03-10-2015

അന്നേ നാൾ ഉറക്കമൊഴിഞ്ഞതും കൈ നേരേ ഫോണിലേക്ക് നീണ്ടു. “അളിയാ റെജി, ഞാൻ 9:30 ക്ക് CMS -ഇൽ കാണും”.
ചെങ്ങന്നൂർക്കാരൻ റെജി കോട്ടയം CMS കോളേജിൽ എന്റെ ഡിഗ്രി ക്ലാസ്മേറ്റ് ആയിരുന്നു.. ഇപ്പൊ ഗൾഫിൽ ആണ്.. ഒരു മാസം ഒഴിവു കിട്ടിയപ്പോൾ “ഒന്ന് കൂടണം” എന്ന് നേരെത്തെ പറഞ്ഞിട്ടുള്ളതാണ്.. മറ്റൊരു ക്ലാസ് മേറ്റ് അജിത്തും ബാംഗ്ലൂർ നിന്ന് അവധി എടുത്തു വന്നിട്ടുണ്ട്.
വീട്ടില് നിന്ന് കരിയിലകൾ പുതച്ച വഴിയിലൂടെ കുന്നിൻ മുകളിലെത്തി. മറു ചെരുവിൽ എന്റെ ആദ്യ വിദ്യാലയം – ഗവെന്മെന്റ് L .P . സ്കൂൾ ളാക്കാട്ടൂർ. പായൽ പിടിച്ച ചെരിവിലൂടെ നടന്നു ടാർ റോഡിൽ ഇറങ്ങി. മുമ്പോട്ട് നടന്നു ളാക്കാട്ടൂർ കവലയിൽ എത്തി. സമയം 8:20. കോട്ടയം ബസ് വന്നു. അരീപ്പറമ്പ്, ഒറവക്കൽ, മണർകാട് പള്ളി, കഞ്ഞിക്കുഴി, കോട്ടയം…!!!
സമയം 9:30. റെജിയെ വിളിച്ചു. അവന്റെ ട്രെയിൻ ചങ്ങനാശ്ശേരിയിൽ എത്തി എന്ന് പറഞ്ഞു.. ഞാൻ ബേക്കർ ജംഗ്ഷനിൽ നിന്ന് പതുക്കെ നടന്നു. സ്റ്റേഷനിൽ എതതി.
സ്റ്റേഷനിൽ വെച്ചു കണ്ട മാത്രയിൽ റെജി കെട്ടിപ്പിടിച്ചു. ഒറ്റ ചോദ്യം “അളിയാ എന്നാ ഒരു മാറ്റം” ഞാൻ കണ്ണട എടുത്തു വെച്ചു. “നീയാ —–(എന്റെ ഇരട്ടപ്പേര്) തന്നെ”.
അപ്പോഴേക്കും ഞങ്ങളുടെ അജിത് “മൊതലാളി” കാറുമായി എത്തി. നേരെ CMS ലേക്ക്…
CMS – കോളേജ് .. ഞങ്ങളുടെ സൌഹൃദവും പിണക്കങ്ങളും (നഷ്ട)പ്രണയങ്ങളും വായനോട്ടവും രാഷ്ട്രീയവും ഒക്കെ കണ്ട കോളേജ്. ഞാനും റെജിയും കടുത്ത KSU പ്രവർത്തകർ ആയിരുന്നെങ്കിൽ അജിത് SFIക്കാരൻ ആയിരുന്നു.. ഞങ്ങളുടെ രാഷ്ട്രീയ ചർച്ചകൾ “താത്വികത്തിൽ” തുടങ്ങി തെറി വിളിയിലും തന്തക്കു വിളിയിലും തീരുന്നതായിരുന്നു…
ഗേറ്റ് കടന്നു… ഗ്രേറ്റ് ഹാളിനു മുന്നിലൂടെ.. മെയിൻ കാമ്പസിലെ കാറ്റാടി മരങ്ങള്ക്കിടയിലൂടെ .. പ്രണയം മണക്കുന്ന ലവേര്സ് പാത്തിലൂടെ… ബോട്ടണി ഡിപ്പാർട്ട്മെന്റിൽ എത്തി… അതിന്റെ മുകൾ നിലകളിലാണ് ഞങ്ങൾ പഠിച്ച ബോട്ടണി & ബയോ ടെക്നോളജി ഡിപ്പാർട്ട്മെന്റ്.

ശനിയാഴ്ച ആയിരുന്നെങ്കിലും അവിടെ ഉണ്ടായിരുന്ന ബോട്ടണിയിലെ അധ്യാപിക ഞങ്ങളെ തിരിച്ചറിഞ്ഞു. അവരുടെ സന്തോഷം ഞങ്ങൾ കണ്ണുകളിൽ കണ്ടു.. പല രസകരമായ ചരിത്രങ്ങളും പറഞ്ഞു ചിരിക്കുന്നതിനിടെ അവർ പറഞ്ഞ ഒരു വാക്യം എന്റെ മനസ്സില് തട്ടി..
“പിള്ളേരുടെ കൊച്ചു കുസൃതികളാണ് ഞങ്ങളുടെ സന്തോഷം”… പുറമേ നമ്മെ ശാസിക്കുന്നുന്ടെങ്കിലും അവർ അതൊക്കെ ആസ്വദിക്കുന്നുണ്ട്…!
ഞങ്ങൾ ഡിപ്പാർട്ട് മെന്റിൽ കയറി.. ആദ്യം പോയത് ഞങ്ങൾ ഏറ്റവും “അർമാദിച്ച “ 2nd വർഷ ക്ലാസിലേക്ക്.. 6 വർഷം അലിഞ്ഞു ഇല്ലാതായി.. ഒരു “ക്ലീഷേ” പോലെ മഴയും തുടങ്ങി.. ആകെ നൊസ്റ്റാൽജിയ.. ക്ലാസിന്റെ ജനലിലൂടെ മഴയത്ത് തിളങ്ങി നില്ക്കുന്ന ലവേർസ് പാത്തിലെ മരങ്ങളെയും തെന്നി നീങ്ങുന്ന കറുത്ത കുടകളെയും കണ്ടപ്പോൾ എന്തോ ചങ്കിൽ കൊളുത്തി വലിക്കുന്ന അനുഭവം ..
പലപ്പോഴും വികാരത്തള്ളിച്ച വിങ്ങിപ്പൊട്ടൽ ആകാതെ അടക്കി നിർത്തി.. ഞാൻ പല തവണ ജനലിന്റെ അടുത്തേക്ക് പോയി തിരിച്ചു വന്നു ..എന്റെ കൂടെ ഉള്ളവരും വേഗത്തിൽ ഇമ ചിമ്മുന്നത് ഞാൻ ശ്രദ്ധിച്ചു.. എല്ലാവരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. പക്ഷെ “സ്യൂഡോ -ഈഗോ” അതിനെ മറച്ചു വെക്കാൻ വെമ്പൽ കൊണ്ടു. പക്ഷേ ക്യാമറ കള്ളം പറയില്ലല്ലോ.. ഫ്ലാഷ് ലൈറ്റിൽ മൂവരുടെയും കണ്ണുകൾ തിളങ്ങി…

പണ്ട് ക്ലാസ്സിലെ ഡെസ്കിൽ എഴുതിയും കൊത്തിയുമൊക്കെ വെച്ചത് കണ്ടെത്താൻ ഒരു ശ്രമം… അതത്ര എളുപ്പമല്ല…എത്രയോ ബാച്ച് കുമാരന്മാർ കോറിയിട്ടിരിക്കുന്ന സ്വന്തം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും രാഷ്ട്രീയത്തിന്റെയുമൊക്കെ മുദ്രകൾ അതിൽ മായാതെ കിടക്കുന്നു… മനസ്സില് നിന്ന് അതൊക്കെ മായിക്കുന്നതിനേക്കാൾ വിഷമമാണ് ഡെസ്കിൽ നിന്നും മായിക്കാൻ…!
അവസാനം ഞങ്ങൾ അത് കണ്ടുപിടിച്ചു.. 3- ആം വർഷ ക്ലാസിന്റെ മേൽക്കൂരയിൽ എഴുതിവച്ചിരിക്കുന്ന “വഴക്കാളി ടീം ” (ഞങ്ങൾ ക്ലാസ്സിൽ ആകെ ഉണ്ടായിരുന്ന 6 ആണ്കുട്ടികളുടെ ഗ്യാങ്ങിന്റെ പേര്!) അംഗങ്ങളുടെ പേരുകൾ..ആരോ അത് വെള്ള പൂശി മറയ്ക്കാൻ ശ്രമിച്ചിട്ടുന്ടെങ്കിലും അതിനെ അതിജീവിച്ചു തെളിഞ്ഞു നില്ക്കുന്നു… (ഒരു പക്ഷെ എഴുതിയ കഷ്ടപ്പാട് മനസ്സിലാക്കി ആ പെയ്ന്റർ ഞങ്ങളോട് കരുണ കാട്ടിയതുമാവാം..! )
ഞങ്ങൾ ഡിപ്പാർട്ടുമെന്റിൽനിന്നു ഇറങ്ങി..അപ്പോഴേക്കും മഴ നേർത്തു …ലവെർസ്പാത്തും മെയിൻ ക്യാമ്പസും കടന്നു ഞങ്ങൾ പുറത്തെത്തി ..
ഇനി എങ്ങോട്ട്…? ഞങ്ങൾ ‘900 ചിറയിലേക്ക് ‘ തിരിച്ചു… അത് ഒരു പാടശേഖരം ആണ്… കണ്ണെ ത്താ ദൂരം കാറ്റിൽ അലതല്ലുന്ന പച്ചക്കടൽ … അതിലൂടെ ഒരു പായ്ക്കപ്പൽ പോലെ ഞങ്ങളുടെ വണ്ടി ”കള്ള് ” എന്ന് ബോർഡ് ഉള്ള ഒരു ദ്വീപിൽ എത്തി… കരയിലും ജലത്തിലും ജീവിക്കുന്ന കുറെയേറെ ജീവജാലങ്ങൾ ഞങ്ങളുടെ മേശയിൽ യോഗം കൂടി.. 1 മണിക്കൂർ മുൻപ് കണ്ണിൽ തുളുമ്പിയ ഞങ്ങളുടെ ശരീരത്തിലെ ജലം ഇക്കുറി വായിലാണ് അലയടിച്ച ത് …
4 മണിയായപ്പോൾ ഞങ്ങൾ അവിടെ നിന്നിറങ്ങി…റെജിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ടു ..തുടർന്നു എന്നെ ഒറവക്കൽ കവലയിൽ ഇറക്കി അജിത് വീട്ടിലേക്കു പോയി.. അവിടെ ബസ് കാത്തു നിൽക്കുമ്പോൾ അന്ന് അവർ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സില് ഓളം വെട്ടി … വെറും ക്ലീഷേ ഡായലോഗ് …!
“അളിയാ ..അന്നായിരുന്നു ശരിക്കും സന്തോഷം എന്നതു അനുഭവിച്ചത് ”
കാലം നമ്മെ അന്നത്തേതിൽ നിന്ന് എപ്രകാരമാണ് മാറ്റിക്കളഞ്ഞത്? നാം ഒന്ന് ഹൃദയം തുറന്നു ചിരിച്ചിട്ട് എത്ര നാളായി? വിശ്വാസത്തോടെ സുഹൃത്തിന്റെ തോളിൽ ഒന്ന് കൈ ഇട്ടിട്ടു, ഒന്ന് കെട്ടിപ്പിടിച്ചിട്ട് എത്ര നാളായി? മനസ്സ് തുറന്നു ഒന്ന് “തെറി” വിളിച്ചിട്ട് എത്ര നാളായി? (അതേ …ഞങ്ങള് കോട്ടയം കാര് സ്നേഹം കൂടിയാലും തെറി വിളിക്കും കേട്ടോ..) മുഖം മൂടി ഇല്ലാതെ ഒന്ന് ധാർമിക രോഷം കൊണ്ടിട്ടു എത്ര നാളായി?
അതെ.. “പ്രഫഷനലിസവും ” “കപട പക്വതയും ” ഒരു ആരാച്ചാര് കണക്കെ നമ്മുടെ മുഖത്തു കറുത്ത മൂടുപടം ധരിപ്പിച്ചിരിക്കുന്നു.. നമ്മുടെ പുഞ്ചിരിയുടെ “സൈസ്” നിയന്ത്രിക്കുന്നത് പോലും മറ്റാരോ ആണ്…!
വണ്ടി ളാക്കാട്ടൂർ കവലയിൽ എത്തി.. അരണ്ട വെളിച്ചത്തിൽ റബ്ബർ തോട്ടത്തിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ ഞാൻ വീട്ടിലേയ്ക്ക് നടന്നു… അപ്പോഴും പണ്ട് കോളേജ് വിട്ടു വീട്ടിലേക്കു വരുന്ന അതേ മനസ്സ് ആയിരുന്നു എനിക്ക്…

മുൻപോട്ടു നീങ്ങുമ്പോഴും പിറകോട്ടു ചിറകടിക്കുന്ന പക്ഷി ആണ് മനസ്സ്…!