ടച്ച്‌ ഫോണ്‍. എന്റെ ഒരു വലിയ ആഗ്രഹമാണ് ഒരു വലിയ ടച്ച്‌ ഫോണ്‍. കൊതിയോടെ നോക്കിയിരുന്നു. എന്റെ ഫോണ്‍ കുഞ്ഞു ചൈന സെറ്റ് ആണ്. ഏറിപ്പോയാല്‍ അഞ്ചുമിനിറ്റ് ചാര്‍ജു നില്ക്കും . സങ്കടത്തോടെ ആ ഫോണിനെയും എന്റെ കുഞ്ഞു ഫോണിനെയും മാറിമാറി നോക്കി. അങ്ങനെ ചിന്തിച്ചിരുന്നപ്പോള്‍ വെള്ളയമ്പലം എത്തിയത് അറിഞ്ഞില്ല. വെള്ളയമ്പലം കഴിഞ്ഞപ്പോള്‍ നമ്മുടെ തലസ്ഥാനത്തിന്റെ രാജവീഥിയിലെ വലിയ മരങ്ങള്‍ കണ്ടപ്പോള്‍ നമ്മുടെ പണ്ടത്തെ രാജഭരണ കാലത്തെ രാജവീഥികള്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രത്തിലേതു പോലെ മനസ്സിലൂടെ കടന്നു പോയി. അങ്ങനെ ചിന്തിച്ചിരുന്നപ്പോള്‍ മ്യുസിയമെത്തി. അപ്പോള്‍ അവിടുത്തെ co-operaration ഓഫിസിലെ പുതിയ ഗേറ്റിനെ പറ്റി ചിന്തിച്ചു. ആ ഗേറ്റ് വന്നതോടെ അവിടുത്തെ ജീവനക്കാര്‍ക്ക് അങ്ങറ്റത്തേക്കും ഇങ്ങറ്റത്തേക്കും ഓടണ്ടല്ലോ. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി വഴിയില്‍ വെച്ചിരുന്ന ദേവീപ്രതിഷ്ഠയുടെ മുഖം കെട്ടിവെച്ചിരിക്കുന്നു. ഇനി അടുത്ത വര്‍ഷമല്ലേ ഈ വിഗ്രഹം പുറംലോകം കാണുകയുള്ളൂ. പാവം! അങ്ങനെ സ്റ്റേറ്റ് സെന്ട്രല്‍ ലൈബ്രറിയുടെ മുന്നില്‍ ബസ്സ്‌ നിര്‍ത്തി . ഏതോ ബോധത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റു ഇറങ്ങി. ലൈബ്രറിയും ഫൈന്‍ ആര്‍ട്ട്‌സ് കോളേജും കല്യാണ്‍ സില്‍ക്ക്സും കടന്നു റോഡ്‌ മുറിച്ചു കടന്നു സൌഫിനെ കണ്ടതിന്റെ സന്തോഷത്തോടെ വേഗത്തില്‍ പാളയം ബസ്സ്‌ സ്റ്റോപ്പിലെ മരത്തിന്റെ തണലിലേക്ക്‌ നടന്നപ്പോള്‍ എതിരെ മീനുവും വരുന്നു. കൃത്യം പത്തുമണിക്ക് ഞങ്ങള്‍ മൂന്നുപേരും കണ്ടുമുട്ടി. എന്നിട്ട് യുണിവേഴ്സിറ്റി ലൈബ്രറിയില്‍ ഡെപ്പോസിറ്റ് ചെയ്ത പൈസ തിരിച്ചു വാങ്ങാന്‍ പോയപ്പോള്‍ എനിക്കും മീനുവിനും കാശില്ല. സൌഫിന്‍ വിത്ഡ്രോ ചെയ്തു കാശ് വാങ്ങി. എന്നിട്ടവിടുന്ന് പബ്ലിക്‌ ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ ചെന്നപ്പോള്‍ ഓരോരോ ഗുലുമാലുകള്‍. ലാസ്റ്റ് ഞങ്ങള്‍ ഒരു ഓട്ടോയില്‍ കയറി കെ സി എച്ച് ആറില്‍ എത്തിയപ്പോള്‍ ഉണ്ട് അവിടെ സിനിമ നടന്‍ ജയറാമും സംവിധായകനും(പേര് അറിയില്ല). അവിടെ കുറെ വണ്ടികളും ചുറ്റും ഒരു കല്യാണത്തിനുള്ള ആളുകളും. ഏതോ ലോകത്ത് അകപെട്ടതുപോലെ ഞങ്ങള്‍ മൂന്നുപേരും. അവിടുന്നെങ്ങനെയോ കെ സി എച്ച് ആറിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ ഉണ്ട് അവിടെയാരോ ഇരിക്കുന്നു. ഞാന്‍ ശ്രദ്ധിച്ചില്ല. സൌഫിന്‍ ഒരു വിളി “അനൂപ്‌ മേനോന്‍!”. ആ മനുഷ്യന്‍ നോക്കി ചിരിച്ചു. പിന്നെ നേരെ വന്നു ലൈബ്രറിയില്‍ കയറി താക്കോല്‍ എടുത്തു ബാഗ്‌ വെച്ചു. സത്യം പറയാലോ അപ്പോഴും ഞങ്ങള്‍ മൂന്നുപേരും സ്വബോധത്തില്‍ അല്ലായിരുന്നു. ലൈബ്രറിയില്‍ ഉറക്കെ സംസാരിച്ചു, ചിരിച്ചു(അല്ല അട്ടഹസിച്ചു) കാരണം പ്രേതീക്ഷിക്കാതെ കണ്ട ആ കാഴ്ചകളുടെ പിന്നാലെ ആയിരുന്നു ഞങ്ങളുടെ മനസ്സ്.