എൻെറ മുത്തച്ഛൻ – അതായത് അമ്മയുടെ അച്ഛൻ – സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച വർഷമാണ് ഞാൻ ജനിച്ചത്. അന്ന് അദ്ദേഹം തിരുവനന്തപുരത്തായിരുന്നു. എനിക്ക് ഒരു വയസ്സാകുന്നതിനു മുൻപു തന്നെ അദ്ദേഹം ജന്മസ്ഥലമായ ഹരിപ്പാട് എന്ന ഗ്രാമത്തിൽ സ്വന്തമായി പണിതിട്ടിരുന്ന വീട്ടിലേയ്ക്ക് മാറി. അതുകൊണ്ട് മുത്തശ്ശിയുടെ ജീവിത സായാഹ്നത്തിൻെറ ഇളംചൂടും തിരക്കൊഴിഞ്ഞ സാമീപ്യവും ഒരുക്കിയ ഒരു പശ്ചാത്തലത്തിലാണ് ഞാൻ എൻെറ മുത്തശ്ശിയെ ഓർക്കുന്നത്. എൻെറ സ്കൂൾ വിദ്യാഭ്യാസം മിക്കവാറും മുഴുവനായി തന്നെ അവരുടെ ഒപ്പമായിരുന്നു. അടുത്ത തലമുറയുടെ തുടക്കം കുറിയ്ക്കുന്ന ആദ്യത്തെ കുഞ്ഞ് എന്ന നിലയിലും വാര്യന്മാരുടെ മരുമക്കത്തായ രീതി അനുസരിച്ച് എന്നെങ്കിലും കൂട്ടുകുടുംബത്തിലെ മറ്റൊരു മുത്തശ്ശിയാകാൻ ജനിച്ചവൾ എന്ന നിലയിലും ഞാൻ അവരുടെ കുഞ്ഞുമോളായി വിലസി. എൻെറ മകളും മകനും അവരുടെ മക്കളും അതിൽ മൂത്തയാളുടെ കുഞ്ഞുമക്കളും ചേർന്ന കുടുംബത്തെ കണ്ടും സ്നേഹിച്ചും കഴിയാനുള്ള ഭാഗ്യം ഏനിക്ക് ലഭിച്ചെങ്കിലും സ്ത്രീശക്തിയുടെ പ്രതീകമായി, സ്ത്രീ മനസ്സിൻെറ ആഴങ്ങൾ കണ്ടെത്തി പ്രതികരിച്ച ഒരു സ്ത്രീയായി ഞാൻ ഇന്നും ബഹുമാനിക്കുന്നത് എൻെറ മുത്തശ്ശിയെ ആണ്. എൻെറ ബാല്യകൗമാരങ്ങളുടെ ഓർമ്മയിൽ ഞാൻ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഒരു സ്ത്രീയായി അവർ നിറഞ്ഞു നിന്നു. എനിക്കു ഇരുപതു വയസ്സുള്ളപ്പോൾ അവർ ദിവംഗതയായി. ഇന്നും അവർക്ക് ബദലായി ഒരു സത്രീ സങ്കൽപം എൻെറ മനസ്സിലില്ല.
പൊക്കം കുറഞ്ഞ് രക്തച്ഛ വിസ്ഫുരിക്കുന്ന വെള്ളാന്പലിൻെറ നിറവും മെലിഞ്ഞതല്ലാത്ത വെടിവൊത്ത ദേഹവും വെള്ളി രേഖകൾ കണ്ടു തുടങ്ങിയ നീണ്ട തലമുടിയും അവരെ സുന്ദരിയാക്കി. മുത്തശ്ശിയെ വിവാഹം കഴിച്ചു കൊണ്ടുവന്നപ്പോൾ അവർക്ക് പതിനെട്ടു വയസ്സായിരുന്നു. അന്നത്തെ രീതിയ്ക്ക് അത് കല്യാണ പ്രായം ഏതാണ്ട് കഴിഞ്ഞു തുടങ്ങിയ സമയമാണ്. അതുകൊണ്ടുതന്നെ യൗവ്വനത്തിൻെറതായ ഒരു പ്രസരിപ്പും താൻ പോരിമയും ഉണ്ടായിരുന്നു എന്നു മാത്രമല്ല കൂട്ടുകുടുംബത്തിൽ നിന്നും ഒരു ഒറ്റ കുടുംബത്തിലേയ്ക്ക് വന്ന് സ്വയം ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നപ്പോഴും അവർക്ക് വലിയ പ്രയാസമൊന്നുമുണ്ടായില്ല. അന്ന് മുത്തച്ഛൻ വിദ്യാഭ്യാസരംഗത്തായിരുന്നു ജോലി എടുത്തിരുന്നത്. മുത്തശ്ശിയുടെ വിവാഹം നടക്കുന്ന സമയത്ത് വടക്കേ മലബാറിലുള്ള ഒരു പഴയ തറവാടായ കണ്ണന്പുഴ വാര്യത്തായിരുന്നു മുത്തശ്ശി താമസിച്ചിരുന്നത്. മരുമക്കത്തായ രീതി പ്രകാരം വിവാഹശേഷവും സ്ത്രീകൾ സ്വന്തം തറവാട്ടിലാണ് കഴിഞ്ഞിരുന്നത്. അവരുടെ സഹോദരന്മാരാണ് കുടുംബം പുലർത്തിയിരുന്നതും. അന്നത്തെ കാലത്ത് വിശേഷാവസരങ്ങളിൽ മാത്രമാണ് സ്ത്രീകൾ ഭർത്താവിൻെറ കുടുംബങ്ങളിൽ ചെന്നു താമസിച്ചിരുന്നത്. അവരുടെ സഹോദരന്മാരാണ് കുടുംബം പുലർത്തിയിരുന്നതും. അതുപോലെ തന്നെ ഭർത്താവിൻെറ കുടുംബത്തിലും മരുമക്കത്തായമായിരുന്ന നിലനിന്നിരുന്നത്. അതനുസരിച്ച് മുത്തശ്ശിയുടെ വാര്യത്ത് നാലു അമ്മാവന്മാരാണ് കുടുംബ ചുമതല ഏറ്റെടുത്ത് അവരെ സംരക്ഷിച്ചിരുന്നത്. വളരെ ഭംഗിയായി നടന്നിരുന്ന ഒരു വ്യവസ്ഥിതി ആയിരുന്നു അത്. മുത്തശ്ശിയുടെ അമ്മാവന്മാർ കുടുംബസ്വത്തായി ഉണ്ടായിരുന്ന നിലങ്ങൾ, പുരയിടങ്ങൾ ഒക്കെ ഭംഗിയായി നോക്കി ആവശ്യങ്ങൾ നടത്തിയിരുന്നു. പെൺകുട്ടികളെ നല്ല നിലയിൽ വിവാഹം കഴിപ്പിക്കുകയും ആൺകുട്ടികൾക്കും അവരുടെ കുടുംബങ്ങളെ സ്വയം രക്ഷിക്കാനുള്ള പ്രാപ്തി ഉണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. അതേ സമയം ഭരണ കർ‌ത്താക്കൾ‌ ഉൾപ്പെടെ ആർക്കും തന്നെ പ്രത്യേക പരിഗണനകളൊന്നും ലഭിച്ചിരുന്നില്ല. എൻെറ ഓർമ്മയിൽ അക്കാലത്ത് വലിയൊരു സംഘം ഒരു കുടുംബമായി, വലിയ ആഡംബരം ഒന്നും ഇല്ലെങ്കിലും വേണ്ടത്ര സുഖസൗകര്യങ്ങളോടെ കണ്ണന്പുഴ വാര്യത്ത് കഴിഞ്ഞിരുന്നു. പുഴയുടെ തീരത്ത് വലിയൊരു പറന്പിൻെറ അറ്റത്തായിട്ടായിരുന്നു മുത്തശ്ശി പിറന്ന കണ്ണന്പുഴ വാരിയം. അകത്തളങ്ങളുള്ള രണ്ടു നാലുകെട്ടും മുകളിലത്തെ നിലയിൽ കിടപ്പറകളും ആയി വലിയൊരു കെട്ടിടമായിരുന്നു അത്. കിടപ്പറകളെല്ലാം വിവാഹിതകളായ സ്ത്രീകൾക്കായിരുന്നു. വിധവകളും പെൺകുട്ടികളും അവിവാഹിതകളായ സ്ത്രീകളും നാലുകെട്ടിനുള്ളിലുള്ള വരാന്തകളിലും ആൺകുട്ടികളും അമ്മാവന്മാരും ചില സിൽബന്തികളും ഒക്കെ, സ്ഥലത്തുള്ളപ്പോൾ വലിയ വരാന്തകളിലും സുഖനിദ്ര ചെയ്തിരുന്നു. അടുക്കളകൾക്കപ്പുറം സ്ത്രീകളുടെ പ്രത്യേക സൗകര്യം കണക്കാക്കി ഒന്നു രണ്ടു മുറികൾ ഉണ്ടായിരുന്നിരിയ്ക്കണം. പ്രസവസമയത്തും മറ്റും അവർക്കുവേണ്ടി വരുന്ന സ്വകാര്യത ഉറപ്പാക്കാനായി പണിതതായിരിയ്ക്കണം അവ. അക്കാലത്ത് കുടുംബത്തിനകത്ത് ആവശ്യം വേണ്ടി വരുന്ന എല്ലാ പണികളും അടുക്കളയുടെ ചുമതലയടക്കം സ്ത്രീകളുടെ ഭരണത്തിലായിരുന്നു. മുറികൾക്കകത്തും അടുക്കളയിലും അവ യഥാവിധം വൃത്തിയാക്കി തുടച്ചിടാൻ മാത്രമാണ്പ രിചാരകരെ കയറ്റിയിരുന്നത്. ജോലി ചെയ്യുന്നതിനുള്ള ഉത്സാഹവും അതിൽ കാണിക്കുന്ന ജാഗ്രതയും ഏറെ കൊണ്ടാടിയിരുന്ന ഒരു കാലമായിരുന്നു അത്. ‘വാര്യം’ എന്ന വാക്കിൻെറ അർത്ഥം തന്നെ തമിഴിൽ ‘നിർവാഹക സമിതി’ എന്നായിരുന്നു. അതിന് അനുസൃതമായിട്ടെന്നോണം വാര്യന്മാർ മലയാളിക്ഷേത്രങ്ങൾക്കുള്ളിലെ എല്ലാ കാര്യങ്ങളും – പൂജ ഒഴിച്ച് – ഭംഗിയായി കൊണ്ടു നടന്നിരുന്നു. അതിന് അന്പലത്തിനകത്ത് ഉണ്ടാക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളുടെയും ഒരു പങ്ക് വാര്യർ കുടുംബങ്ങൾക്ക് ലഭിക്കുമായിരുന്നു. ഒപ്പം കൂട്ടുകുടുംബങ്ങൾക്ക് നാലുവശങ്ങളിലുമായി പടർന്നു കിടക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നും വാഴകളിൽ നിന്നുമൊക്കെയായി ഇഷ്ടംപോലെ പഴങ്ങൾ പറിച്ചെടുത്ത് കഴിക്കാനും സാധിക്കുമായിരുന്നു. ഈ വിധത്തിൽ സാമുദായികവും സഹകരണാത്മകവുമായ ഒരു തരം സ്വാതന്ത്ര്യം നിലനിന്നിരുന്ന സ്വന്തം വാര്യത്തു നിന്ന് തിരുവിതാംകൂറിൻെറ തലസ്ഥാനമായിരുന്ന തിരുവനന്തപുരത്തേയ്ക്ക് ഒരു വീട്ടമ്മ എന്ന നിലയിൽ വന്നെത്തിയ എൻെറ മുത്തശ്ശി, ചുമതലകൾ ഏറ്റുവാങ്ങി ജീവിതം തുടങ്ങി. ഭർത്താവിൻെറ ഔദ്യോഗിക ജീവിതത്തിനുതകുന്ന ഒരു കെട്ടിടത്തിലായിരുന്നു താമസം. അത് ഒരു കൂട്ടുകുടുംബം ആയിരുന്നില്ലെങ്കിലും ബന്ധുവർ‌ഗ്ഗത്തിൽപെടുന്ന ധാരാളം ആൺകുട്ടികൾ ഉപരിപഠനത്തിനായി അവിടെ താമസിക്കാൻ എത്തുമായിരുന്നു. പതിനെട്ടു വയസ്സിൽ കുടുംബിനിയായി എത്തിയ ഒരു പെൺ‌കുട്ടിയ്ക്ക് ഈ താമസം തികച്ചും അപരിചിതമായിരുന്നിരിയ്ക്കണം. പക്ഷെ പലേ സമയത്തായി മുത്തശ്ശിയോടൊപ്പം താമസിച്ച് പഠിച്ചവർക്കെല്ലാം ആ വീട്ടമ്മയെ പറ്റി വലിയ മതിപ്പും സ്നേഹവുമായിരുന്നു. ഒപ്പം അവരുടെ സ്വന്തം മൂന്നു കുട്ടികളും കൂടി ചേർന്നപ്പോൾ ആ വീടും മറ്റൊരു കൂട്ടുകുടുംബമായി മാറി. ആണ്ടിലൊരിക്കൽ വടക്കെ മലബാറിലുള്ള സ്വന്തം വാര്യത്തേക്ക് ഒരു മാസത്തേക്ക് മുത്തശ്ശി പോകുമായിരുന്നു. ചിലപ്പോഴൊക്കെ എന്നെയും കൊണ്ടുപോയിട്ടുണ്ട്. ഭർത്താവും, മുത്തശ്ശിയോടൊപ്പം താമസിച്ച് പഠിച്ചു മിടുക്കരായ ചെറുപ്പക്കാരായ ബന്ധുഗൃഹത്തിലെ കുട്ടികളും, മുത്തശ്ശിയുടെ തന്നെ കുട്ടികളും ഒക്കെ പലപ്പോഴായി കൊടുത്തിരുന്ന സമ്മാനവസ്തുക്കളും യാത്രയ്ക്കെന്നപേരിൽ മുത്തശ്ശൻ കൊടുക്കുന്ന പണവും എല്ലാം അവർ സൂക്ഷിച്ച് വച്ച് കണ്ണന്പുഴയിലെത്തുന്പോൾ സ്വന്തക്കാർക്കായി കൊടുത്തു സന്തോഷിപ്പിക്കുക പതിവായിരുന്നു. സ്വന്തം കുടുംബക്കാരും ഭർത്താവിൻെറ ആൾക്കാരും എല്ലം അവരുടെ ബന്ധുക്കൾ തന്നെയായിരുന്നു എങ്കിലും സ്വന്തം തറവാട്ടിലെ ഒരു മാസത്തെ താമസശേഷം മടങ്ങുന്പോൾ ആ വേർപിരിയൽ മുത്തശ്ശിയെ വേദനിപ്പിച്ചിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ മുത്തച്ഛനാകട്ടെ അവസാനനാൾ വരെ, പൊക്കം കുറഞ്ഞ് സുന്ദരിയും മൃദു ഭാഷിണിയുമായ ഈ ഭാര്യയോട് ഏതാണ്ട് ആരാധന കലർന്ന ഒരു സ്നേഹമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവിധത്തിലും അവരെ പ്രീണിപ്പിക്കുന്ന ഒരു രീതി അദ്ദേഹം കൈകൊണ്ടിരുന്നു. വിവാഹ ജീവിതം തുടങ്ങാനായി അവരെ കണ്ണന്പുഴയിൽ നിന്നും കൂട്ടിക്കൊണ്ടു വരുന്പോൾ തന്നെ വാരിയർ സമുദായത്തിൽ നിന്നു തന്നെ ഒരാളെ വെപ്പിനു സഹായിക്കാൻ അദ്ദേഹം കണ്ടെത്തിയിരുന്നു. എന്നാൽ എത്ര കണ്ട് ഈ പരിഗണന മുത്തശ്ശി അദ്ദേഹത്തിന് നൽകിയിരുന്നു എന്ന് എനിക്ക് തീർച്ചയില്ല. മുത്തശ്ശിയ്ക്ക് ആരോടും അതിർകവിഞ്ഞ ഒരു സ്നേഹമോ പ്രത്യേക താൽപര്യമോ ഉള്ളതായി തോന്നിയിട്ടില്ല. അതേ സമയം എല്ലാവരോടും സ്നേഹവും പരിഗണനയും ഉണ്ടായിരുന്നു താനും. മറ്റുള്ളവരുടെ ജീവിതങ്ങളിൽ എവിടെവരെ കടന്നു കയറാമെന്നതിന് അവർ ഒരു ലക്ഷ്മണരേഖ വരച്ചിട്ടുണ്ടായിരുന്നിരിയ്ക്കണം. ഒരു പക്ഷെ ഇത്തരം ചില മര്യാദകളാകാം അന്നത്തെ കൂട്ടുകുടുംബ വ്യവസ്ഥിതിയെ താറുമാറാക്കാതെ സൂക്ഷിച്ചിരുന്നത്. ഒരുപാടാളുകൾ – അതും എല്ലാവരും പലവിധത്തിൽ അന്യോന്യം ബന്ധമുള്ളവർ – ഒരുമിച്ചു കഴിയുന്പോൾ തങ്ങളുടെ സ്വകാര്യത ഓരോരുത്തരും കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ടാകാം. അതിലേക്ക് കടന്നുകയറാതിരിക്കുക എന്നത് അന്നത്തെ സാമാന്യമര്യാദയുടെ ഭാഗവും ആയിരുന്നിരിയ്ക്കാം. വിവാഹബന്ധം നൽകുന്ന സ്വാഭാവികമായ ഒരുമിയ്ക്കലിലേയ്ക്ക് പ്രത്യേക ആശങ്കകളോ വലിയ സ്വപ്നങ്ങളോ ഒന്നും ഇല്ലാതെ നടന്നു കയറിയതുകാരണം ജീവിതത്തിൻെറ പോക്കിൽ ഉരുത്തിരിഞ്ഞ ആഗ്രഹങ്ങൾ സ്വാഭാവികമായിതന്നെ നിറവേറ്റപ്പെട്ടിരിയ്ക്കാം. അതൊരു മൗന അംഗീകാരമായി, തൻെറ പൗരുഷത്തിൻെറ വിജയമായി മുത്തച്ഛനും സ്ത്രീത്വത്തിൻെറയും മാതൃത്വത്തിൻെറയും സാഫല്യമായി മുത്തശ്ശിയും കരുതിയിരുന്നിരിയ്ക്കാം. ഒരു സാഹിത്യകാരൻ എന്ന നിലയിൽ പരിചയപ്പെട്ടിട്ടുള്ള മുത്തച്ഛനെ കാണാൻ അന്നത്തെ കാലത്തെ പ്രമുഖരായ എഴുത്തുകാർ‌, കവയിത്രികളും കഥാകാരികളും അടക്കം വരാറുണ്ടായിരുന്നു. മുത്തശ്ശി അവരെ വേണ്ടവിധം സൽക്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ വർത്തമാനത്തിനൊന്നും മുതിരാതെ വീട്ടമ്മയുടെ ശൈലിയിൽ സ്വീകരിച്ചിരുത്തിയശേഷം മുത്തശ്ശി സ്ഥലം വിടും. സ്വന്തം പരിമിതികൾ മനസ്സിലാക്കാനും അതിലൊതുങ്ങാനും ദന്പതികൾ എന്നനിലയിൽ അവർ കണ്ടെത്തിയ മനഃപ്പൊരുത്തം, ഒരു പക്ഷെ അവർക്ക് വലിയ പ്രതീക്ഷകളും മറ്റുള്ളവരുമായി ഉണ്ടായേക്കാവുന്ന താരതമ്യവും ഒന്നും ഇല്ലാതിരുന്നതുകൊണ്ടാകാം. അത് ഒരു പരിമിതിയും ആയിരുന്നിരിയ്ക്കാം. ജീവിതത്തിനോടുള്ള ഒരു തണുത്ത പ്രതികരണം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഈ പെരുമാറ്റം കൂട്ടുകുടുംബത്തിലെ സ്വസ്ഥതയ്ക്കായി ശീലിച്ചതും, കുടുംബത്തിനകത്തുള്ള ചുമതലകൾക്കപ്പുറം സമൂഹവുമായി ബന്ധപ്പെടേണ്ടി വരാനുള്ള സാധ്യതകൾ ഇല്ലാതിരുന്നതുകൊണ്ടും സ്ത്രീകൾ പരിചയിച്ചതാകാം. അതേ സമയം അവരവരുടെ കഴിവിനനുസരിച്ചും ഇഷ്ടാനുസരണവും ചെയ്യാൻ ധാരാളം പണികൾ അവർക്കുണ്ടായിരുന്നു താനും. ഇന്നത്തെപോലെ എല്ലാ സാങ്കേതിക സൗകര്യങ്ങളുള്ളതും അംഗസംഖ്യ കുറഞ്ഞതുമായ കുടുംബങ്ങളായിരുന്നില്ലല്ലൊ അന്ന്! കൂട്ടത്തിലുള്ളവരുടെ സുസ്ഥിതിയും ഒരാളുടെ സ്വാർത്ഥത എല്ലാവരുടെയും പ്രശ്നമായി മാറാതിരിയ്ക്കുവാൻ അനുസരിക്കേണ്ട അലിഖിത നിയമങ്ങളും സുഖവും ദുഃഖവും ഒരു പരിധിവരെ പരസ്പരം പങ്കിടാനുള്ള സാഹചര്യവും ഇന്നത്തേതിലും കൂടുതൽ അന്നുണ്ടായിരുന്നിരിയ്ക്കണം. വിജയവും തോൽവിയും ഒരു വ്യക്തിയുടെ എന്നതിലധികം ഒര കുടുംബത്തിൻെറ ആയിരുന്നുവല്ലൊ! ഏതായാലും വനിതാ വിമോചനത്തിൽ തുടങ്ങി വനിതാ വിവേചനത്തിലെത്തി നിൽക്കുന്ന ഇന്നത്തെ സ്ത്രീപക്ഷ ചിന്തകൾക്കപ്പുറം കടന്ന് സമുദായവും സമൂഹവും പറഞ്ഞു വച്ചിട്ടുള്ള നിയമങ്ങൾ മനുഷ്യജീവിതം മുന്നോട്ടുകൊണ്ടുപാകാനായി ഉദ്ദേശിച്ചിട്ടുള്ളവയാണെന്നും അതുകൊണ്ടുതന്നെ അത് കഴിയുന്നതും പാലിക്കണമെന്നും മുത്തശ്ശിയോടൊപ്പം എല്ലാവർക്കും ഒരു അവഗാഹമുണ്ടായിരുന്നിരിയ്ക്കാം. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങളോടുള്ള സ്നേഹത്തിൻെറ ഏറ്റക്കുറച്ചിലുകൾ അളന്നുനോക്കാനോ അതെന്തുകൊണ്ട് എന്ന് ആരായാനോ അതിൽ അസൂയപ്പെടാനോ ഒന്നും ആരും മിനക്കെട്ടിരുന്നുമില്ല.
എൻെറ മുത്തച്ഛൻ മരിക്കുന്നതിനുമുൻപു തന്നെ മുത്തശ്ശിയുടെ കണ്ണന്പുഴ വാര്യം ഭാഗം വച്ചു കഴിഞ്ഞിരുന്നു. കൂട്ടുകുടുംബങ്ങളുടെ കാലം തീർന്നു വരുകയായിരുന്നല്ലൊ! മുത്തശ്ശിയ്ക്ക് തറവാട്പുരയിൽ ഒരവകാശവും കുറേ നിലവും പുരയിടവും ഒക്കെ ലഭിച്ചു. അത് മുത്തച്ഛൻ എന്തു ചെയ്തു എന്നൊന്നും അവർ‌ അന്വേഷിച്ചതേയില്ല. അദ്ദേഹമാകട്ടെ രണ്ടുപേർക്കും അവരവരുടെ കുടുംബത്തിൽ നിന്ന് ലഭിച്ചതും അദ്ദേഹം സ്വയം ഉണ്ടാക്കിയതും മൂന്നു കുട്ടികൾക്കുമായി വീതിച്ചു വയ്ക്കുകയും ചെയ്തു. മാതാപിതാക്കളുടെ മരണശേഷം മാത്രമേ അവർ അത് സ്വന്തമാക്കിയുള്ളു. മുത്തശ്ശിയെ കുറിച്ചുള്ള എൻെറ ഓർമ്മകൾ കേട്ടിട്ട്, ഇംഗ്ലീഷുകാരിയായ ഒരു സുഹൃത്ത് ‘ആർലി’ പറയുമായിരുന്നു, “അ‌‌‌വർ” ഒരിയ്ക്കലും അവരുടെ ജനിച്ചു വളരുന്ന കൂട്ടുകുടുംബത്തിൽ നിന്ന് മാനസികമായി വേർപെട്ടിട്ടുണ്ടാവുകയില്ല! ഒരു ജീവനുള്ള സ്വപ്നമായി അത് എന്നും ഉണ്ടായിരുന്നിരിയ്ക്ക്ണം, എന്ന്. സ്വന്തം കുടുംബവും ഭർത്താവിൻെറ കുടുംബവും എന്ന വ്യത്യാസം അവർക്കില്ലായിരുന്നു എന്ന് എല്ലാവരും പറയുമായിരുന്നു. എന്തായാലും ആ മനോഭാവം ജന്മനാ അവർക്ക് ലഭിച്ച ഒരു സിദ്ധിയായിരുന്നിരിയ്ക്കണം. ഇന്നത്തെ സ്ത്രീയ്ക്ക് അനായാസം ലഭിക്കുന്ന പലതും അവർക്കുണ്ടായിരുന്നിരിയ്ക്കയില്ല. പക്ഷെ നമുക്ക് ഇന്ന് പ്രതീക്ഷിക്കാനാവാത്ത എന്തൊക്കെയോ അവർക്കുണ്ടായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അവ കാലാതീതവുമായിരുന്നിരിയ്ക്കാം. അതാണല്ലൊ ഈ ഓർമ്മക്കുറിപ്പിൻെറ പ്രസക്തി!