പറയാനും വയ്യ, പറയാതെയും വയ്യ
എന്നാലത് ഇവിടെ കുറിക്കാം
അതല്ലേ നല്ലത്.
ആരെയും വേദനിപ്പിക്കാനല്ല
ആരെയും ആനന്ദിപ്പിക്കാനുമല്ല
ഇന്നത്തെ എൻറെ യാഥാർഥ്യമെന്തായിരുന്നു ; അത് കുറിക്കുന്നു . അത് മാത്രം.
പ്രണയമെന്നത് നാമറിയുന്നില്ല. പ്രായത്തെ ശരീരം ഓർമ്മപ്പെടുത്തുമ്പോൾ നാം ഖേദത്തോടെ ചായം , കറുത്ത ചായം, വാങ്ങി പൂശുന്നു. പ്രായത്തിൻറെ ഓർമ്മപ്പെടുത്തലുകളെ നാം മായ്ച്ചുകളയാൻ ശ്രമിക്കുന്നു.
ഇന്ന് ഞാനെൻറെ മകളെ കാണാൻ എറണാകുളത്ത് പോയിരുന്നു. രാവിലെ ആറുമണിക്ക് ഇതുവഴിയൊരു ആനവണ്ടിയുണ്ട് . കെ എസ് ആർ ടി സി ബസുകളെ ആനവണ്ടി എന്നാണ് പറയുക . ബേസിൽ സതീഷ് ഉണ്ടായിരുന്നു. സതീഷ് ആനവണ്ടിയിൽ കണ്ടക്ടറാണ്. രാവിലെ ഈ ബസിലാണ് ഡ്യൂട്ടിക്ക് പോകുക. കുറെ വിദ്യാർത്ഥികളും ഉണ്ട്. പിന്നെ എന്തൊക്കെയോ ആവശ്യങ്ങൾക്ക് എവിടെയൊക്കെയോ പോകുന്ന ആളുകളും.
ചെങ്ങന്നൂർ ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. ഏഴു നാൽപ്പതായി വേണാട് വന്നപ്പോൾ . ഭാഗ്യത്തിന് ഇരിക്കാൻ സീറ്റ് ലഭിച്ചു. ട്രെയിൻ ടിക്കറ്റ് മുപ്പത് രൂപ. പത്തരയായി എറണാകുളത്ത് എത്തിയപ്പോൾ. ഓട്ടോസ്റ്റാൻഡിലെ പോലീസ് എയിഡ് പോസ്റ്റിൽ ഒരു രൂപ കൊടുത്ത് ഓട്ടോയിൽ കയറി. അൽപ്പം കൂടി മുന്നോട്ടു പോകണമെന്ന് പറഞ്ഞപ്പോൾ അതിനു വേറെ ചാർജ് വേണമെന്ന് ഓട്ടോ ഡ്രൈവർ. തിരികെ അതിൽത്തന്നെ വരുന്നതിനു പിന്നെയും പണം നൽകണമെന്ന് ഓട്ടോഡ്രൈവർ. കച്ചേരിപ്പടിയിൽ ഇറങ്ങിയപ്പോൾ നാൽപ്പത് രൂപയെന്ന് ഓട്ടോ ഡ്രൈവർ. അമ്പത് രൂപയുടെ നോട്ട് കൊടുത്തപ്പോൾ വളിച്ച ചിരി തിരികെ തന്ന് പത്തുരൂപ ബാക്കിതരാതെ ഓട്ടോ ഡ്രൈവർ.
ഹോസ്റ്റലിൽ ചെന്ന് മകളെയും കൂട്ടി മകൾ പഠിക്കുന്ന സ്ഥാപനത്തിലെത്തി. സ്ഥാപനത്തിലേക്ക് കയറുമ്പോൾ മകൾക്ക് ഭയം , ഞാനെന്താ പറയാൻ പോകുന്നതെന്ന്. മകൾക്ക് സുഖമില്ലാതിരുന്നതിനാലാണ് , ഡോക്ടർ പൂർണ്ണ വിശ്രമം നിർദേശിച്ചതിനാലാണ് രണ്ടാഴ്ച സ്ഥാപനത്തിൽ ചെല്ലാതിരുന്നതെന്ന് പറഞ്ഞു. അവിടെയിരുന്നു പെൺകുട്ടി യാന്ത്രികമായ ചിരിയോടെ കേട്ടിരുന്നു. ” സാരമില്ല ” ആ പെൺകുട്ടി പറഞ്ഞു. പഠിപ്പിക്കുന്ന മിസ്സിനെ കാണാൻ താൽപ്പര്യപ്പെട്ടപ്പോൾ പെൺകുട്ടിയുടെ മുഖം വിളറി. കാണാൻ കഴിയില്ലെന്ന് , ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണെന്ന് ആ പെൺകുട്ടി പറഞ്ഞു. എന്തുകൊണ്ടാണ് പഠിപ്പിക്കുന്ന മിസിനെ കാണാൻ അനുവദിക്കാതിരുന്നതെന്നു മനസിലാകുന്നില്ല.
അവിടെ നിന്നിറങ്ങി ബസിൽ കയറി . ഞാൻ റെയിൽവേ സ്റ്റേഷന് അടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി . മകൾ ഹോസ്റ്റലിലേക്ക് പോയി.
റെയിൽവേ സ്റ്റേഷനിൽ ചെന്നപ്പോൾ എസ് യൂ സി ഐ ക്കാരുടെ സംഭാവന പിരിവ്. വെളുത്ത വസ്ത്രം ധരിച്ച ഒരു പെൺകുട്ടി ഓടിവന്നു പിരിവു ചോദിച്ചു. ട്രെയിൻ ടിക്കറ്റിനുള്ള പണമേ കൈയ്യിലുണ്ടായിരുന്നുള്ളു. ഇപ്പോൾ പൈസയില്ലെന്നു പറഞ്ഞു. കൗണ്ടറിൽ ചെന്ന് സെക്കൻഡ് ക്ലാസ് ടിക്കറ്റെടുത്തു. പന്ത്രണ്ടരയുടെ കോർബ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റ് നാൽപ്പത് രൂപ. ബാക്കി മുപ്പത് രൂപ. പത്തുരൂപ ചെങ്ങന്നൂരിൽ നിന്നും വീട് വരെ ബസ് ടിക്കറ്റ്. ബാക്കി ഇരുപത് രൂപ.
പന്ത്രണ്ടരയുടെ കോര്ബ വന്നപ്പോൾ പന്ത്രണ്ട് നാൽപ്പത്. സെക്കൻഡ് ക്ലാസ്സിൽ ചെന്നുകയറി. ലോറിയിൽ കാലിക്കൂട്ടത്തെ ഞെക്കിഞെരുക്കി കൊണ്ടുപോകുന്നത് കണ്ടിട്ടില്ലേ? അതേ അവസ്ഥ. ഒരു സീറ്റിൽ ഞാൻ പുറം ചാരി നിന്നു . കുറെ നേരം നിന്നു കഴിഞ്ഞപ്പോൾ അതിയായ ദാഹം അനുഭവപ്പെട്ടു. ഇത്തിരി വെള്ളം ആരോട് ചോദിക്കാനാണ് ? എനിക്ക് കാഴ്ച മങ്ങുന്നത് അനുഭവപ്പെട്ടു. മയങ്ങിവീണില്ല. കാഴ്ച മങ്ങുന്നു. വീണില്ല. അവസാനം വീണത് ഞാനറിഞ്ഞില്ല. ബോധത്തിലേക്ക് വരുമ്പോൾ എന്നെയൊരാൾ എഴുന്നേൽക്കാൻ സഹായിക്കുകയായിരുന്നു. നിലത്ത് വീണുപോയെന്നും ഞാൻ നിലത്ത് വീണുകിടക്കുകയാണെന്നും അപ്പോൾ മാത്രമാണ് ഞാനറിയുന്നത്. ചാടിവീണും ഇടിച്ചു തെറിപ്പിച്ചും തള്ളിമാറ്റിയും ആയാസപ്പെട്ട് നേടിയ അയാളുടെ ഇരിപ്പിടം അയാളെനിക്കിരിക്കാൻ ഒഴിഞ്ഞു തന്നു. ആരോ ഒരാൾ – – പിന്നീടറിഞ്ഞു അതൊരു പെൺകുട്ടിയായിരുന്നെന്ന് — വെള്ളം കുടിക്കാൻ തന്നു. ഇതിനിടയിൽ ആരോ പൊട്ടിക്കാത്ത ഒരു പാക്കറ്റ് ബിസ്കറ്റ് തന്നു. അതിൻറെ കവർ തുറക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നെ പിടിച്ചെഴുന്നേല്പിച്ച് സ്വന്തം സീറ്റിലിരുത്തിയ ആൾ എനിക്കത് പൊട്ടിച്ചു തന്നു. ഞാനതിൽ നിന്നും നാല് ബിസ്‌ക്കറ്റെടുത്ത് രണ്ടെണ്ണം കഴിച്ചു . അപ്പോൾ വരുന്നു രണ്ടു പഴം. ഞാനത് കഴിച്ചു. അപ്പോൾ വീണ്ടും രണ്ടു പഴം. ഞാൻ പറഞ്ഞു ഇനി വേണ്ടെന്ന് . തന്ന പഴം കൂടി കഴിച്ചു. ബാക്കിയിരുന്ന രണ്ടു ബിസ്കറ്റും കഴിച്ചു. കുപ്പിയിലുണ്ടായിരുന്ന ബാക്കി വെള്ളം മുഴുവനും കുടിച്ചു. ഇതിനിടയിൽ അവർ എൻറെ നാഡിമിടിപ്പ് നോക്കി. എന്തെങ്കിലും അസ്വസ്ഥത തോന്നുണ്ടോയെന്നന്വേഷിച്ചു. ഏതെങ്കിലും ഗുളിക കഴിക്കുന്നുണ്ടോയെന്നന്വേഷിച്ചു. ചെങ്ങന്നൂരിൽ ഇറങ്ങുമ്പോൾ അവിടെ ഇറങ്ങുന്നവരോട് ഇറങ്ങാൻ സഹായിക്കണമെന്ന് പറയണമെന്ന് പറഞ്ഞു. അവിടെ നിന്നും മെഡിക്കൽ സഹായം തേടണമെന്നും വീട്ടിൽ വിളിച്ചറിയിക്കണമെന്നും പറഞ്ഞു.
ആരോഗ്യമുള്ളപ്പോൾ നാം സ്വയം മറന്നുപോകുന്നു. ആരോഗ്യം നഷ്ടമാകുമ്പോൾ നാം കരുതുമ്പോലെ ബന്ധുക്കളോ , സുഹൃത്തുക്കളോ അടുത്തുണ്ടാവണമെന്നില്ല. ആരോ , ആരെങ്കിലും , നമ്മെ സഹായിക്കും. നാം ആവശ്യപ്പെടാതെ. നല്ലവരായ സമരിയാക്കാർ നമ്മുടെ സമൂഹത്തിൽ ഇന്നും ജീവിച്ചിരിക്കുന്നു
എറണാകുളത്ത് ഏ ടി എമ്മിൽ ആയിരം രൂപയെടുക്കാൻ കാർഡിട്ടു. പൈസ വന്നില്ല. വന്നിരുന്നെങ്കിൽ നൂറ്റെഴുപത് മുടക്കി സ്ലീപ്പർ ടിക്കറ്റെടുത്ത് സുഖയാത്ര ചെയ്യാമായിരുന്നു. യാതക്ക് മുൻപ് ഭക്ഷണം കഴിക്കാമായിരുന്നു.